കോഴിക്കോട്: ഉള്ളില്‍ താളമുണ്ടെങ്കില്‍ ചുവടു തെറ്റില്ല. ഗുരുത്വം കൂടിയുണ്ടെങ്കില്‍ കൃത്യം കൃത്യമായിരിക്കും. അകക്കണ്ണുകളും ഉള്ക്കര്ണ്ണങ്ങളും അവര്‍ക്കു തുണ. അതുകൊണ്ടുതന്നെ അവര്‍ക്കു താളം പിഴയ്ക്കില്ല, ചുവടുകള്‍ തെറ്റില്ല. തീവ്രമായ ഇച്ഛാശക്തിയും കൂട്ടുണ്ടല്ലോ.
അഞ്ജലിയും അനിഷയും അല്സിയയും അജിഷയും രുക്സാനയും ഫിദയും അഞ്ജനയും വിസ്മയയും ജീവിതത്തില്‍ ഇതുവരെ തിരുവാതിരപ്പാട്ട് കേട്ടിട്ടില്ല. പാട്ടെന്നല്ല, ചെറിയൊരു മര്മ്മരം പോലും. എന്നാല്‍ കലോത്സവവേദിയിലെ സാംസ്കാരികോത്സവവേദിയില് അവര്‍ തിരുവാതിരച്ചുവടുകള്‍ വെച്ചു.
പ്രത്യേക ക്ഷണപ്രകാരം. ഗണനായകനെ… ഗജമുഖനേ… എന്ന് പാട്ട് മുഴങ്ങി. അതുപക്ഷേ അവര്‍ കേട്ടില്ല. പക്ഷെ, ഉരിയാടാനാവാത്ത, ഒരു ശബ്ദവും കേള്‍ക്കാനാവാത്ത ഈ കലാകാരികള്‍ താളബോധമറിഞ്ഞ് ചുവടുകള്‍ വെച്ചു.
കോഴിക്കോട് ഗവ. മോഡല്‍ എച്ച്എസ്എസിലെ സാംസ്കാരികോത്സവത്തിലെ നവനീതം വേദിയായിരുന്നു രംഗം. വെള്ളിപറമ്പ് റഹ്മാനിയ എച്ച്എസ്എസ്സിലെ വിഭിന്ന ശേഷി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ സാംസ്കാരികോല്‍സവത്തില്‍ തിരുവാതിര നൃത്തം അവതരിപ്പിക്കുമ്പോള്‍ കാണികള്‍ രസിച്ചിരുന്നു.
ലോകത്തിന് മുമ്പില്‍ ഇവര്‍ ബധിരരും മൂകരും. പക്ഷേ അവരുടെ ആനന്ദം സംസാരിക്കുകയായിരുന്നു, ലോകത്തോട്, പുഞ്ചിരിയൊടുങ്ങാത്ത ഭാവങ്ങളിലൂടെ. വേദിയുടെ മധ്യത്തില്‍ മറ്റൊരാള്‍ കൂടി തിരുവാതിരച്ചുവടുകളും മുദ്രകളുമായി അവരെ നയിച്ചു. നൃത്താദ്ധ്യാപികയായ ഷിജില സുജിത്ത്. കുട്ടികള്ക്കെങ്ങാനും ചുവടുകള്‍ പിഴച്ചാല്‍ തന്റെ അംഗചലനങ്ങള്‍ അവര്‍ക്ക് തുണയാവട്ടെ എന്ന പ്രതീക്ഷയില്‍.
താളബോധമില്ലാത്തവരെ എങ്ങനെ തിരുവാതിര പഠിപ്പിക്കുമെന്നായിരുന്നു ടീച്ചറെ കുഴക്കിയ പ്രശ്നം. സ്ഥിര പരിശീലനം തപസ്യയായി ഏറ്റെടുത്ത കുട്ടികള്‍ ടീച്ചറുടെ ചുവടുകള്‍ മനഃപാഠമാക്കി. ഒരിക്കലും കേള്‍ക്കാത്ത പാട്ടിനൊപ്പിച്ച് അവര്‍ നൃത്തമാടി. ആത്മാവിശ്വാസത്തോടെ. സംസ്ഥാന സ്കൂള്‍കലോത്സവത്തില്‍ തിരുവാതിര അവതരിപ്പിക്കാന്‍ ക്ഷണം കിട്ടിയെന്ന വിവരം അറിഞ്ഞപ്പോള്‍ സന്തോഷംകൊണ്ട് കുട്ടികള്‍ തുള്ളിച്ചാടി, ടീച്ചര്‍ പറഞ്ഞു.
കാഴ്ചയുടെ വര്‍ണ്ണപ്പൊലിമ നിറഞ്ഞ കലാമാമാങ്കത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞസന്തോഷത്തോടെയാണ് എട്ട് കുട്ടികള്‍ മടങ്ങിയത്. കണ്ണൂരില്‍ നടന്ന വിഭിന്ന ശേഷിയുള്ളവര്ക്കായുള്ളസംസ്ഥാന കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനവും എ ഗ്രേഡും ഇവര്‍ കരസ്ഥമാക്കിയിട്ടുണ്ട് ഇവര്‍. ബാലുശ്ശേരി മണ്ണൊമ്പൊയില് സ്വദേശിയായ ഷിജില സുജിത്ത് കോഴിക്കോട് കോവൂരിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: