മതിലുകള്‍ രാജ്യങ്ങള്‍ തമ്മിലോ മനസുകള്‍ തമ്മിലോ എന്നുള്ള ചോദ്യം പുതിയതല്ല. എന്നാലിപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ അജണ്ടകള്‍ ഇത്തരം ചോദ്യങ്ങള്‍ മറ്റൊരു തരത്തില്‍ ഉയര്‍ത്തുകയാണ്. മെക്സിക്കോ അതിര്‍ത്തിയില്‍ മതില് കെട്ടുമെന്നു ട്രംപ് പറഞ്ഞു കഴിഞ്ഞു. അമേരിക്കയുടെ രക്ഷാര്ഥം ചില നിബന്ധനകള്‍ കൊണ്ടുവന്നതിനിടെയാണ് പുതിയ മതില്കാര്യവും ട്രംപ് വെളിപ്പെടുത്തിയത്.
ഇറാന്, ഇറാക്ക് ഭരണത്തലവന്മാരുള്പ്പെടെ പല ഉന്നതരും ഇതിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. ജര്‍മന്‍ മതിലിന്റെ കാര്യം അറിയാമല്ലോ എന്നാണ് ഇറാന് പ്രസിഡന്റ് ഹസന് മുറാനി ട്രംപിനെ ഓര്‍മിപ്പിച്ചത്. ഏക ജര്‍മനിയെ രണ്ടാക്കി മനുഷ്യവികാരങ്ങളെ മരവിപ്പിച്ച് നിര്‍ത്തിയിരുന്ന മതിലിനെ തകര്ത്തെറിഞ്ഞിട്ട്പതിറ്റാണ്ടുകള് കഴിഞ്ഞു. അതു ലോകം ആഘോഷിക്കുകയും ചെയ്തു. മതിലുകൊണ്ട് ലോകത്ത് വലിയ ദുരന്തം ഏറ്റുവാങ്ങിയവരാണ് ജര്‍മ്മന്‍കാര്‍. ഇന്നും മതില് എന്നവാക്കുപോലും അവരെ ഭയപ്പെടുത്തിയേക്കും.
എന്നാല്‍ മെക്സിക്കന്‍ പൗരന്മാരുടെ അനധികൃത കുടിയേറ്റവും ലഹരി വില്‍പ്പനയുമൊക്കെ തലവേദനയായ അമേരിക്കയ്ക്ക് ആ അതിര്‍ത്തിയില്‍ മതില്കെട്ടിയേ പറ്റൂവെന്നതാണ് ട്രംപിന്റെ നിലപാട്. ദേശീയവാദം ഉയര്‍ത്തി തന്നെയാണ് ട്രംപ് വോട്ടു പിടിച്ചത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വന്ന് ട്രംപ് പ്രസിഡന്റായപ്പോള്‍ അദ്ദേഹം അന്നുയര്‍ത്തിയ കാര്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വിശദമാക്കുകയായിരുന്നു. അന്നേ ട്രംപിന്റേത് കടുത്ത ദേശീയ വാദമാണെന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു. ദേശീയവാദം അത്രമോശമാണോ എന്നു ചോദിച്ച് തന്റെ വാദത്തെ ശക്തമായി മുറുകെപ്പിടിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തെ തുടച്ചു നീക്കുമെന്ന് പറഞ്ഞ ട്രംപിന്റെ പുതിയ പ്രഖ്യാപനം അതിനെ കൂടുതല്‍ ഉറപ്പിക്കുന്നുണ്ട്.
ലക്ഷക്കണക്കിനുപേര്‍ തൊഴില്‍ രഹിതരായി അലയുന്ന അമേരിക്കയില്‍ ദേശീയതാവാദത്തിനു പുതിയ വേരിറക്കം ഉണ്ടായിട്ടുണ്ട്. ഭീകരതാഭീഷണിയില് അനുനിമിഷം ഉരുകുന്ന അമേരിക്കന്‍ തീവ്രവാദത്തിനെതിരെയുള്ള ട്രംപിന്റെ തുറന്ന പോരാട്ടത്തിന്റെ വാക്ക് ഊര്‍ജം പകരുന്നുണ്ട്. പല വിദേശ രാജ്യങ്ങളും അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുമ്പോഴും ട്രംപിനെ പുറമെ എതിര്‍ക്കുന്ന അമേരിക്കക്കാരനും ഉള്ളാലെ പിന്തുണയ്ക്കുന്നുണ്ടാവണം. എല്ലാവര്ക്കും അവരവരുടെ ജീവനും രാജ്യവും വലുതാണല്ലോ. ഇതിനിടയില്‍ തങ്ങളുടെ പ്രസിഡന്റിനെ അനുകൂലിച്ചുകൊണ്ട് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ വലിയൊരുകൂട്ടം ആള്ക്കാര് അമേരിക്കയില്‍ പ്രകടനം നടത്തുകയുണ്ടായി.
മതില് ലോകത്ത് പുതിയസംവാദം സൃഷ്ടിക്കുമ്പോള്‍ മതിലിനെ കുത്തിത്തുളച്ചുപോകുന്ന രാജ്യസ്നേഹത്തിന്റെയും പ്രണയത്തിന്റെയും ചൂടും ചൂരുമരള്ള നോവലും സിനിമയും നമുക്കുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ മതിലുകള്‍ എന്ന നോവലും ആ നോവലിന്റെ സിനിമാവിഷ്ക്കാരമായി അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത അതേ പേരിലുള്ള സിനിമയും. രണ്ടും ക്ളാസിക്കാണ്. ബഷീര്‍തന്നെ കഥാപാത്രമായ ആത്മകഥാപരമായ മതിലുകള്‍ അനശ്വരപ്രണയത്തിന്റെ കരിക്കിന് വെള്ളമൂറുന്ന മലയാളത്തിലെ തന്നെ വേറിട്ട രചനയാണ്. അടൂരിന് അന്താരാഷ്ട്ര-ദേശീയ അവാര്‍ഡുകള്‍ നേടിക്കൊടുത്തതും മമ്മൂട്ടിക് ഭരതും നല്കിയ സിനിമയുമാണ്.
ബ്രിട്ടീഷ്കാര്‍ക്കെതിരെ പോരുവിളിക്കുന്ന എഴുത്തുകാരനായ ബഷീര്‍ ജയിലില്‍ കിടക്കുമ്പോള്‍ മതിലിനപ്പുറത്ത് ജയില്‍പ്പുള്ളിയായ നാരായണിയുടെ ശബ്ദം കേള്‍ക്കുന്നു.ഇരുവരും അദൃശ്യരായിരുന്നുകൊണ്ടുതന്നെ ശബ്ദം കേട്ട് പ്രണയിക്കുന്നു.ഒരിക്കലും പരസ്പരം കാണാത്തവര്‍ കാണാമറയത്തിരുന്നുകൊണ്ട് ശബ്ദംകൊണ്ടുമാത്രം കാണുകയും കാള്ക്കുകയും ചെയ്തു.ഒരു ദിവസം ബഷീര്‍ ജയിലിനു പുറത്തിറങ്ങുമ്പോള്‍ നിത്യപ്രണയത്തിന്റെ പ്രതാകമായി ചുവന്നപൂവുണ്ടായിരുന്നു കൈയില്‍.അതു നാരായണിയുടെ ഹൃദയമായിരിക്കാം.
ഭാവഗാനംകൊണ്ടെന്നപോലെ എഴുതിയ നോവലാണ് മതിലുകള്‍.നിശബ്ദ പ്രണയം പരിചയമുള്ള നമുക്ക് ശബ്ദംകൊണ്ടു സജീവയായ നിത്യകാമുകിയെ ഈ കൃതിയിലൂടെ വായിച്ചെടുക്കാം.അടൂരിന്റെയും മമ്മൂട്ടിയുടേയും ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് മതിലുകള്‍.ബഷീറായി മമ്മൂട്ടിയായിരുന്നു.നാരായണിയുടെ ശബ്ദം നല്‍കിയത് കെപിഎസി ലളിതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: