നൗകാമ്പ്: സൂപ്പര്‍താരം മെസ്സിയുടെ ഹാട്രിക്ക് കരുത്തില്‍ ബാഴ്സലോണക്ക് ഗംഭീര വിജയം. ഇന്നലെ പുലര്‍ച്ചെ സമാപിച്ച കളിയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്സലോണ ലെവന്റെയെ തകര്‍ത്തത്. മെസ്സിക്ക് പുറമെ മറ്റ് രണ്ട് സൂപ്പര്‍താരങ്ങളായ നെയ്മറും ലൂയി സുവാരസും ബാഴ്സക്കായി ഗോളുകള്‍ നേടി.
കളിയുടെ 17-ാം മിനിറ്റില്‍ നെയ്മറിലൂടെയാണ് ബാഴ്സ ഗോള്‍മഴക്ക് തുടക്കമിട്ടത്. പിന്നീട് 38-ാം മിനിറ്റിലും 59-ാം മിനിറ്റിലും 65-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും മെസ്സി ഗോളുകള്‍ നേടി. ലാ ലിഗയില്‍ 300 മത്സരത്തിനിറങ്ങിയ മെസ്സിയുടെ 23-ാം ഹാട്രിക്കാണ് ഇന്നലെ പിറന്നത്. ഇത്രയും കളികളില്‍ നിന്നായി 269 ഗോളുകളാണ് അര്‍ജന്റീനയുടെ ക്യാപ്റ്റനായ മെസ്സി നേടിയിട്ടുള്ളത്. 73-ാം മിനിറ്റിലായിരുന്നു ലൂയി സുവാരസിന്റെ ഗോള്‍. വിജയത്തോടെ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറയ്ക്കാനും ബാഴ്സക്കായി. 23 കൡകള്‍ പൂര്‍ത്തിയാക്കിയ റയലിന് 57ഉം ബാഴ്സക്ക് 56ഉം പോയിന്റുകളാണുള്ളത്.
എന്നാല്‍ മറ്റൊരു കൡയില്‍ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡ് പരാജയപ്പെട്ടത് കിരീട സാധ്യതക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച റയല്‍ മാഡ്രിഡിനെ 4-0ന് തകര്‍ത്ത അത്ലറ്റികോ ഇന്നലെ സെല്‍റ്റ ഡി വീഗോയോടാണ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 59-ാം മിനിറ്റില്‍ ഡുറാനും 71-ാം മിനിറ്റില്‍ ഒറെല്ലാനയും നേടിയ ഗോളുകളാണ് അത്ലറ്റികോയുടെ കഥകഴിച്ചത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണെങ്കിലും അത്ലറ്റികോക്ക് 23 കളികളില്‍ നിന്ന് 50 പോയിന്റാണുള്ളത്.
മറ്റൊരു കളിയില്‍ വലന്‍സിയ 71-ാം മിനിറ്റില്‍ നെഗ്രഡോ നേടിയ ഏക ഗോളിന് ഗറ്റാഫെയെ മറികടന്നു. വിയ്യാറയലിനെ 2-0ന് പരാജയപ്പെടുത്തി റയോ വയ്യക്കാനോയും മികച്ച വിജയം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: