രാജ്യത്തിന്റെ സമഗ്രവളര്‍ച്ച ലക്ഷ്യമിട്ടുള്ള, നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സാമ്പത്തിക വളര്‍ച്ച നിലവിലുള്ള 7.4 ശതമാനത്തില്‍ നിന്ന് എട്ടര ശതമാനമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ബജറ്റില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും കാര്‍ഷിക, അടിസ്ഥാന മേഖലകളുടെ വികസനത്തിനുമാണ് മുന്‍തൂക്കം.
അഞ്ച് വമ്പന്‍ ഊര്ജ്ജോല്പ്പാദന പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ബജറ്റില്‍ ആദായ നികുതി പരിധി വര്‍ധിപ്പിച്ചിട്ടില്ല. പക്ഷെ ജോലിക്കാര്‍ക്ക് ആശ്വാസകരമായി നിരവധി നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് നികുതി. 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ച ബജറ്റില്‍ സ്വത്ത് നികുതി പൂര്‍ണമായി എടുത്തുകളഞ്ഞു. പകരം ഒരു കോടി രൂപയിലേറെ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് രണ്ടു ശതമാനം സര്‍ച്ചാര്‍ജ് ചുമത്തി.
കള്ളപ്പണത്തിനെതിരായ പോരാട്ടം ശക്തമാക്കാനും കള്ളപ്പണക്കാരെ കല്‍ത്തുറുങ്കില്‍ അടയ്ക്കാനും രണ്ടു നിയമങ്ങള്‍ കൊണ്ടുവരുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. വെറും പന്ത്രണ്ട് രൂപ വാര്‍ഷിക പ്രീമിയത്തില്‍ സകലര്‍ക്കും രണ്ടു ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ്, മുതിര്‍ന്ന പൗരന്മാര്ക്ക് മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ പേരിലുള്ള അടല്‍ പെന്ഷന് ഫണ്ട്, രണ്ടു ലക്ഷത്തിന്റെ അപകട മരണ സമഗ്ര ഇന്‍ഷ്വറന്‍സ്, യുവാക്കള്‍ക്ക് വ്യവസായ, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ ലഭ്യമാക്കാന്‍ മുദ്രാ ബാങ്ക്, സ്വര്‍ണ്ണ നിക്ഷേപത്തിന് പലിശ തുടങ്ങിയ നിരവധി പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ബജറ്റെന്ന് സാധാരണക്കാരും സാമ്പത്തിക വിദഗ്ധരും പ്രശംസിച്ചു.
ബജറ്റ് കൂടുതല്‍
- രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്കെത്തിക്കുകയാണ് പ്രധാന ലക്ഷ്യം
- നാണ്യപ്പെരുപ്പം പിടിച്ചു നിര്‍ത്താനായി. 5.1 ശതമാനമാണു നാണ്യപ്പെരുപ്പം. രൂപ ശക്തി പ്രാപിച്ചു.
- രാജ്യത്തെ ജനം മാറ്റം ആഗ്രഹിച്ചു. അഴിമതി മുക്ത ഭാരതം, ദ്രുത ഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച എന്നിവയാണു രാജ്യം പ്രതീക്ഷിക്കുന്നത്. പുതിയ സര്‍ക്കാറിലേക്കുള്ള മാറ്റത്തിലൂടെ അതാണു രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
- രാജ്യം സാമ്പത്തിക സുസ്ഥിരത ആര്‍ജിക്കുകയാണ്. സാമ്പത്തിക വളര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍ക്കും തുല്യ പങ്കുണ്ട്.
- ജന്‍ ധന് യോജന, സുതാര്യ രീതിയില്‍ കല്‍ക്കരി ലേലം, സ്വച്ഛ് ഭാരത് എന്നിവ ഈ സര്‍ക്കാറിന്റെ പ്രധാന നേട്ടങ്ങള്‍.
- എല്ലാവര്ക്കും വീട് എന്ന ലക്ഷ്യം 2022 ഓടെ പ്രാപ്തമാകും.
- വൈദ്യുതി എത്താത്ത എല്ലാ ഗ്രാമങ്ങളിലും 2020 ഓടെ വൈദ്യുതി എത്തിക്കും.
- അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ സ്കൂളുകള്‍ നിര്‍മിക്കും. എല്ലാവര്ക്കും വിദ്യാഭ്യാസം ഉറപ്പാക്കും.
- കാര്‍ഷിക മേഖലയുടെ തളര്‍ച്ച, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങളുടെ അഭാവം, നിര്‍മാണ മേഖലയുടെ വളര്‍ച്ചയിലുണ്ടാകുന്ന കുറവ് എന്നിവ വെല്ലുവിളികളാണ്.
- ഒരു ലക്ഷം കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മിക്കും. ഒരു ലക്ഷം കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മാണത്തിലിരിക്കുന്നു.
- രാജ്യത്ത് പുതുതായി 80,000 സെക്കന്ററി സ്കൂളുകള്‍ സ്ഥാപിക്കും.
- മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി രാജ്യത്തെ മാനുഫാക്ചറിങ് ഹബ് ആക്കി മാറ്റും. ഇതുവഴി രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും.
- ധനക്കമ്മി ജിഡിപിയുടെ മൂന്നു ശതമാനമാക്കുക എന്നതാണു ലക്ഷ്യം. ഇതു രണ്ടു വര്‍ഷത്തിനകം സാധ്യമാക്കും. നടപ്പു വര്‍ഷം 7.4 ശതമാനമാണു ജിഡിപി പ്രതീക്ഷിക്കുന്നത്.
- വരുന്ന സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങളുടെ വിഹിതമായി 5.28 ലക്ഷം കോടി രൂപ നല്‍കും.
- ധനക്കമ്മി 2015-2016ല്‍ 3.9%, 2016-2017ല്‍ 3.5%, 2017-2018ല്‍ 3% എന്നിങ്ങനെ കുറച്ചുകൊണ്ടുവരാനാണു ലക്ഷ്യമിടുന്നത്.
- പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി മുദ്ര ബാങ്ക്.
- പാചക വാതക സബ്സിഡി നേരിട്ടു നല്കുന്ന പദ്ധതി വിപുലീകരിക്കും.
- ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്‍ഡ് വഴി 25000 കോടി രൂപ.
- പ്രതിവര്‍ഷം 12 രൂപ പ്രീമിയം അടിസ്ഥാനത്തില്‍ സുരക്ഷാ ബീമ യോജനയില്‍പ്പെടുത്തി അപകട ഇന്‍ഷ്വറന്‍സ്.
- അടല്‍ പെന്ഷന് യോജന എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പെന്ഷന് പദ്ധതി.
- സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയാണു മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
- നാഷണല്‍ ഇന്‍വെസ്റ്റ്മന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും. റെയില്‍, റോഡ് പദ്ധതികള്‍ക്കായി നികുതി രഹിത ബോണ്ട് പദ്ധതി.
- ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 5300 കോടി രൂപ.
- രാജ്യത്തെ നിക്ഷേപ കേന്ദ്രമാക്കി മാറ്റും. പുതിയ നിക്ഷേപ മേഖലകള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ നിക്ഷേപ അനുമതി സാധ്യതകള്‍ പഠിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കും.
- സെക്കന്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചിട്ടില്ലാത്തവരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ക്കായി നയി മന്‍സില്‍ എന്ന പേരില്‍ തൊഴില്‍ പദ്ധതി.
- കൂടംകുളം ആണവ നിലയത്തിന്റെ രണ്ടാം യൂണിറ്റ് അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും.
- പൊതുമേഖലയിലുള്ള തുറമുഖങ്ങളെ കമ്പനീസ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരും.
- പവര്‍ ആന്‍ഡ് പ്ലേ മാതൃകയില്‍ അഞ്ച് അള്‍ട്രാ മെഗാ പവര്‍ പ്രൊജക്ടുകള്‍.
- കൂടുതല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ പ്രഖ്യാപനം ഉടന്‍. ജനതയെ ക്യാഷ്ലെസ് സൊസൈറ്റിയാക്കുക ലക്ഷ്യം.
- അശോക ചക്രം പതിച്ച ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്‍.
- നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ കൂടി. സ്ത്രീ സുരക്ഷയ്ക്കു മുഖ്യ പ്രധാന്യം നല്‍കും.
- വിസ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ 150 രാജ്യങ്ങള്‍കൂടി.
- ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, ആസാം എന്നിവിടങ്ങളില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്.
- നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്(നിഷ്) സര്‍വകലാശാലയാക്കി ഉയര്‍ത്തും.
- കര്‍ണാടകയില്‍ ഐഐടി.
- അരുണാചല്‍ പ്രദേശില്‍ ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് അനിമേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്.
- 25 വയസില്‍ താഴെ പ്രായമുള്ളവരെ ഉദ്ദേശിച്ച് നാഷണല്‍ സ്കില്‍ മിഷന് പ്രഖ്യാപിച്ചു.
- ബിഹാറിനും പശ്ചിമ ബംഗാളിനും പ്രത്യേക കേന്ദ്ര സഹായം.
- കള്ളപ്പണം ഇല്ലാതാക്കാന്‍ ഊര്‍ജിത ശ്രമം നടത്തും.
- മൂല്യ വര്‍ധിത നികുതി രാജ്യത്തിന്റെ വികസനത്തില്‍ മുഖ്യ പങ്കു വഹിക്കും.
- കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി കുറച്ചു. 30ല്‍നിന്ന് 25 ശതമാനമാക്കി.
- ഇഎസ്ഐ, പ്രൊവിഡന്റ് ഫണ്ട് നിയമങ്ങളില്‍ ഭേദഗതി വരുത്തും.
- അടുത്ത സാമ്പത്തിക വര്‍ഷം 3.9 ശതമാനമാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത്. റെവന്യൂ കമ്മി 2.8 ശതമാനകമാകുമെന്നും കരുതുന്നു.
- വിദേശ നിക്ഷേപ പലിശ ടാക്സ് റിട്ടേണില്‍ ഉള്‍പ്പെടുത്താത്തതു ഗുരുതര കുറ്റമായി കാണും. ഏഴു വര്‍ഷം വരെ തടവു ശിക്ഷ നല്‍കും.
- ആഭ്യന്തരതലത്തിലുള്ള കള്ളപ്പണം പിടികൂടുന്നതിനായി ബിനാമി ട്രാന്സാക്ഷന് ബില്‍ കൊണ്ടുവരും. റിയല്‍ എസ്റ്റേറ്റ് മേഖലയിലടക്കമുള്ള കള്ളപ്പണം തുടച്ചുനീക്കും.
- ഒരു ലക്ഷത്തിനു മേലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ നമ്പര്‍ നിര്‍ബന്ധം.
- നികുതിദായകര്‍ക്കുള്ള ഇളവുകള്‍ തുടരും.
- ഒരു ലക്ഷം രൂപയ്ക്കു മേലുള്ള ആദായ നികുതിക്കു സര്‍ചാര്‍ജ്. വെല്‍ത്ത് ടാക്സ് ഒഴിവാക്കിയാകും ഇത് ഏര്‍പ്പെടുത്തുക.
- എക്സൈസ് ഡ്യൂട്ടി 12.5 ശതമാനമാക്കി. സേവന നികുതി 14 ശതമാനമാക്കി.
- സുകന്യ സമൃദ്ധി പദ്ധതിയുള്ള നിക്ഷേപങ്ങള്‍ക്കു നികുതിയില്ല.
- സിഗററ്റിനും പാന്‍മസാലയ്ക്കും വില കൂടും.
- ടെക്നിക്കല്‍ സെര്വ്വീസുകള്ക്ക് നികുതി 25ല്‍ നിന്ന് 10 ശതമാനമായി കുറയ്ക്കും.
- ആദായ നികുതി പരിധിയില്‍ മാറ്റമില്ല.
- യോജ്യമായ പദ്ധതികള്‍ തെരഞ്ഞെടുത്താല്‍ വ്യക്തിഗത ആദായ നികുതി രഹിത പരിധി 4,44,200 രൂപ വരെയാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: