ഓക്‌ലന്‍ഡ്: ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്‌റ്റെയിന്‍. എന്നാല്‍ ഇന്നലെ ന്യൂസിലാന്‍ഡിനെതിരെ നടന്ന സെമിഫൈനലില്‍ എറിഞ്ഞ ഒരു ഓവര്‍ സ്‌റ്റെയിന്‍ ഒരിക്കലും മറക്കില്ല.
അത് ബൗളിംഗ മികവിന്റെ പേരിലായിരിക്കില്ല എന്നു മാത്രം. ന്യൂസിലാന്‍ഡ് ക്യാപ്റ്റനും ഓപ്പണറുമായ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ബാറ്റിന്റെ കരുത്തിലായിരിക്കും. മത്സരത്തിലെ അഞ്ചാമത്തെയും തന്റെ മൂന്നാമത്തെയും ഓവറാണ് സ്‌റ്റെയിനിനെ എന്നും വേട്ടയാടുക. ഈ ഓവറില്‍ 25 റണ്‍സാണ് മക്കല്ലം അടിച്ചുകൂട്ടിയത്.
രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും ഒരു വൈഡും ഉള്‍പ്പെടെയാണ് 25 റണ്‍സ് ഈ ഓവറില്‍ നിന്ന് മക്കല്ലം അടിച്ചുകൂട്ടിയത്. ഈ ഓവറിലെ ആദ്യ പന്ത് സിക്‌സറിന് പറത്തിയാണ് മക്കല്ലം തുടങ്ങിയത്. രണ്ടാമത്തെ പന്ത് വൈഡ് ആയെങ്കിലും അടുത്ത പന്തുകളില്‍ ബൗണ്ടറിയും സിക്‌സറും പിറന്നു.
നാലാമത്തെയും അഞ്ചാമത്തെയും പന്തില്‍ വീണ്ടും ബൗണ്ടറികള്‍. അവസാന പന്തില്‍ റണ്‍സെടുക്കാനായില്ല. നാലോവറില്‍ 46 റണ്‍സ് ആയിരുന്ന ന്യൂസിലാന്‍ഡ് സ്‌കോര്‍ 5 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 71 എന്ന നിലയിലേക്ക് കുതിച്ചുയര്‍ന്നു. 26 പന്തില്‍ 59 റണ്‍സെടുത്ത് മക്കല്ലം പുറത്താകുമ്പോള്‍ എട്ട് ബൗണ്ടറികളും നാല് സിക്‌സറുകളും അടിച്ചുകൂട്ടിയിരുന്നു. അഞ്ചാമത്തെ ഓവറില്‍ 25 റണ്‍സ് വഴങ്ങിയെങ്കിലും സ്‌റ്റെയ്‌നാണ് മോര്‍ക്കലിന്റെ പന്തില്‍ മക്കല്ലത്തെ പുറത്താക്കിയ ക്യാച്ച് എടുത്തത്.
ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സിലെ അവസാന ഓവറും സ്‌റ്റെയിന് കണ്ണീരാണ് സമ്മാനിച്ചത്. അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിന് ജയിക്കാന്‍ ആവശ്യമായിരുന്നത്. ആദ്യ രണ്ട് പന്തുകളില്‍ ഓരോ റണ്‍സ് എടുത്തതോടെ 4 പന്തില്‍ 10 റണ്‍സായി കിവികള്‍ക്ക് ജയിക്കാന്‍ ആവശ്യമായിരുന്നത്. മൂന്നാം പന്ത് തേര്‍ഡ്മാനിലൂടെ വെട്ടോറി ബൗണ്ടറിയിലേക്ക് പായിച്ചു. ഇതോടെ മൂന്ന് പന്തില്‍ 6 റണ്‍സായി വിജയലക്ഷ്യം.
തൊട്ടുത്ത പന്തില്‍ ബൈയിലൂടെ ഒരു റണ്‍സ് കൂടി. ഇതോടെ രണ്ട് പന്തില്‍ നിന്ന് അഞ്ച് റണ്‍സ്. എന്നാല്‍ അഞ്ചാം പന്ത് ലോങ്ഓണിന് മുകളിലൂടെ അതിര്‍ത്തിക്ക് പുറത്തേക്ക് എലിയറ്റ് പറത്തിയതോടെ വിജയം കിവികള്‍ക്ക്. സ്‌റ്റെയിന്‍ ദുഃഖം സഹിക്കാന്‍ കഴിയാതെ തലയില്‍കൈവച്ച് ഗ്രൗണ്ടില്‍ ഇരുന്നു.
















