ബെംഗളൂരു: റെസ്റ്റ് ഓഫ് ഇന്ത്യയെ 246 റണ്‍സിന് തകര്‍ത്ത് രഞ്ജി ട്രോഫി ചാമ്പ്യന്മാരായ കര്‍ണാടക ഇറാനി ട്രോഫി ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ വിജയിക്കാന്‍ 403 റണ്‍സ് വേണ്ടിയിരുന്ന റെസ്റ്റ് ഓഫ് ഇന്ത്യയെ കര്‍ണാടക ബൗളര്‍മാര്‍ 156 റണ്‍സിന് എറിഞ്ഞിട്ടു. ഒരു ദിവസത്തിലേറെ കളി ബാക്കിനില്‍ക്കേയായിരുന്നു കര്‍ണാടകയുടെ വിജയം.
നാല് വിക്കറ്റ് വീഴ്‌ത്തിയ ശ്രേയസ് ഗോപാലും മൂന്നെണ്ണം സ്വന്തമാക്കിയ അഭിമന്യൂ മിഥുനും ചേര്‍ന്നാണ് റെസ്റ്റ് ഓഫ് ഇന്ത്യയെ 156 റണ്‍സിന് എറിഞ്ഞിട്ടത്. സ്‌കോര്‍ ചുരുക്കത്തില്‍: കര്‍ണാടക 244, 422, റെസ്റ്റ് ഓഫ് ഇന്ത്യ 264, 156. കര്‍ണാടകയുടെ മനീഷ് പാണ്ഡെയാണ് മാന്‍ ഓഫ് ദി മാച്ച്.
ഇന്നലെ 341ന് ആറ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച കര്‍ണാടക 81 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. മനീഷ് പാണ്ഡെയുടെ സെഞ്ചുറിയാണ് (123 നോട്ടൗട്ട്) കര്‍ണാടകയെ മികച്ച സ്‌കോറിലെത്തിച്ചത്. കരുണ്‍ നായര്‍ 80 റണ്‍സും ക്യാപ്റ്റന്‍ വിനയ്‌കുമാര്‍ 38 റണ്‍സും നേടി.
റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി ശ്രദ്ധുള്‍ താക്കൂര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യ നിരയില്‍ 56 റണ്‍സെടുത്ത കേദാര്‍ ജാദവും 38 റണ്‍സെടുത്ത ജീവന്‍ജ്യോത് സിംഗും മനോജ് തിവാരിയും (24) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
















