വര്‍ണ്ണം വിതറി സംഘനൃത്തവും മൊഞ്ചുന്ന ശീലുമായി ഒപ്പനയും ചിലങ്കവേദിയെ മനം നിറച്ചപ്പോള്‍ ചിലങ്കയുടെ താളത്തിനൊത്ത് സദസ്സിന്റെ കരഘോഷവും ഉയര്‍ന്നു. സ്കൂള്‍ കലോത്സവങ്ങളിലെ ‘കളര്‍ഫുള്‍’ ഇനമായ സംഘനൃത്തവും ഒപ്പനയും പ്രധാന വേദിയായ പുത്തരിക്കണ്ടത്തെ ഇന്നലെ പൂരപ്പറമ്പാക്കി. കലോത്സവം ജനം നന്നേ ആസ്വദിച്ചു.
എച്ച്എസ് വിഭാഗം ഒപ്പനയോടെയായിരുന്നു തുടക്കം. മൈലാഞ്ചി ചുവപ്പുള്ള പെണ്‍കൊടികള്‍ തട്ടമിട്ട് കൈകൊട്ടിപ്പാടിയപ്പോള്‍ നാണം കുണുങ്ങിയ മൊഞ്ചുള്ള മണവാട്ടിക്ക് സദസ്സിന്റെ പൂര്‍ണ്ണപിന്തുണ. 25 സംഘങ്ങള്‍ മത്സരിച്ച ഒപ്പനയില്‍ കോഴിക്കോടന്‍ മൊഞ്ചിന് സമ്മാനം. കോഴിക്കോട് സില്‍വര്‍ എച്ച്എസ്എസിലെ അമേയയും സംഘവുമാണ് ഒന്നാം സ്ഥാനം നേടിയത്.
തുടര്‍ന്നായിരുന്നു എച്ച്എസ്എസ് വിഭാഗം സംഘനൃത്തം. കരകാട്ടവും കാവടിയാട്ടവും വേദിയില്‍ വര്‍ണ്ണം വിതറിയപ്പോള്‍ കണ്ണകീചരിതവും തെയ്യവും തിറയുമൊക്കെ നിറഞ്ഞുതുള്ളി. വേഷവിധാനത്തിലും സംഘനൃത്തക്കാര്‍ നൂതന സാങ്കേതിക വിദ്യ കണ്ടെത്തി.
കിരീടത്തില്‍ എല്‍ഇഡി ലൈറ്റ് പതിപ്പിച്ച മകുടങ്ങള്‍ വരെ രംഗത്തെത്തി. ഭക്തിഗാനങ്ങളില്‍ ഉണ്ടായ പാശ്ചാത്യസംഗീതത്തിന്റെ കടന്നുകയറ്റം സംഘനൃത്ത മത്സരത്തിന്റെ പാട്ടിലും പ്രതിഫലിച്ചു. തെയ്യം, തിറ നൃത്തത്തില്‍ പോലും പാശ്ചാത്യ സംഗീതം അലയടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: