മാഡ്രിഡ്: സ്‌പെയിനില്‍ ഇന്ന് എല്‍ ക്ലാസിക്കോയുടെ ലഹരി. ലോക ഫുട്‌ബോളിലെ തന്നെ അതികായരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ലാ ലീഗയിലെ ആധിപത്യത്തിനായി മല്ലിടുമ്പോള്‍ കണ്ണുകള്‍ കളത്തില്‍ നിന്ന് കരകയറില്ല. പോയിന്റ് ടേബിളില്‍ ബാഴ്‌സയാണ്(65) മുന്നില്‍. അതിനാല്‍തന്നെ റയലിനെ (64) സംബന്ധിച്ചടത്തോളം സ്വന്തം തട്ടകത്തിലെ മത്സരം അതിപ്രധാനം.
ഇരു ടീമുകളിലെയും സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലുമാണ് ഒരിക്കല്‍ക്കൂടി ഏവരുടെയും ശ്രദ്ധ. ബാലണ്‍ ഡി ഓര്‍ പുരസ്‌കാര നേട്ടത്തിനു ശേഷം സിആര്‍7 ഏറെക്കുറെ നിറം മങ്ങിപ്പോയി. കഴിഞ്ഞ 14 മത്സരങ്ങളില്‍ ഒമ്പതു തവണ മാത്രമേ റയലിനുവേണ്ടി ക്രിസ്റ്റ്യാനോയ്‌ക്ക് സ്‌കോര്‍ ചെയ്യാനായുള്ളു. മെസിയാകട്ടെ 17 കളികളില്‍ ഇരുപതു തവണ ലക്ഷ്യം കണ്ടു.
ലീഗിലെ ടോപ് സ്‌കോറര്‍ പട്ടത്തിനുള്ള അങ്കത്തില്‍ ഒരു ഘട്ടത്തില്‍ കാതങ്ങള്‍ പിന്നിലായിരുന്നു മെസി. എന്നാല്‍ രണ്ടു ഗോളുകളുടെ വ്യത്യാസത്തില്‍ മെസി (32) ക്രിസ്റ്റ്യാനോയെ (30) പിന്തള്ളിക്കഴിഞ്ഞു. ഇന്ന് ഹാട്രിക്ക് കുറിച്ചാല്‍ ബാഴ്‌സയുടെ കുപ്പായത്തില്‍ 400 ഗോളുകളെന്ന മാന്ത്രിക സംഖ്യയിലും മെസിയെത്തും.
ചാമ്പ്യന്‍സ് ലീഗില്‍ ഷാല്‍ക്കെയ്‌ക്കെതിരെ ക്രിസ്റ്റ്യാനോയും മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മെസിയും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. വമ്പന്‍ വേദികളില്‍ ഉശിരുകാട്ടാറുള്ള രണ്ടു സൂപ്പര്‍ താരങ്ങളും ഇക്കുറിയും അതിനു കിണഞ്ഞു പരിശ്രമിക്കുമെന്നതില്‍ സംശയമില്ല. ചുരുക്കത്തില്‍ പതിവുപോലെ മെസി- ക്രിസ്റ്റ്യാനോ ദ്വന്ദയുദ്ധം മത്സരഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നത് നിസ്തര്‍ക്കമായ കാര്യം.
















