റിയോ ഡി ജനീറോ: സൈക്ലിങ്ങിൽ അമേരിക്കൻ വനിതാ താരത്തിന് ഹാട്രിക്ക് സ്വർണ്ണം. തുടർച്ചയായി മൂന്ന് ഒളിമ്പിക്‌സുകളിൽ പൊന്നണിഞ്ഞാണ് ക്രിസ്റ്റിൻ ആംസ്‌ട്രോങ് എന്ന വനിതാ താരം ഹാട്രിക്ക് തികച്ചത്. ടൈം ട്രയൽ ഇനത്തിലായിരുന്നു നേട്ടം. തന്റെ 43-ാം ജന്മദിനത്തിന്റെ തലേന്നാണ് ഈ വനിത നേട്ടം സ്വന്തമാക്കിയത്.
സൈക്ലിങിലെ ഒരുവിഭാഗത്തിൽ തന്നെ തുടർച്ചയായി മൂന്നു ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ താരമായി ആംസ്‌ട്രോംങ്. 29.7 കിലോ മീറ്റർ പൂർത്തിയാക്കാൻ 44:26.42 സെക്കൻഡാണ് എടുത്തത്. റഷ്യയുടെ ഒൽഗ സബെലിൻസ്‌കയ വെള്ളിയും നെതർലൻഡ്‌സിന്റെ അന്ന വാൻഡെർ ബ്രഗൻ വെങ്കലവും സ്വന്തമാക്കി.
2008ലെ ബീജിങിൽ സ്വർണം നേടിയ ശേഷം വിരമിക്കാൻ തീരുമാനിച്ചിരുന്നു ആംസ്‌ട്രോങ്ങ്. അമ്മയായതിനു ശേഷവും ആംസ്‌ട്രോങ്ങ് മത്സരരംഗത്ത് സജീവമാകുകയും ലണ്ടൻ ഒളിമ്പിക്‌സിലെ സ്വർണ്ണനേട്ടത്തിനുശേഷം വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിൽ തീരുമാനം മാറ്റുകയും വീണ്ടും രംഗത്തെത്തുകയുമായിരുന്നു. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ ഒന്നാമതെത്തിയതോടെ ടൈം ട്രയലിൽ സ്വർണ്ണം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിയും കൈവന്നിരുന്നു.
















