തിരുവനന്തപുരം: കലോത്സവ വേദികള്‍ ലോബികള്‍ കയ്യാളുകയാണെന്ന് പ്രശസ്ത ഭരതനാട്യ കലാകാരി കലാക്ഷേത്ര പാര്‍വതി ശ്യാം. കലോത്സവത്തിന്റെ പ്രധാന വേദിയായ പുത്തരിക്കണ്ടത്ത് ഹയര്‍ സെക്കന്‍ഡറി കുച്ചിപ്പുടി മത്സരം കാണാനെത്തിയതായിരുന്നു അവര്‍. കലോത്സവത്തിന്റെ വിധി നിര്‍ണയം ഉള്‍പ്പെടെ ലോബികളുടെ കയ്യിലാണ്.
ജില്ലാ കലോത്സവത്തിന് വിധിനിര്‍ണയത്തിനായി കലോത്സവ ലോബികള്‍ തന്നെ സമീപിച്ചിരുന്നു. ആര്‍ക്ക് ഒന്നാം സ്ഥാനം നല്‍കണമെന്നും അവര്‍ നിര്‍ദേശിച്ചു. ഇതോടെ അവരുടെ ക്ഷണം വേണ്ടെന്ന് വെക്കുകയായിരുന്നു.
സംസ്ഥാന കലോത്സവത്തിന് യോഗ്യരായ ജഡ്ജുമാരെ വിധി നിര്‍ണയത്തിന് വിളിക്കുന്നില്ല. പകരം കുട്ടികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി ലോബികള്‍ തന്നെ ജഡ്ജുമാരെ കണ്ടെത്തുന്നു. ഇവര്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് പിന്നെ സമാധാനമായി കിടന്നുറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ലോബികളെ നിയന്ത്രിച്ച് കലോത്സവം അതിന്റെ എല്ലാ തനിമയോടെയും കൊണ്ടുവരാന്‍ സര്‍ക്കാര്‍ തന്നെ ഒരു സമിതി കൊണ്ടുവരണം.
കഷ്ടപ്പെട്ട് പഠിച്ച് വരുന്ന കുട്ടികള്‍ക്ക് കലോല്‍സവ വേദിയില്‍ അവസരം കിട്ടുന്നില്ല. സിഡി കണ്ട് പഠിപ്പിക്കുന്ന അധ്യാപകരാണ് ഇപ്പോള്‍ മിക്കവരും. അങ്ങനെയുള്ളവരുടെ ശിഷ്യത്വം സ്വീകരിച്ചവരാണ് മത്സരിച്ചവരില്‍ കൂടുതലും.
അതിനാല്‍ തന്നെ സ്കൂള്‍ പഠനം കഴിഞ്ഞാല്‍ ഇവര്‍ നൃത്ത മേഖല തന്നെ ഉപേക്ഷിക്കുകയാണ്. ഇതെല്ലാം നിയന്ത്രിക്കന്‍ സര്‍ട്ടിഫൈ ചെയ്ത ഗുരുക്കന്മാര്ക്ക് മാത്രമേ പഠിപ്പിക്കാവൂ എന്ന സ്ഥിതി വരണം. അതോടൊപ്പം കലോത്സവം നിയന്ത്രിക്കാന്‍ വിദ്യാഭ്യാസ മന്ത്രി തന്നെ ഒരു സമിതി കൊണ്ടുവരണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: