മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടപ്പോരാട്ടത്തില്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ (61 പോയിന്റ്) പിന്തള്ളി ബാഴ്സലോണ (62) ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു.
ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് റയോ വല്ലെക്കാനോയെ നിഷ്പ്രഭമാക്കിയ ലയണല്‍ മെസിയും കൂട്ടരും അത്ലറ്റിക്ക് ബില്വായോട് റയലിനേറ്റ തോല്വിയൊരുക്കിയ അവസരം മുതലെടുത്താണ് പ്രഥമ സ്ഥാനത്ത് കയറിയത്.
കളിയുടെ രണ്ടു പകുതികളിലും ബാഴ്സയ്ക്കായിരുന്നു മുന്‍തൂക്കം. 5-ാം മിനിറ്റില്‍ ഉറുഗൈ്വ സ്ട്രൈക്കര്‍ ലൂയിസ് സുവാരസ് ബാഴ്സയ്ക്ക് ഒരു ഗോളിന്റെ ലീഡ് നല്കി. ആദ്യഘട്ടത്തില്‍ പിന്നെ ഗോളൊന്നും പിറന്നില്ല.
രണ്ടാം പകുതിയില്‍ ജെറാഡ് പിക്വെ (49) നൗ കാംപ് സംഘത്തിന്റെ ആധിപത്യം വര്‍ധിപ്പിച്ചു (2-0). ഗോള്‍മഴ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. 56, 63, 68 മിനിറ്റുകളില്‍ എതിര് വലയില്‍ പന്തു നിക്ഷേപിച്ച മെസിയുടെ 24-ാം ലാ ലീഗ ഹാട്രിക്ക് സ്വന്തം പേരിലെഴുതി. 81-ാം മിനിറ്റില്‍ ബ്യൂനോ റയോ വല്ലെക്കാനോയ്ക്ക് നേരിയ ആശ്വാസം സമ്മാനിച്ചു (5-1). എന്നാല്‍ സുവാരസ് ഡബിള്‍ തികച്ച ഇഞ്ചുറി ടൈമില്‍ ബാഴ്സലോണയ്ക്ക് രാജകീയ ജയം (6-1).
കഴിഞ്ഞ ദിവസം, അര്‍ട്ടിസ് അഡൂറിസിന്റെ ഹെഡ്ഡറാണ് അത്ലറ്റിക് ബില്‍ബാവോയ്ക്ക് റയലിനുമേല്‍ അട്ടിമറി ജയം ഒരുക്കിയത് (1-0).
26-ാം മിനിറ്റിലായിരുന്നു അഡൂറിസിന്റെ ഗോള്‍. ഒന്നാം പകുതിയില്‍ റയല്‍ തീരെ നിറംകെട്ടു. ഇടവേളയ്ക്കുശേഷം അവര്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ബില്‍ബാവോ പ്രതിരോധം വിട്ടുകൊടുത്തില്ല. ക്രിസ്റ്റിയാനോയും കരീം ബെന്‍സേമയും ഗാരെത് ബെയ്ലുമൊക്ക കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍മുഖം അടഞ്ഞുകിടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: