കൊച്ചി: ഔപചാരികതകളെല്ലാം ഉപേക്ഷിച്ച് നാവികസേനാംഗങ്ങള്‍ക്ക് ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി സെല്‍ഫിക്ക് പോസ് ചെയ്തപ്പോള്‍ അംഗങ്ങളില്‍ ആവേശത്തിന്റെ അലകള്‍ ഉയര്‍ന്നു. ഇന്നലെ നാവിക വിമാനത്താവളമായ ഐഎന്‍എസ് ഗരുഡയില്‍ നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്ക് മുമ്പാണ് മുന്നറിയിപ്പൊന്നുമില്ലാതെ പ്രധാനമന്ത്രി അവിടെ നിന്നിരുന്ന സേനാംഗങ്ങള്‍ക്ക് സമീപമെത്തിയത്. തങ്ങളുടെ സമീപത്തേക്ക് നടന്നു വരുന്ന പ്രധാനമന്ത്രിയെ കണ്ട് സേനാംഗങ്ങള്‍ ആദ്യം അമ്പരന്നെങ്കിലും അടുത്തെത്തി അവരുമായി കുശലം പറഞ്ഞു തുടങ്ങിയതോടെ പിന്നിടുള്ള നിമിഷങ്ങള്‍ ആഹ്ലാദത്തിന്റേതായി.
അവരോട് വിവരങ്ങള്‍ ചോദിച്ച് അല്‍പ്പ നേരം ചിലവഴിച്ച പ്രധാനമന്ത്രി എസ്പിജിയുടെ സുരക്ഷ ക്രമീകരണങ്ങള്‍ ഒഴിവാക്കിയാണ് സേനാംഗങ്ങളുടെ അടുത്ത് എത്തിയത്. തങ്ങളുടെ അടുത്ത് എത്തിയ പ്രധാനമന്ത്രിയുമൊത്തുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്കും സെല്‍ഫി എടുക്കുന്നതിനും കേഡറ്റുകളും ഓഫീസര്‍മാരുമടക്കമുള്ള സേനാംഗങ്ങള്‍ മത്സരിച്ചു.
മിനിസ്റ്റര്‍ ഇന്‍ വെയിറ്റിങ് കെ.പി. മോഹനന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി കൊല്ലത്തേക്ക് മടങ്ങിയത്. ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, സിറ്റി പോലീസ് കമ്മീഷണര്‍ എം,പി. ദിനേശ്, ബിജെപി നേതാക്കളായ എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന് തുടങ്ങിയവര്‍ നാവിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ യാത്ര അയക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: