കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ കൊടിയറങ്ങി. 18 വേദികളില്‍ 232 ഇനങ്ങളിലായി 12000ത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച കലോത്സവം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. വളരെക്കുറഞ്ഞ കാലയളവുമാത്രമാണ് തയാറെടുപ്പിന് ലഭിച്ചതെങ്കിലും കോഴിക്കോടിന്റെ പൂര്‍ണ്ണ പങ്കാളിത്തം മേളയെ കുറ്റമറ്റതാക്കി നടത്താന്‍ ഏറെ സഹായിച്ചു.
സമാപനസമ്മേളനം അലങ്കോലപ്പെടുത്താന്‍ എസ്എഫ്ഐക്കാര്‍ നടത്തിയ ശ്രമമൊഴിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ മേള പൂര്‍ത്തിയായി എന്നത് എല്ലാവരിലും ആശ്വാസമുണര്ത്തുന്നത്. മാവോയിസ്റ്റ് ആക്രമത്തിന്റെ സാഹചര്യത്തില്‍ കലോത്സവത്തിന് സുരക്ഷാഭീഷണി ഉയര്‍ന്നിരുന്നു.
വിധിനിര്ണ്ണയത്തെക്കുറിച്ചാണ് ഏറെ പരാതി ഉയര്‍ന്നത്. വിധികര്കര്ത്താക്കളെച്ചൊല്ലി ഉയരുന്ന ആക്ഷേപങ്ങള്‍ ശരിയാണെന്ന് തെളിയുന്നതരത്തിലാണ് ലോവര്‍ അപ്പീലിന്റെയും ഹയര്അപ്പീലിന്റെയും ഫലങ്ങള്‍. ഉപജില്ലാതലം മുതല്‍ കുറ്റമറ്റ വിധിനിര്‍ണ്ണയം നടത്താന്‍ കഴിയാതെ വരുന്നതിന്റെ ഫലമായി സംസ്ഥാന കലോത്സവത്തിലെത്തുമ്പോള്‍ അപ്പീല്പ്രളയമായി മാറുകയാണ്.
കൂടാതെ ലോകായുക്ത, ഹൈക്കോടതിയടക്കം വിവിധ കോടതികള്‍, ബാലവകാശ കമ്മീഷന് കൂടാതെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി വഴിയും ഇത്തവണ അപ്പീലുകള്‍ എത്തി. ഹയര്അപ്പീലില് പരാതി തീരാത്തവര്‍ വിജിലന്‍സ് കേസ് നല്കിയ അപൂര്‍വ്വതയും ഈ മേളയ്ക്കുണ്ട്. അപ്പീലുകള്‍ കൂടുന്നതിനനുസരിച്ച് മത്സരങ്ങള്‍ രാപ്പകല്‍ നീണ്ടു. അതോടെ മേളയുടെ സംഘാടനത്തെയും വിധകര്ത്താക്കളെയും അത് ബാധിച്ചു.
കലോത്സവ നടത്തിപ്പില്‍ സമൂലമായ അഴിച്ചുപണി വേണെന്ന ആവശ്യംഏറെ ചര്‍ച്ച ചെയ്യപ്പട്ടതാണ് 55-ാമത് സ്കൂള്‍ കലാമേള. ആദിവാസി കലാരൂപങ്ങള്‍കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള പല ഇനങ്ങളും കൂട്ടിച്ചേര്‍ത്തത് ഒഴിവാക്കി കലോത്സവത്തിന്റെ വലുപ്പം കുറയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പണക്കൊഴുപ്പിന്റെയും ആര്‍ഭാടത്തിന്റെയും മേളയായി മാറുന്നുവെന്ന പരാതി പതിവുപോലെ ഇവിടെയും ഉയര്‍ന്നു. കലോത്സവ നഗരിയിലെത്തുന്നവര്‍ക്ക് ഇത് ബോധ്യപ്പെടും. മാധ്യമങ്ങളുടെ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളുടെ ഇടപെടല്‍ അരോചകവും അപ്രസക്തവും ആകുന്നതരത്തിലാണെന്ന ആക്ഷേപവും ഉയര്‍ന്നുകേട്ടു.
അടുത്തവര്‍ഷം എറണാകുളത്ത് കലോത്സവമെത്തുമ്പോഴേക്കും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന തരത്തില്‍ മാന്വല്‍ പരിഷ്ക്കരണമടക്കം ഉള്ളടക്കത്തില്‍ മാറ്റങ്ങള്‍ ഉണ്ടായാല്‍ 56-ാമത് കലോത്സവം പുതിയ തുടക്കമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: