ചേര്‍ത്തല എ.കെ. രാമചന്ദ്രന്‍
തിരുവനന്തപുരം: ആദ്യ സംസ്ഥാന കലോത്സവത്തില്‍ ആദിതാളം കൊട്ടിപ്പാടിയ സുഖമുള്ള ഓര്‍മ്മകളാണ് ഇന്നും ഈ മൃദംഗ കുലപതിയുടെ മനസുനിറയെ. 1957 ല്‍ എറണാകുളത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൃദംഗ വാദനത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചേര്‍ത്തല എ.കെ. രാമചന്ദ്രന്‍ എഴുപത്തിനാലാം വയസിലും കച്ചേരിയില്‍ സജീവം.
ചേര്‍ത്തല ഗവ. ബോയ്‌സ് സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രാമചന്ദ്രന്‍ സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്നത്. ആദ്യ കലോത്സവത്തില്‍ 22 ഇനങ്ങളിലായി 300 ഓളം പേരാണ് മത്സരാര്‍ഥികളായി ഉണ്ടായിരുന്നതെന്ന് രാമചന്ദ്രന്‍ ഓര്‍ക്കുന്നു. മൃദംഗ വാദനത്തിന് തന്നെ കൂടാതെ 11 പേര്‍കൂടി മത്സരിച്ചിരുന്നു. ഒരാള്‍ ഒഴികെ മത്സരിച്ചവരെല്ലാം ആദിതാളമാണ് വായിച്ചത്. ഒരു കുട്ടി രൂപകതാളവും. ആര്‍ക്ക് സമ്മാനം നല്‍കുമെന്ന അശയക്കുഴപ്പത്തിലായി വിധികര്‍ത്താക്കള്‍. ഒടുവില്‍ രാമചന്ദ്രനോട് മറ്റേതെങ്കിലും താളം വായിക്കാനറിയുമോ എന്ന് വിധികര്‍ത്താക്കള്‍ തിരക്കി. മിശ്രചാപ്പ് താളം അറിയാമെന്ന് രാമചന്ദ്രന്‍ മറുപടി പറഞ്ഞപ്പോള്‍ അതു വായിക്കാന്‍ അനുമതിനല്‍കി. വ്യത്യസ്ഥ താളം മധുരമായി കൊട്ടുന്നയാളിന് സമ്മാനം നല്‍കുവാനായിരുന്നു വിധികര്‍ത്താക്കളുടെ തീരുമാനം. അങ്ങനെ മിശ്രചാപ്പ് വായിച്ച് രാമചന്ദ്രന്‍ ഒന്നാംസ്ഥാനം സ്വന്തമാക്കി.
സ്‌കൂള്‍ കലോത്സവത്തിലൂടെ അരങ്ങേറ്റം നടത്തിയ രാമചന്ദ്രന്‍ എംജി കോളേജില്‍ പഠിക്കവെ 1961, 62, 63 വര്‍ഷങ്ങളില്‍ കേരള സര്‍വകലാശാല യുജനോത്സവത്തില്‍ തുടര്‍ച്ചയായി മൃദംഗ വാദനത്തില്‍ ഒന്നാംസ്ഥാനം നേടി. അന്നത്തെ രാഷ്‌ട്രപതി എസ്. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു എന്നിവര്‍ ആദരിച്ചത് ചരിത്രം.
ഗുരുവും ഭാര്യാ പിതാവുമായ പ്രശസ്ത മൃദംഗ വിദ്വാന്‍ മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ഥം രാമചന്ദ്രന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മൃദംഗ വാദകനു നല്‍കാന്‍ ഒരു റോളിംഗ് ട്രോഫി 1988 ല്‍ ഏര്‍പ്പെടുത്തി. ആ വര്‍ഷം മൃദംഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി മുത്തച്ഛന്റെ പേരിലുള്ള ട്രോഫി രാമചന്ദ്രന്റെ മകന്‍ മാവേലിക്കര രാജീവ് വീട്ടില്‍ കൊണ്ടുവന്നു. രാധയാണ് രാമചന്ദ്രന്റെ ഭാര്യ.
















