മാഡ്രിഡ്: സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും കരിം ബെന്‍സേമയുടെയും ഗോളുകളുടെ പിന്‍ബലത്തില്‍ റയല്‍ മാഡ്രിഡിന് സ്പാനിഷ് ലീഗില്‍ മികച്ച വിജയം. ഇന്നലെ പുലര്‍ച്ചെ സമാപിച്ച കളിയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ എല്‍ച്ചെയെ കീഴടക്കിയത്. 56-ാം മിനിറ്റില്‍ ബെന്‍സേമയും 69-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയും റയലിനായി ഗോളുകള്‍ നേടി.
ഇന്നലെ നേടിയ ഗോളോടെ ക്രിസ്റ്റിയാനോ റയലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതി സ്വന്തമാക്കി. 281 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 290 ഗോളുകള്‍ നേടി ഈ ബഹുമതി സ്വന്തമാക്കിയത്. 741 കളികളില്‍ നിന്ന് 323 ഗോളുകള്‍ നേടിയ മുന്‍ താരം റൗള്‍ ഗൊണ്‍സാല്‍വസാണ് ടോപ്സ്കോറര്‍ പട്ടികയില്‍ ഒന്നാമന്. 392 കളികളില്‍ നിന്ന് 305 ഗോളുകള്‍ നേടിയ ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോയാണ് രണ്ടാം സ്ഥാനത്ത്.
സ്റ്റെഫാനോയെ മറികടക്കാന്‍ റൊണാള്‍ഡോക്ക് ഇനി 16 ഗോളുകള്‍ കൂടി മാത്രം മതി. 1971 മുതല്‍ 88 വരെ റയലിനായി കളിച്ച സ്പാനിഷ് താരം കാര്‍ലോസ് സാന്റില്ലാനയുടെ 289 ഗോളുകളെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ ഇന്നലെ മറികടന്നത്. 645 കളികളില്‍ നിന്നായിരുന്നു സാന്റില്ലാന 289 ഗോളുകള്‍ നേടിയത്. അതിന്റെ പകുതി കളിപോലും കളിക്കാതെയാണ് റൊണാള്‍ഡോ സാന്റില്ലാനയെ മറികടന്നത്.
ഇന്നലെ കളിയില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയിട്ടും ആദ്യപകുതിയില്‍ റയലിന് എതിര്‍വല കുലുക്കാന്‍ കഴിഞ്ഞില്ല. ക്രിസ്റ്റിയാനോയും ഇസ്കോയും ബെന്‍സേമയുമെല്ലാം അവസരങ്ങള്‍ തുലച്ചതോടെ ആദ്യപകുതി ഗോള്‍രഹിതമായി. ഇടയ്ക്ക് ക്രിസ്റ്റിയാനോയുടെ ഒരു ഷോട്ട് സൈഡ്പോസ്റ്റില്ത്തട്ടിത്തെറിച്ചപ്പോള് മറ്റൊന്ന് എല്‍ച്ചെ ഗോളി മുഴുനീളെ പറന്ന് കുത്തിയകറ്റി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ എല്‍ച്ചെയുടെ ആരോണ്‍ റയല്‍ ഗോളി കസിയസിനെ ഒന്ന് വിറപ്പിച്ചു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച റയല്‍ 56-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി.
എല്‍ച്ചെ പ്രതിരോധത്തിന് സംഭവിച്ച പിഴവില്‍ നിന്ന് ബെന്‍സേമയാണ് റയലിന് ലീഡ് നേടിക്കൊടുത്തത്. പിന്നീട് 69-ാം മിനിറ്റില്‍ ഇടതുവിംഗിലൂടെ പന്തുമായി മുന്നേറിയ ശേഷം ഇസ്കോ നല്കിയ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ എല്‍ച്ചെ ഗോളിക്ക് ഒന്നും ചെയ്യാന കഴിഞ്ഞില്ല. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സയുമായി നാല് പോയിന്റിന്റെ ലീഡ് നേടാനും റയലിനായി. 24 മത്സരങ്ങളില്‍ നിന്ന് റയലിന് 60ഉം ബാഴ്സക്ക് 56ഉം പോയിന്റുകളാണുള്ളത്.
മറ്റ് മത്സരങ്ങളില്‍ റയല്‍ സോസിഡാഡ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് സെവിയയെയും അത്ലറ്റിക് ബില്‍ബാവോ 1-0ന് റയോ വയ്യക്കാനോയെയും വിയ്യാ റയല്‍ ഇതേ മാര്‍ജിനില്‍ ഐബറിനെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: