റിയോ ഡി ജനീറോ: ഒളിമ്പിക്സ് വനിതാ ഹോക്കിയില്‍ ഭാരതത്തിന്റെ തുടക്കം സമനിലയോടെ. ജപ്പാനെതിരെ രണ്ടു തവണ പിന്നില്‍ നിന്നശേഷമാണ് ഭാരത വനിതകള്‍ വീരോചിത സമനില പിടിച്ചെടുത്തത്(2-2).
ആദ്യ ക്വാര്‍ട്ടറിലും രണ്ടാം ക്വാര്‍ട്ടറിലും ഗോള്‍ നേടി ജയം ലക്ഷ്യമിട്ട ജപ്പാനെ മൂന്നാം ക്വാര്‍ട്ടറില്‍ നേടിയ ഗോളുകളിലൂടെയാണ് ഭാരതം സമനിലയില്‍ തളച്ചത്.
ആദ്യ ക്വാര്‍ട്ടറില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് എമി നിഷികോറിയാണ് ജപ്പാന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടാം ക്വാര്‍ട്ടറില്‍ മീ നകാഷിമ ജപ്പാന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ രണ്ട് ക്വാര്‍ട്ടറിലെ തളര്‍ച്ചയ്ക്കുശേഷം ഭാരത വനിതകള്‍ ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്.
മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ റാണി രാംപാല്‍ ജപ്പാന്റെ ലീഡ് ഒന്നാക്കി കുറച്ചു. ഒരു ഗോള്‍ തിരിച്ചടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഭാരത വനിതകള്‍ ആക്രമിച്ചുകളിച്ചതോടെ ജപ്പാന് പതറി. അധികം വൈകാതെ അതിന് ഫലം കണ്ടു. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ലിമ മിന്‍സ് ഭാരതത്തിനായി സമനില ഗോള്‍ നേടി. റീബൗണ്ടില്‍ നിന്നായിരുന്നു ലിമയുടെ ഗോള്‍.
നാലാം ക്വാര്‍ട്ടറില്‍ വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം വീണില്ല. ബ്രിട്ടനുമായാണ് ഭാരതത്തിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: