‘ഭാരതം ലോകത്തിന് നല്കിയ സംഭാവനകള്‍ നമ്മുടെ കരുത്ത്, അറിവുകള്‍ എന്തൊക്കെ – വേദം, ഗണിതം, ജ്യോതിശാസ്ത്രം,ആയുര്‍വ്വേദം, യോഗാസൂത്രം, സിദ്ധൗഷധങ്ങള്‍, വാസ്തു..അവ വിസ്തരിക്കുക എളുപ്പമല്ല. ഈ ജ്ഞാന ശാഖകളെ തപസ്സിലൂടെ കണ്ടെത്തിയത് മഹര്ഷിമാരാണ്. അവര്‍ പകര്‍ന്ന അറിവുകള്‍ വിറ്റ് ഇന്ന് നാം കാശുണ്ടാക്കുന്നു. എന്നാല്‍ അറിവ് നല്കിയ ഗുരുക്കന്മാരെ നാം മറന്നു. ഈ ഗുരുനിന്ദയ്ക്കുള്ള എളിയ പ്രായശ്ചിത്തമാണ് മഹര്ഷീശ്വരന്മാരുടെ ഈ പ്രതിഷ്ഠകളും ആശ്രമവും’.
‘ഈശ്വരന്റെ ഭാവവും രൂപവും, മന്ത്രവും, അനുഷ്ഠാനവും എല്ലാം നമുക്ക് പറഞ്ഞു തന്നത് മഹര്ഷിമാരാണ്. അവരെ സ്മരിക്കാതെ നമുക്ക് എങ്ങനെ ഈശ്വരനെ സ്മരിക്കാനാവും.’ ഒരു ദീപത്തില്‍ നിന്ന് മറ്റ് ദീപങ്ങള്‍ പകരുന്നത് പോലെ, മഹര്ഷിമാര്ക്കുള്ള ഈ ആശ്രമത്തില്‍ നിന്ന് അനേകം ആശ്രമങ്ങള്‍ ഉയരും.’ തൃപ്പൂണിത്തുറ അഗസ്ത്യാശ്രമത്തെക്കുറിച്ച് സ്ഥാപകാചാര്യനായ സുധീര്‍ വൈദ്യര്, ഇവിടെ എന്തിന് മഹര്‍ഷിമാരുടെ പ്രതിഷ്ഠകള്‍ നടത്തുന്നു എന്ന് ചോദിച്ചപ്പോള്‍ നല്കിയ മറുപടിയാണിത്.
ആരാണ് സുധീര്‍ വൈദ്യര്? ഒറ്റമുണ്ട് മാത്രം ഉടുത്ത്, സദാസമയവും സിഗററ്റ് വലിച്ചുകൊണ്ടിരുന്ന ഒരു വൃദ്ധന്. മഹാ വൈദ്യനെന്ന് ചിലര്‍ പറഞ്ഞു. കടംമേടിച്ച് അമ്പലം പണിയുന്നവന്, ദാനം കൊടുക്കുന്നവന് എന്നൊക്കെ ചിലര്‍ പരിഹസിച്ചു. ചിലപ്പോള്‍ നാവില്‍ നിന്ന് മഹത് വചനങ്ങള്‍ ഒഴുകി വരും. അതേ നാവില്‍ നിന്ന് ചീത്ത വിളികളും. കൊടുക്കുന്ന ഒന്നിനും കണക്കില്ല. തന്റെ മുന്നിലെത്തുന്നവരെ പദവി നോക്കാതെ പരിഗണിക്കുന്നവന്. അദ്ദേഹം വൈദ്യനോ, അവധൂതനോ, ഭ്രാന്തനോ.
12 ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹം നാമം ജപിക്കുന്നത് ആരും കണ്ടിട്ടില്ല. എന്നാല്‍ നിലവിളക്കില്‍ നിന്നുവരെ സിഗററ്റ് കത്തിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് കാണുമ്പോള്‍, നമ്മുടെ ഉള്ളിലെ അമ്പരപ്പ് മനസ്സിലാക്കി അദ്ദേഹം ചിരിച്ചുകൊണ്ട് പറയും ‘വിളക്കിലും ശ്മശാനത്തിലും അടുപ്പിലും ജ്വലിക്കുന്നത് ഒരേ അഗ്നി. അത് ഒന്നു മാത്രം. അതിനെ തരംതിരിയ്ക്കുന്നത് നിന്റെ മനസ്സ്’.ഇത് ഭ്രാന്തന്റെ ജല്പനങ്ങളോ, ദിവ്യപുരുഷന്റെ മഹത്വചനങ്ങളോ?
സമൂഹത്തിന്റെ ദൃഷ്ടിയില് ഒട്ടും ശരിയല്ലാത്ത വഴിയില്‍ നടന്നവനാണ് ഞാന്‍. വിദേശത്ത് നിന്ന് ആടംഭര കാറുകള്‍ ഇറക്കുമതി ചെയ്ത് വില്പന നടത്തുകയായിരുന്നു തൊഴില്‍. താമസം പലപ്പോഴും സ്വദേശത്തേയും വിദേശത്തേയും നക്ഷത്ര ഹോട്ടലുകളില്‍. ഭൗതിക സുഖങ്ങളുടെ പിന്നാലെ പരക്കം പാഞ്ഞു. അതിന് പണം കണ്ടെത്താന്‍ ഏതുവഴിയും സ്വീകരിക്കുന്ന മനസ്സ്. ഈ പരക്കം പാച്ചിലിനിടയിലാണ് ഒരു കാറപകടത്തില്‍ പെട്ടത്. ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് മരിച്ചു. അഞ്ച് നിമിഷം മുമ്പ് ഞാന്‍ ഇരുന്ന സീറ്റില്‍ ഇരുന്ന സീറ്റില്‍ മാറി വന്നിരുന്ന സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. എന്റെ പേരുകാരന്. എന്റെ വലത് തോളെല്ല് തകര്‍ന്നു. മുട്ടിന് മുകളിലുള്ള എല്ല് അഞ്ച് കഷ്ണങ്ങളായി.
നേടിയതൊക്കെ അപ്പപ്പോള്‍ ധൂര്‍ത്തടിച്ചതിനാല്‍ ചികിത്സ നടത്താന്‍ കയ്യില്‍ അഞ്ച് പൈസയുണ്ടായിരുന്നില്ല. വെല്ലൂര്‍ ആശുപത്രിയില്‍ വരെ ചികിത്സ തേടിപ്പോയി. ശസ്ത്രക്രിയയ്ക്ക് മൂന്ന് ലക്ഷം രൂപ ചെലവ് വരുമെന്നും എന്നാല്‍ കൈ ഉയര്‍ത്തുന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ വീട്ടിലേക്ക് മടങ്ങി.
ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും തകര്‍ന്ന്, ചലനമറ്റ വലതു കയ്യുമായി കഴിയുമ്പോഴാണ് വാഗമണ്‍ ആശ്രമത്തിന്റെ ഇപ്പോഴത്തെ സെക്രട്ടറിയും എന്റെ സുഹൃത്തുമായ ബാലന് വീട്ടില്‍ വന്ന് പാണാവള്ളിയിലെ ‘അത്ഭുത’ വൈദ്യനെക്കുറിച്ച് പറഞ്ഞത്. ഉടന്‍ തന്നെ ഞങ്ങള്‍ രണ്ടു പേരും അന്ന് വൈദ്യന് താമസിച്ചിരുന്ന എരമല്ലൂരിലെ ‘മാറ്റ് ഇന്ത്യ’യിലേക്ക് പോയി.
‘മാറ്റ് ഇന്ത്യ’യിലെത്തി വൈദ്യനെ തിരക്കി നടക്കുമ്പോള്‍ ഒരു മുറിയില്‍ നിന്ന് പുകച്ചുരുള്‍ ഉയരുന്നത് കണ്ടു. അവിടേക്ക് ചെന്നപ്പോള്‍ സിഗററ്റ് വലിച്ചിരിക്കുന്ന ഒരു വല്യപ്പനെയാണ് കണ്ടത്. ‘എന്താ’ എന്നദ്ദേഹം ചോദിച്ചു. ‘വൈദ്യരെ കാണാന്‍ വന്നതാ’.’ഞാന്‍ തന്നെ വൈദ്യന്’ എന്ന് മറുപടി. തോളില്‍ തോര്‍ത്തിട്ട്, ഒറ്റമുണ്ടുടുത്ത് മുന്നില്‍ കട്ടന്‍ കാപ്പിയും കയ്യില്‍ സിഗററ്റുമായിരിക്കുന്ന കുറ്റിത്താടിയുള്ള വൃദ്ധനെ വൈദ്യനായി കരുതാന്‍ മനസ്സ് വിസമ്മതിച്ചു. എങ്കിലും ‘ചാരങ്ങാട്ടെ ദേവന് പറഞ്ഞു വിട്ടതാ’ എന്ന് ഞാന്‍ പറഞ്ഞു. ‘ദേവന് എന്റെ തന്തയല്ല ‘ എന്നായിരുന്നു മറുപടി. ചികിത്സ ഇല്ല എന്ന് പറഞ്ഞ് മുറിയില്‍ നിന്ന് ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചു.
പല ആശുപത്രികളിലും പോയി എല്ലാ ഇംഗ്ലീഷ് ചികിത്സയും നോക്കി. ഫലമുണ്ടായില്ല. ഒടുവില്‍ എന്നെ ഉപേക്ഷിക്കരുതെന്ന് വൈദ്യനോട് പറഞ്ഞു. എന്റെ ദയനീയമായ അപേക്ഷ കേട്ടപ്പോള്‍ 45 ദിവസം കൊണ്ട് കൈപൊക്കി തരാമെന്ന് പറഞ്ഞു. ‘എന്താ സംശയമുണ്ടോ?’ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ഇല്ല എന്ന് പറഞ്ഞു. അപ്പോള്‍ നാളെ പാണാവള്ളിയില്‍ വരാന്‍ പറഞ്ഞു.
അടുത്ത ദിവസം പാണാവള്ളിയിലെ സി.കെ.വി. ആശുപത്രിയിലെത്തി വൈദ്യരെ കണ്ടു. ഡോ.സുരേഷ് ഒപ്പമുണ്ടായിരുന്നു. കയ്യുടെ എക്സ്റേ ഫിലിം വൈദ്യര്‍ക്ക് കൈമാറിയപ്പോള്‍ അദ്ദേഹം അത് വലിച്ചെറിഞ്ഞു. ‘എനിക്ക് ഈ തള്ളവിരല്‍ മതി’.
കട്ടിലില്‍ കിടക്കാന്‍ പറഞ്ഞു. വേദന മൂലം കിടക്കാന്‍ വയ്യ എന്ന് പറഞ്ഞപ്പോള്‍ ‘വേദന സഹിക്കാന്‍ പറ്റുന്നവര്ക്കേ ഈ ചികിത്സ പറ്റൂ’ എന്നായിരുന്നു മറുപടി. ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷയാണ് ഈ വേദന. പരിഹാരം ഇനി തെറ്റുകള്‍ ചെയ്യാതിരിക്കുക. ഡോ.സുരേഷ് കൈ നേരെ പിടിച്ചപ്പോള്‍ വൈദ്യര് തകര്‍ന്ന ഭാഗത്ത് വിരലോടിച്ചു. നേരിയ തണുപ്പ് തോന്നി, വേദനയ്ക്കും ആശ്വാസം ലഭിച്ചു. ഡോ.സുരേഷ് ഒടിഞ്ഞ ഭാഗത്ത് മുളങ്കമ്പുകള്‍ അടുക്കി കെട്ടി. ഈ ചികിത്സ തുടര്‍ന്നു. ദിവസം തോറും ആശ്വാസം കൂടി വന്നു. കൈയ്ക്ക് ബലം കിട്ടി തുടങ്ങി. ഒന്നര മാസം കഴിഞ്ഞപ്പോള്‍ കെട്ടഴിച്ച ശേഷം വൈദ്യര് എന്നോട് കൈ ഉയര്‍ത്താന്‍ പറഞ്ഞു. കൈ പകുതി ഉയര്‍ത്തി. ഇത് സുഖവാസ കേന്ദ്രമല്ല. ഇനി വീട്ടില്‍ പൊയ്ക്കൊള്ളൂ. ആഴ്ചയിലൊരിക്കല്‍ വന്നാല്‍ മതിയെന്നും പറഞ്ഞു. പോക്കറ്റില്‍ ഒന്നുമില്ലായിരുന്നു. ലക്ഷങ്ങള്‍ മുടക്കി ശസ്ത്രക്രിയ നടത്തിയാലും, കൈ ഉയരില്ല എന്ന് പറഞ്ഞ ഡോക്ടര്‍മാരെ ഓര്‍ത്തു.
എന്റെ കയ്യില്‍ പണമൊന്നുമില്ല എന്ന് വൈദ്യരോട് പറഞ്ഞു. ‘നിന്റെ പോക്കറ്റില്‍ എന്തുണ്ട്’.’ഒരു രൂപ തുട്ട്’. അത് ഭണ്ഡാരത്തിലിട്ടോക്കാന് പറഞ്ഞു. വീട്ടിലേക്കിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ വൈദ്യര് പറഞ്ഞു’ആരും ഒന്നും പ്രതീക്ഷിക്കാതെ ഒന്നും ചെയ്യുന്നില്ല. അങ്ങനെ പറഞ്ഞാല്‍ അത് കള്ളം. ഏറ്റവും നിസ്വാര്‍ത്ഥരായ മഹര്‍ഷിമാര്‍ തപസ്സ് അനുഷ്ഠിക്കിന്നതെന്തിനുവേണ്ടിയാണ്? മോക്ഷത്തിന് വേണ്ടി. ആരും വെറുതെ ഒന്നും ചെയ്യുന്നില്ല.’ എന്ന് വൈദ്യര് പറഞ്ഞപ്പോള്‍ അതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായില്ല. മുറിവാടകയോ, ചികിത്സാ ചെലവോ വാങ്ങാതെ എന്നെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ആ നിമിഷം എന്റെ ശരീരം മാത്രമല്ല, മനസ്സും ആ മനുഷ്യന് സമര്‍പ്പിച്ചു. കയ്യുടെ തകര്‍ന്ന ഭാഗം മെഴുക് പരുവത്തിലാണെന്നും അനക്കരുതെന്നുമുള്ള ഉപദേശം നല്‍കിയാണ് എന്നെ അയച്ചത്.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ കോയമ്പത്തൂരിലേക്ക് കാര്‍ ഓടിച്ചു പോയി. ഒരു ഫാക്ടറി ഉടമയ്ക്ക് ‘റോള്‍സ് റോയിസ്’ കാര്‍ വാങ്ങി കൊടുക്കാന്‍ വേണ്ടിയായിരുന്നു യാത്ര. പ്രതിഫലം 10 ലക്ഷം രൂപ കിട്ടും. ലക്ഷങ്ങള്‍ പോക്കറ്റിലാക്കാനുള്ള ആവേശത്തില്‍ വൈദ്യരുടെ ഉപദേശം മറന്നു. ഞാന്‍ ഓടിച്ച കാര്‍ വാളയാറിലെത്തിയപ്പോള്‍ വഴിയിലെ ഒരു ഗട്ടറില്‍ വീണു. കൈ ഉലഞ്ഞു. കഠിനമായ വേദന കൊണ്ട് പുളഞ്ഞു. നിമിഷം കൊണ്ട് തകര്‍ന്ന ഭാഗം മുഴുവന്‍ വീണ്ടും നീരിലായി. മറ്റുള്ളവരുടെ സഹായത്തോടെ അടുത്ത ദിവസം രാവിലെ പാണാവള്ളിയിലെത്തി. 12 മണിയോടെ വൈദ്യര് വന്നു. ‘എന്തിനാണ് ഭഗവാനെ ഇവന്റെ കൈ ഒടിച്ചത് എന്ന് ഇപ്പോള്‍ എനിക്ക് ബോധ്യമായി.’ എന്നാണ് വൈദ്യര് ആദ്യം പറഞ്ഞത്.
ചികിത്സ തുടര്‍ന്നുവെങ്കിലും ഫലം കണ്ടില്ല. ഒരു ദിവസം വൈദ്യര് ടാക്സിയില്‍ കയറാനൊരുങ്ങുമ്പോള്‍ കൂടെ വരുന്നോയെന്ന് ചോദിച്ചു.
വൈദ്യരോട് പഴയതിനേക്കാള്‍ സ്നേഹവും ബഹുമാനവും കൂടിയിരുന്നതിനാല്‍ ഒന്നും ആലോചിക്കാതെ സമ്മതം പറഞ്ഞു. ഒന്നും ചോദിച്ചില്ല. പറഞ്ഞില്ല. വണ്ടി നിര്‍ത്തിയപ്പോള്‍ പറഞ്ഞു. ‘ഇത് അഗസ്ത്യാശ്രമം. ഇനി ചികിത്സയും ജീവിതവും ഇവിടെയാക്കാം.’ കണിച്ചുകുളങ്ങര സുകുമാരന്‍ ചേട്ടന് ആഴ്ചയിലൊരിക്കല്‍ വന്ന് കൈകെട്ടി. ചികിത്സ തുടര്‍ന്നു. നാല് ഒടിവുകള്‍ ചേര്‍ന്നെങ്കിലും ഒരെണ്ണം മാത്രം ഭേദമായില്ല. ഒരു ദിവസം വൈദ്യര് ചോദിച്ചു- ‘ഗണപതിയുടെ കൊമ്പ് എന്തുകൊണ്ട് ഭഗവാന് ഒടിച്ചു?’ എല്ലാം തികഞ്ഞു എന്ന തോന്നല്‍ അഹങ്കാരമുണ്ടാക്കും. ആനയുടെ ശക്തി കൊമ്പാണ്. ഗണപതിയുടെ അഹങ്കാരം കൂടിയപ്പോള്‍ കൊമ്പ് (അഹങ്കാരം) ഭഗവാന് ഒടിച്ചു.’ ‘നിന്റെ കൈ ഒടിച്ചതിനും കാരണം ഇത് തന്നെ. ഒടിഞ്ഞ കയ്യുമായി ഇനി ജീവിക്കാമോ അതോ ശസ്ത്രക്രിയ വേണോ..’ ‘വേണ്ട’എന്നുത്തരം നല്കി. കഴിഞ്ഞ 13 വര്‍ഷമായി ഒടിഞ്ഞ് സ്വാധീനം നഷ്ടപ്പട്ട കയ്യുമായി ഞാന്‍ ജീവിക്കുന്നു.
ആശ്രമത്തില്‍ കഴിയുമ്പോള്‍ വൈദ്യര് എന്നോട് സ്നേഹം കാട്ടിയില്ല. ചികിത്സാ രീതികള്‍ ഒന്നും പഠിപ്പിച്ചില്ല. വൈദ്യരുടെ കൂടെ ജീവിച്ചാല്‍ തൊട്ടാല്‍ അസുഖം മാറ്റുന്ന സിദ്ധനാകാമെന്നായിരുന്നു പ്രതീക്ഷ. ഇതൊന്നും നടക്കില്ലെന്ന് ബോധ്യമായി. പരിചാരകന്റെ പരിഗണന പോലും തരാതെ വന്നപ്പോള്‍ ആശ്രമ ജീവിതം ഉപേക്ഷിക്കാന്‍ മനസ്സ് പറഞ്ഞു.
അനാവശ്യ നിയന്ത്രണങ്ങള്‍, ഒപ്പം ചീത്തവിളി, എന്തായാലും ആശ്രമ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്ത ദിവസം വൈദ്യര് ഒരു പുസ്തകം എനിക്ക് വായിക്കാന്‍ തന്നു. ആദിശങ്കരന്റെ ‘സര്‍വ്വ വേദാന്ത സാര സംഗ്രഹം’. അതില്‍ ഒരു പേജ് തുറന്ന് വായിയ്ക്കാന്‍ പറഞ്ഞു. ഗുരുവിന്റെ നിര്‍വ്വചനമായിരുന്നു ആ ഭാഗം. ലക്ഷക്കണക്കിന് ജന്മാന്തരങ്ങളിലാണ് ഒരു ഗുരു ജന്മം സിദ്ധിക്കുന്നത്. ഇതേ അവസ്ഥയില്‍ തന്നെ ശിഷ്യനും ജനിക്കുന്നു. ഇരുവര്‍ക്കും പരസ്പരം വിലയിരുത്തുവാന്‍ അവകാശമുണ്ട്. പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഗുരുവിനെ സ്വീകരിച്ച ശേഷം അദ്ദേഹത്തെ ഉപേക്ഷിക്കുന്ന ശിഷ്യന് ഏറ്റവും വലിയ പാപിയാണെന്ന് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരുന്നു.
അടുത്ത ദിവസം ഇനി അധികം പുസ്തകങ്ങള്‍ വായിക്കേണ്ട എന്നും പറഞ്ഞു. എല്ലാം പുസ്തകങ്ങളും ഒന്നേ പറയുന്നുള്ളൂ. സത്യം ഒന്നേയുള്ളൂ. ഏറ്റവും വലിയ പുസ്തകം പ്രകൃതിയാണ്. അത് സദാ നിരീക്ഷിക്കുക. എപ്പോള്‍ ‘ബുദ്ധി’മുട്ടുന്നുവോ, അവിടെയാണ് ഈശ്വരന്റെ തുടക്കം. ആത്മീയതയുടെ തുടക്കം. ആ നിമിഷത്തില്‍ അത് സംഭവിക്കുന്നു. മഹാ വൈദ്യനെന്ന് കരുതിയ സുധീര്‍ ചേട്ടനെ അറിയാതെ മനസ്സില്‍ ഗുരുവായി വരിച്ചു. വൈദ്യര് പറഞ്ഞു ‘സാധാരണ മനുഷ്യന് ദാസന്, നമ്മള് ദാസന്റെ ദാസന്’. പരാതികളും പരിഭവങ്ങളും പറയാന്‍ നമുക്ക് ആരുമില്ല. സദാ പ്രവൃത്തിച്ചുകൊണ്ടേയിരിക്കുക. അങ്ങനെയുള്ള ദാസന്റെ ദാസന് ഈശ്വരന് തന്നെ. അവര്‍ക്ക് മാത്രമേ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാവൂ. ഇത് നമ്മള് അറിയുകയും മറ്റുള്ളവര്‍ക്ക് പകര്‍ത്തി കൊടുക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഈ ആശ്രമം സ്ഥാപിച്ചിട്ടുള്ളത്. ഉപാധികളില്ലാത്ത മനസ്സാണ് സൃഷ്ടിയ്ക്ക് വേണ്ടത്. മാന അപമാനവും സുഖദു:ഖങ്ങളും നന്മ തിന്മകളും ഉള്ളവന് ഇത് സാധ്യമല്ല. ഹോട്ടലിന്റെ പിന്നാമ്പുറത്ത് ഭക്ഷണം കിട്ടും, കിടക്കാന്‍ പരന്നു കിടക്കുന്ന ഭൂമിയുണ്ട്. പിന്നെ ആരെ ഭയക്കണം. ഈ ചിന്തയുള്ളവനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. പിന്നെ നീയെന്തിന് ഭയപ്പെടണം’.
ഈ പറഞ്ഞതിന്റെയൊന്നും പൊരുള്‍ അന്ന് മനസ്സിലായില്ല. ഇടയ്ക്കൊക്കെ പിന്നെയും തിരികെ പോവാന്‍ മനസ്സ് കൊതിച്ചു. ആ ദിവസം ബൈബിള്‍ വായിയ്ക്കാന്‍ തന്നു. യേശുദേവന്റെ അന്ത്യ യാത്രയുടെ ഭാഗമാണ് വായിച്ചത്.’കഴിയുമെങ്കില്‍ ഈ പാന പാത്രം മാറ്റിത്തരേണമേ’ എന്ന യേശുദേവന്റെ പ്രാര്‍ത്ഥന. ‘ഇത് എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന.
ഈ പ്രതിസന്ധി എല്ലാവരും നേരിടുന്നു. ശരീരം ഉള്ള എല്ലാവരുടേയും മുന്നില്‍ ഈ ചോദ്യം ഉയരുന്നു. അഭ്യര്‍ത്ഥന നടത്തി അടുത്ത നിമിഷം തന്നെ യേശു ഉത്തരവും കണ്ടെത്തി ഈ പ്രതിസന്ധിയെ അതിജീവിച്ചു. ഈ ചോദ്യവും ഉത്തരവും തമ്മിലുള്ള സമയ ദൈര്‍ഘ്യമാണ് ആത്മീയതയിലേക്കുള്ള നമ്മുടെ ദൂരം. യേശുവിന് അത് ഒരു നിമിഷമായിരുന്നു. നമുക്കോ?
പലപ്പോഴും വൈദ്യര് മനസ്സ് തുറന്ന് സംസാരിച്ചു. ‘ആശ്രമവും വീടും വിട്ട് യാതൊരു ബാഹ്യ ബന്ധമില്ലാതെ സര്‍വ്വതന്ത്ര സ്വതന്ത്രനായി ജീവിതം അവസാനിപ്പിക്കാനാണ് ആഗ്രഹം. അല്ലാതെ ആശ്രമാധിപനാകാനോ, കിരീടം ധരിച്ച് നടക്കാനോ ആഗ്രഹമില്ല.’ തെറ്റുകള്‍ തിരിച്ചറിയുമ്പോള്‍ നാം സ്വയം തിരുത്തുക, സമൂഹത്തെ തിരുത്താന്‍ ശ്രമിക്കേണ്ട. ആയിരങ്ങളെ നന്നാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഒരാളെ നന്നാക്കുകയാണ് നല്ലത്. വൈദ്യര് സമാധിയാകുന്നതിന്റെ തലേദിവസം വൈകുന്നേരം എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. ‘ഞാന്‍ നിന്റെ മുന്നില്‍ നടക്കുകയാണ്. ഞാനാണ് എല്ലാം ചെയ്യുന്നത്. കയ്യും കാലും കെട്ടി നീന്താന്‍ പറഞ്ഞ അവസ്ഥയില്‍ ഇത്രയും കാര്യങ്ങള്‍ ചെയ്തു. ഞാന്‍ എന്റെ ഉടുപ്പ് ഊരിക്കളയുന്നു. എനിക്ക് ഇനി പരിധികളില്ല. എനിക്ക് വന്നിടത്തേക്ക് തിരിച്ചു പോവുന്നതിന് മുമ്പ് ഒരു കര്‍മ്മം കൂടി ബാക്കിയുണ്ട്. നീ കിഴക്കോട്ട് നടക്കണം. വസിഷ്ഠന് ഒരു ഇരിപ്പിടം ഉണ്ടാക്കണം. എനിക്ക് ഇത് ഒന്നു മാത്രമേ പൂര്‍ത്തിയാക്കാനുള്ളൂ. ഒരു വിളക്കില്‍ നിന്ന് മറ്റ് വിളക്കുകള്‍ കത്തിക്കുന്നത് പോലെ ഈ ആശ്രമത്തില്‍ നിന്ന് അനേകം ആശ്രമങ്ങള്‍ ഉയരും.’ ‘മാമന് പറയുന്നത് ഞാന്‍ ചെയ്യാം. എനിക്ക് എല്ലാം പറഞ്ഞു തരണം. തന്നെ ചെയ്യാനാവില്ല.’ ‘ചെയ്യുന്നത് ഞാന്‍ തന്നെ. ഞാന്‍ മുമ്പേ നടക്കുന്നു.വേണ്ടതൊക്കെ തനിയെ വന്നുകൊള്ളും. ഞാന്‍ പോയി ഏഴ് ദിവസം കഴിയുമ്പോള്‍ നീയും ഇവിടെ നിന്ന് പുറത്താകും. പ്രകൃതിയുടെ നിശ്ചയമാണ്. ഇവര്‍ ആരുമല്ല അത് ചെയ്യുന്നത്. ഗംഗയിലെ ജലം കെട്ടിക്കിടന്നാലും, അത് അശുദ്ധമാകും. നാം സൃഷ്ടി കര്‍മ്മം മാത്രമാണ് ചെയ്യേണ്ടത്. അനുഭവിക്കാനുള്ളവര് വന്നുകൊള്ളും. ഒരിടത്തും സ്ഥിരമായി നില്‍ക്കുകയോ, അനുഭവിക്കുകയോ ചെയ്യരുത്. കര്മ്മത്തിന് ഫലം നല്‍കുന്നത് ഈശ്വരന്. സമൂഹമല്ല. ഈശ്വരന്റെ പുസ്തകത്തില്‍ തെറ്റുകാരനാവരുത്. പ്രവൃത്തിച്ചുകൊണ്ടേയിരിക്കുക. ഇന്ന് തെങ്ങ് വച്ചാല്‍ നാളെ കരിക്ക് ഇടാമെന്ന് വിചാരിക്കരുത്. തെങ്ങ് വച്ചത് കൊണ്ട് നമ്മളാണ് അവകാശിയെന്നും ചിന്തിക്കരുത്. പ്രവൃത്തിക്ക് വേണ്ടത് ആഹാരം. അത് ഹോട്ടലിന് പുറകില്‍ ആവശ്യത്തിനുണ്ട്. അവിടെ മറ്റ് ജീവികളും ഉണ്ട് എന്ന വിചാരത്തില്‍ മാത്രമേ അനുഭവിക്കാവൂ. തരംതിരിവ് ഇല്ലാതെ പ്രവൃത്തിക്കുക.’ അര മണിക്കൂരിന് ശേഷം വീണ്ടും വിളിച്ചു. എല്ലാം ശ്രദ്ധിച്ചു കേട്ടോ, മനസ്സിലായോ എന്ന് ചോദിച്ചു. മനസ്സിലായി എന്ന് മറുപടി നല്കി. ‘എന്നെയും നിന്നെയും കോര്്ത്തിണക്കിയത് ഈശ്വരനാണ്. ഏല്ക്കുന്ന ജോലികള്‍ നിസ്വാര്‍ത്ഥമായി ചെയ്യണം. എന്തിനെയും സന്തോഷമായി കാണാനുള്ള മനസുണ്ടാക്കുക. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ആരോടും പറയരുത്. മണ്ണിറക്കുന്ന ജോലികള്‍ തുടരുക. ഇതായിരുന്നു അവസാന വാക്കുകള്‍.’
വൈദ്യരുടെ സമാധിയ്ക്ക് 10 ദിവസം മുമ്പ് പുലര്‍ച്ചെ മൂന്ന് മണി. അദ്ദേഹത്തിന്റെ കാല്ക്കല് കിടന്നിരുന്ന ഞാന്‍ എഴുന്നേറ്റിരുന്നു. എന്തുകൊണ്ടെന്നറിയില്ല, കാലില്‍ തൊട്ട് നമസ്ക്കരിച്ച ശേഷം മനസ്സും ശരീരവും അദ്ദേഹത്തിന് സമര്‍പ്പിച്ചു. എന്റെ ജീവിതം തന്നെ ഗുരുവിന് വേണ്ടി സമര്‍പ്പിക്കാന്‍ പ്രതിജ്ഞയെടുത്തു. അച്ഛനേയും അമ്മയേയും ഗുരുവിനേയും ദൈവമായി കരുതണമെന്ന് പഠിപ്പിച്ച ആ ദിവ്യ പുരുഷന് എല്ലാം സമര്‍പ്പിച്ച ചാരിതാര്‍ത്ഥ്യവുമായി ഞാന്‍ പുറത്തിറങ്ങി. പലപ്പോഴും സ്വസ്ഥമായി ഉറങ്ങാന്‍ സമ്മതിക്കാതിരുന്ന ആ മനുഷ്യനോട് എന്തുകൊണ്ട് ഇത്ര ആത്മ ബന്ധം വളര്‍ന്നുവെന്ന് ചോദിച്ചാല്‍ സത്യസന്ധമായ മറുപടി ഇതൊന്നുമാത്രം’എനിക്കറിയില്ല!’.
വൈദ്യരുടെ പ്രിയ ശിഷ്യനും ആശ്രമത്തിന്റെ ഇപ്പോഴത്തെ ആചാര്യനുമായ ഡോ.യോഗീദാസ് വൈദ്യരുടെ പല സിദ്ധികളെക്കുറിച്ചും എന്നോട് പറഞ്ഞിട്ടുണ്ട്. കൈ നോക്കും, ഫലം പറഞ്ഞാല്‍ 100 ശതമാനം സത്യമായിരിക്കും. പലതവണ ഞാന്‍ കൈ കാണിച്ചിട്ടുണ്ട്. പക്ഷെ വൈദ്യര് ഒന്നും പറഞ്ഞില്ല. നാഡി വായിച്ചവര്‍ പലരും അദ്ദേഹത്തോട് ഇക്കാര്യം സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ നാഡി നോക്കണമെന്ന ആഗ്രഹവും ഉണ്ടായിട്ടുണ്ട്. ആശ്രമത്തില്‍ നിന്നും പടിയിറങ്ങുന്നതിന് മുമ്പ് എന്നെ അരികില്‍ വിളിച്ച് നീ ആരാണെന്ന് അറിയണമോയെന്ന് ചോദിച്ചു. വേണ്ട എന്ന് മറുപടി പറഞ്ഞു. നന്നായി എന്ന് വൈദ്യര് പറഞ്ഞു. ‘അറിഞ്ഞ് പോവുന്നതിനേക്കാള്‍ അറിയാതെ പോവുന്നതാണ് രസം’ എന്നും പറഞ്ഞു. തുടര്‍ന്ന് എന്റെ ഇരു കൈകളും വൈദ്യരുടെ കൈവെള്ളയില്‍ വച്ച് നോക്കി ശേഷം അവ മടക്കി. ആരുടെ മുന്നിലും കൈകള്‍ തുറന്നു കാണിക്കുകയോ, ചോദ്യം ചോദിക്കുകയോ അരുത് എന്ന ഉപദേശവും നല്കി.
നമ്മള് ഋഷി സങ്കല്പം പ്രചരിപ്പിക്കാന്‍ വന്നവരാണ്. ഈ പ്രവൃത്തിയില്‍ നമുക്ക് യാതൊരു പ്രാധാന്യവുമില്ല. ഋഷിമാരുടെ ആശ്രമങ്ങള്‍ സൃഷ്ടിക്കുക, അതനുഭവിക്കാന്‍ നില്‍ക്കാതെ അവിടെ നിന്നും മടങ്ങുക. പിന്നീട് വരികയാണെങ്കില്‍ ഒരു സാധാരണക്കാരനായി മാത്രം എത്തുക. എന്നുകൂടി കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രം ഈശ്വരനിലേക്ക് കടക്കാനുള്ള ഒരു വാതില്‍ മാത്രം. പൂജയ്ക്കും വഴിപാടിനും പൂജാരിയ്ക്കുമൊന്നും ഇതുമായി കാര്യമായ ബന്ധമൊന്നുമില്ല. നാളെ വരുന്നവര്‍ക്ക് വേണ്ടിയുള്ള ഒരുക്കല്‍, വൃത്തിയാക്കല്‍ മാത്രമാണ് ഈ കര്‍മ്മങ്ങള്‍. ‘കൊല്ലന് വളഞ്ഞ കമ്പിയാണ് അടിച്ച് നിവര്‍ത്തുന്നത്. നിവര്‍ന്ന കമ്പിയില്‍ അടിച്ചാല്‍ അത് വളയും.’ ആശ്രമവും ക്ഷേത്രവുമൊക്കെ പാപികള്‍ക്ക് വേണ്ടി. അതൊന്നും നല്ലവര്ക്കുള്ളതല്ല.
ആരാണ് പാപി?
ഭക്ഷണം കിട്ടാത്തവന്
കിടപ്പാടമില്ലാത്തവന്
വസ്ത്രമില്ലാത്തവന്
ഇവരൊക്കെ പാപികളാണ്.
എന്നാല്‍ ഭക്ഷണമുണ്ടായിട്ടും കഴിക്കാന്‍ വയ്യാത്തവന്
വീടുണ്ടായിട്ടും സ്വസ്ഥമായി കിടന്നുറങ്ങാത്തവന്
ഭാര്യയുണ്ടായിട്ടും അനുഭവിക്കാന്‍ യോഗമില്ലാത്തവന്
ഇവര്‍ ആര്?
ഇവരാണ് ‘മഹാപാപികള്‍’ എന്ന് ഗുരുനാഥന് പറഞ്ഞു. ഇതൊക്കെ കാട്ടിത്തന്ന, പറഞ്ഞുതന്ന ഗുരുനാഥന് വെറും വൈദ്യന് മാത്രമോ?
‘കൂടുതല്‍ സമയവും ഞാന്‍ നിങ്ങളിലൊരാള്‍. കരയുകയും ചിരിക്കുകയും ചെയ്യുന്ന സാധാരണക്കാരന്. ചില സമയങ്ങളില്‍ ഞാന്‍ അതല്ലാതാവും. ഈ ഭാവാവസ്ഥയില്‍ എനിക്ക് ചെയ്യാന്‍ പറ്റാത്ത ഒന്നുമില്ല. നിങ്ങള്‍ ചിന്തിക്കുന്നതിനും അപ്പുറമാവും ഞാന്‍.’ എന്റെ മനസില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ സംഭവിക്കും. അതിന് കര്‍മ്മം പോലും ആവശ്യമില്ല. ആ സമയത്ത് എനിക്ക് നന്മയും തിന്മയമില്ല. സംഭവങ്ങള്‍ മാത്രം.
‘ഒന്നുമേ ചെയ്തതില്ലിവന്, എന്തോ ചെയ്തതായി ചൊല്ലാം, എന്നില്‍ നീ കാരണം, എനിക്കില്ല ഒന്നും എന്റേതായി, നിന്റേത് നിന്നെ ഏല്‍പ്പിക്കുവാന്‍, എനിക്ക് എന്ത് വിസമ്മതം പ്രഭോ'(കബീര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: