”ഒരു മുന്‍മന്ത്രി വിദ്യയെ അഭ്യാസമാക്കയപ്പോള്‍ ഇപ്പോഴൊരുമന്ത്രി വിദ്യയെ ആഭാസമാക്കി മാറ്റി. ഒരാള്‍ പരീക്ഷ വേണ്ടന്നുവച്ചപ്പോള്‍ ഇപ്പോഴുള്ള മഹാന്‍ പുസ്തകമേ വേണ്ടന്നുവച്ചു…….ഇപ്പോള്‍ ഗുരുക്കന്‍മാരേ വേണ്ടന്നാത്രേ..തീരുമാനം……’ അങ്ങനെ മന്ത്രിമാരും പിണറായിയും മന്‍മോഹന്‍സിഗും വരെ കലോത്സവ വേദിയില്‍ ചാക്യാരുടെ നാവിന്റെ മൂര്‍ച്ച അറിഞ്ഞു.
പണ്ടൊക്കെ പാതയില്‍കുഴിയുണ്ടോ എന്നാ നോക്കീയിരുന്നത്. ഇപ്പോഴാകട്ടെ കുഴിക്കിടയില്‍ പാതയുണ്ടോന്ന് നോക്കണമത്രേ…അതുവഴി ഇബ്രാംഹിംകുഞ്ഞിനും കണക്കിന് കിട്ടി. കൈക്ക് പണ്ടത്തെപ്പോലെ ശക്തി പോരെന്നും അതിനാല്‍ ഇടതുമായി സഖ്യമാകാനാണത്രേ തീരുമാനം. ഇവിടൊരു ധനമന്ത്രി ഉണ്ടെന്നും ഇല്ലന്നും പറയുന്നുണ്ടത്രേ… ഏതായാലും ആ വിദ്വാന പണമില്ല…പണമില്ല…എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം പണം മുഴുവന്‍ തനിക്ക് വേണമെന്നായിരുന്നെന്നും..ബാര്‍കോഴയും അതിനല്ലേ എന്നും ചാക്യാര്‍ സ്വതസിദ്ധശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ സംഘാടകര്‍പോലും പൊട്ടിച്ചിരിച്ചുപോയി.
ഗതാഗതം ശരം കണക്കെ പായുന്നുണ്ടെങ്കിലും ഇങ്ങോട്ടൊരു ധനാഗമനവുമില്ലന്ന് പറഞ്ഞ് തിരുവഞ്ചൂരിനും നല്‍കി തലയ്‌ക്കിട്ടൊരുകൊട്ട്. ഒന്നും മിണ്ടാന്‍കഴിയാത്ത പ്രധാനമന്ത്രിയായിരുന്നത്രേ മന്‍മോഹന്‍ സിംഗ്. അങ്ങനെ സമകാലീന രാഷ്ടീയസംഭവ വികാസങ്ങളിലൂടെ സഞ്ചരിച്ച കൊട്ടാരക്കരഗവണ്‍മെന്റ് ബോയിസ് എച്ച്എസ്എസിലെ ബിലഹരി ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒന്നാമതെത്തി.
കഴിഞ്ഞ നാല് വര്‍ഷമായിബിലഹരിസംസ്ഥാന തലത്തില്‍ മത്സരിച്ച് എ ഗ്രേഡ് നേടിവരുന്നു. പൈങ്കുളം നാരായണ ചാക്യാരാണ് ബിലഹരിയുടെ ഗുരു. സംസ്‌കൃതം പ്രസംഗത്തില്‍ ബാലാവകാശ കമ്മീഷന്റെ അപ്പീലിലൂടെ മത്സരിച്ച് ഒന്നാം സഥാനം നേടി ബിലഹരി.
















