റിയോ ഡി ജനീറോ: രാജ്യം ഏറെ പ്രതീക്ഷ പുലർത്തിയ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങിലും ഇന്ത്യക്ക് മെഡലില്ല. ഇന്നലെ നടന്ന ഫൈനലിൽ 2008ലെ ബീജിങ് സ്വർണ്ണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര 163.8 പോയിന്റുമായി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
യോഗ്യതാ റൗണ്ടിൽ 625.7 പോയിന്റ് നേടിയ ബിന്ദ്ര ഏഴാമതായാണ് ഫൈനൽ ടിക്കറ്റ് നേടിയത്. ഇടയ്ക്ക് മൂന്നാം സ്ഥാനം വരെയെത്തിയ ശേഷമാണ് ബിന്ദ്ര ഏഴാമനായി യോഗ്യത നേടിയത്.
ഇറ്റലിയുടെ നിക്കോളോ കാംപ്രിയാനി 206.1 പോയിന്റ് നേടിസ്വർണ്ണം നേടി. 204.6 പോയിന്റ് നേടിയ ഉക്രെയിൻ ഷൂട്ടർ സെർഷി കുലിഷ് വെള്ളിയും 184.2 പോയിന്റുമായി റഷ്യൻ താരം മാസ്ലെനിക്കോവ് വെങ്കലവും കരസ്ഥമാക്കി.
ഇടയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് വരെ ഉയർന്നുവെങ്കിലും നിർണായക സമയത്ത് ലക്ഷ്യം പാളിയാണ് ബിന്ദ്രക്ക് തിരിച്ചടിയായത്.
630.2 പോയിന്റ് നേടി ഒളിമ്പിക് റെക്കോർഡോടെയാണ് ഇറ്റലിയുടെ നിക്കോളൊ കാംപ്രിയാനി യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയത്. 629 പോയിന്റോടെ വഌഡിമർ മാസ്ലെന്നികോവ് രണ്ടാമതും 628 പോയിന്റോടെ പെറ്റർ ഗോർസ മൂന്നാമതുമായി.
കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് ഗഗൻ നാരംഗിന് ഫൈനലിന് യോഗ്യത നേടാൻ പോലും കഴിഞ്ഞില്ല. 50 പേർ മത്സരിച്ച പോരാട്ടത്തിൽ 621.7 പോയിന്റ് നേടിയ നാരംഗ് 23-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ ട്രാപ്പ് രണ്ടാം ദിവസത്തെ യോഗ്യതാ മത്സരത്തിൽ മാനവ്ജിത്ത് സിങ് സന്ധു പതിനാറാമതും കൈനൻ ചെനായി പത്തൊൻപതാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: