അച്ഛനെ തോൽപ്പിച്ച് ഗ്രീക്ക് ദേവൻ സിയൂസ് പിടിച്ചടക്കിയ താഴ്വരയാണ് തെക്കു പടിഞ്ഞാറൻ ഗ്രീസിലെ ഒളിമ്പിയ. അവിടെ അദ്ദേഹത്തിന് സ്വയം സമർപ്പിതമായൊരു ദേവാലയം. അതിനു മുന്നിൽ സിയൂസിന്റെ കൂറ്റൻ പ്രതിമയും. അതോടെ, ഒളിമ്പിയ പ്രസിദ്ധമായി. ഒരുപാട് ഉത്സവങ്ങൾക്ക് വേദിയായി. ദേവാധിദേവനായ സീയൂസിനെ ആരാധിക്കാൻ ജനങ്ങൾ ഒഴുകിയെത്തി. അക്കാലത്ത് ഒളിമ്പിയയിൽ അരങ്ങേറിയ ഒരുപാട് ആഘോഷങ്ങളിൽ ഒന്നായിരുന്നു ഒളിമ്പിക്സ്. സിയൂസിന്റെ ഓർമ്മയ്ക്ക് മകൻ പൗസാനിയോസ് തുടക്കമിട്ട കായിക മത്സരം.
ആദ്യ ഒളിമ്പിക്സ് നടന്നത് ബിസി 776 ലെന്ന് ചരിത്ര രേഖകൾ. ഒരു ഇനം മാത്രം, 192 മീറ്റർ ഓട്ടം. വിജയി കൊറോയിബസ് എന്ന പാചകക്കാരൻ. തുടർന്നു വന്ന 13 ഒളിമ്പിക്സിലും ഈയൊരു ഇനം മാത്രമേയുണ്ടായിരുന്നുള്ളു. ഗ്രീക്കുകാർ മാത്രമായിരുന്നു മത്സരാർത്ഥികൾ. പങ്കെടുക്കേണ്ടത് സ്വന്തം കാശുമുടക്കി. അന്നൊക്കെ വിജയികളുടെ പട്ടണത്തിലെ ചുറ്റുമതിലുകളിൽ പ്രത്യേകം കവാടങ്ങൾ പണിയുമായിരുന്നു. അവർക്കു മാത്രം കടന്നുപോകാനായി. നാട്ടുകാർക്കും അത് അഭിമാനമുള്ള കാര്യമായിരുന്നു.
വിജയത്തിന്റെ, സമൃദ്ധിയുടെ, സമാധാനത്തിന്റെ പ്രതീകമായ ഒലിവായിരുന്നു വിജയികൾക്കുള്ള സമ്മാനം. മെഡിറ്ററേനിയൻ പ്രദേശത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന വൃക്ഷമാണ് ഒലിവ്. ഗ്രീക്ക് സാഹിത്യകാരൻ ഹോമർ ‘ദ്രവ സ്വർണം’ എന്നാണ് ഒലിവിനെ വിളിച്ചിരുന്നത്. ഒലിവിന്റെ ചില്ല വൃത്താകൃതിയിൽ കെട്ടിയെടുത്ത് വിജയിയെ കിരീടമണിയിക്കും. സിയൂസിന്റെ ദേവാലയത്തിനു മുമ്പിലുള്ള ഒലിവിന്റെ ചില്ലകളാണ് ഇതിനുപയോഗിച്ചിരുന്നത്. അച്ഛനും അമ്മയും ജീവിച്ചിരിപ്പുള്ള ഒരാൺകുട്ടി സ്വർണ കത്രിക കൊണ്ട് ചില്ലകൾ മുറിച്ചെടുത്ത് ഹീരയുടെ ദേവാലയത്തിലേക്ക് കൊണ്ടുപോകും. സ്വർണവും ആനക്കൊമ്പും കെട്ടിയ മേശയിലത് സൂക്ഷിക്കും. മത്സരത്തിനൊടുവിൽ വിധികർത്താക്കൾ കിരീടമണിയിക്കും. ആദ്യകാല ഒളിമ്പിക്സിലെ പകരക്കാനില്ലാത്ത ഗുസ്തിക്കാരനായിരുന്നു മിലോ ഒഫ് ക്രോട്ടൻ. കൂറ്റനൊരു കാളയെ ചുമലിലെടുത്തു നടക്കാൻ മാത്രം ശക്തൻ.
റോം, ഗ്രീസിനെ കീഴടക്കിയതോടെ ഒളിമ്പിക് മത്സരങ്ങളുടെ പവിത്രത നഷ്ടമായി. മത്സരങ്ങൾക്ക് ആധികാരികതയില്ലാതായി. നീറോ ചക്രവർത്തി ഒളിമ്പിക്സിനെ പ്രഹസനമാക്കി. എഡി 394 ൽ റോമൻ ചക്രവർത്തി തിയോഡോസിയസ് ഒളിമ്പിക്സ് നിരോധിച്ചു.
ഒളിമ്പിയയുടെ നാശമായിരുന്നു പിന്നീട്. തിയോഡോസിസ് രണ്ടാമൻ സിയൂസിന്റെ ദേവാലയം നശിപ്പിക്കാൻ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ പ്രതിമ കോൺസ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോയി. പിന്നീടുണ്ടായ ഭൂകമ്പം ഒളിമ്പിയയുടെ പ്രൗഢിയെ ചരിത്രത്തിലേക്കു മാറ്റി. ഒളിമ്പിയ ചരിത്രാവശിഷ്ടമായി. പിന്നീട് 1900ൽ ഫ്രഞ്ചുകാരൻ പിയറി ഡി കുബർട്ടിനിലൂടെ ആധുനിക ഒളിമ്പിക്സിന് തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: