കൊച്ചി: സായുധസേനകളുടെ സംയുക്തയോഗം നാളെ കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമ്പോള്‍ പിറക്കുന്നത് പുതുചരിത്രം. സ്ഥിരമായി രാജ്യതലസ്ഥാനത്ത് നടന്നിരുന്ന യോഗം മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തവണ ആദ്യമായി ദല്‍ഹിക്ക് പുറത്തെത്തിയിരിക്കുന്നത്. ഭാഗ്യം ലഭിച്ചത് കൊച്ചിക്കും. ആഴക്കടലില്‍ വിമാനവാഹിനിക്കപ്പലിലാണ് യോഗം നടക്കുന്നതെന്നതും പ്രത്യേകതയാണ്.
കഴിഞ്ഞ വര്‍ഷം നടന്ന കമാണ്ടേഴ്സ് മീറ്റിലാണ് ദല്‍ഹിക്ക് പുറത്ത് പരിഗണിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. യുദ്ധമുഖങ്ങളിലോ തന്ത്രപ്രധാന മേഖലകളിലോ നടത്തണമെന്നായിരുന്നു മോദിയുടെ താത്പര്യം. ഇതനുസരിച്ച് കൊച്ചി തീരത്ത് നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ആഴക്കടലില്‍ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലാണ് യോഗം നടക്കുന്നത്. സേനകളുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലും ഭാവി പദ്ധതികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കരസേനാ മേധാവി ജനറല്‍ ദല്ബീര്സിംഗ് സുഗാഹ്, എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്.കെ. ധവാന് എന്നിവരും സേനകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. നാളെ രാവിലെ നാവിക ആസ്ഥാനത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച ശേഷം പ്രധാനമന്ത്രി ഐഎന്‍എസ് വിക്രമാദിത്യയിലേക്ക് ഹെലികോപ്ടറില്‍ യാത്രയാകും. 9.40 മുതല്‍ 1.15 വരെയാണ് യോഗം.
ഇതിന് ശേഷം പ്രധാനമന്ത്രിക്ക് മുന്നില്‍ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളും അരങ്ങേറും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ അഭ്യാസപ്രകടനങ്ങള്‍ ഉള്‍പ്പെടെ റിഹേഴ്സലുകളും നടന്നു. കഴിഞ്ഞ ഒക്ടോബറില്‍ യോഗം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും മോദിയുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: