തിരുവനന്തപുരം: എന്‍ഡോസള്‍ഫാനെയും മുട്ടുകുത്തിച്ച കിരണനാദം അനന്തപുരിയിലെ സ്വാതിതിരുനാള്‍ കോളേജ് ആഡിറ്റോറിയത്തില്‍ അലയടിച്ചു. കാസര്‍കോട് ഗവ. എച്ച്എസ്എസിലെ ദേവി കിരണാണ് സ്വാതിതിരുനാള്‍ കൃതിയായ സരസിജനാഭ കീര്‍ത്തനം ആലപിച്ച് ആസ്വാദകകയ്യടി നേടിയത്. അന്ധതയുടെ ലോകത്ത് ശ്രുതിയും താളവും ഇഴചേര്‍ത്ത് രാഗം വിസ്തരിച്ച് ദേവി കിരണ്‍ കീര്‍ത്തനം മുഴുമിപ്പിച്ചപ്പോള്‍ വേദി അഭിനന്ദനത്തിന്റെ ആരവത്തില്‍ മുഴുകി.
എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച എന്മഗജെ ഗ്രാമത്തിലെ അന്തേവാസിയാണ് ജന്മനാ അന്ധയായ ദേവി കിരണ്‍. എന്‍ഡോസള്‍ഫാന്റെ ദുര്‍വിധി ഏറ്റുവാങ്ങേണ്ടി വന്ന കിരണ്‍ മാത്രമല്ല അനുജന് ജീവന് രാജുവും ജന്മനാ അന്ധനാണ്. കാസര്‍കോട് വാണിനഗറില്‍ അന്വറത്തടുക്ക വീട്ടില്‍ കൂലിപ്പണിക്കാരനായ ഈശ്വരന് നായ്ക്കും വീട്ടമ്മയായ പുഷ്പലതയുമാണ് ദേവി കിരണിന്റെ മാതാപിതാക്കള്‍.
കാസര്‍കോട് വിദ്യാനഗര്‍ ബ്ലൈന്റ് സ്കൂളിലായിരുന്നു ദേവി കിരണിന്റെ പ്രാഥമികവിദ്യാഭ്യാസം. ഇവിടെ നിന്നു തന്നെ ദേവി കിരണിന്റെ സംഗീതപഠനത്തിലും സ്കൂള്‍ ടീച്ചര്‍ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന് ഗുരുസ്ഥാനം ഏറ്റെടുത്തു. ഒന്നാം ക്ലാസ് മുതലുള്ള തന്റെ സംഗീത ദിനചര്യയില്‍ ഏറ്റവും ഭാഗ്യമുണ്ടായത് സ്വാതിതിരുനാള്‍ കൃതി അദ്ദേഹത്തിന്റെ മണ്ണില്‍ ആലപിക്കാന്‍ കഴിഞ്ഞതാണെന്ന് ദേവി കരിണ്‍ പറഞ്ഞു. ഇത് ഏറ്റവും വലിയ ബഹുമതിയാണെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് സഹപാഠികളോടൊപ്പമാണ് ദേവി കിരണ്‍ മത്സരത്തിനായി തിരുവനന്തപുരത്തെത്തിയത്. സംഗീതപഠനത്തിനും കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും ഉള്ള ചെലവുകള്‍ മുഴുവനും വഹിക്കുന്നത് സ്കൂള്‍ അധ്യാപകരാണെന്നും ദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: