സിഡ്‌നി: നാളെ സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം സെമിഫൈനലിന് മുന്നേ ഓസീസ് താരങ്ങള്‍ വാക്‌പോരുമായി രംഗത്തെത്തി. കളിക്കിടെ ഇന്ത്യന്‍ താരങ്ങളെ ചീത്തവിളിച്ച് പ്രകോപിപ്പിക്കുമെന്ന് പറഞ്ഞ് പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സനാണ് രംഗത്തെത്തിയിരിക്കുന്നത്.
സാധാരണയായി ചിത്തവിളിയില്‍ മുന്‍പന്തിയില്‍ നില്‍ക്കാറുള്ള ഡേവിഡ് വാര്‍ണര്‍ ഇത്തവണ ശാന്തത പാലിക്കുമ്പോള്‍ ആ ശാന്തതയെ കീറിമുറിക്കാനാണ് മിച്ചല്‍ ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്. ചീത്തവിളിയെല്ലാം കളിയുടെ ഭാഗമാണെന്നും ക്വാര്‍ട്ടറില്‍ വഹാബ് റിയാസ്-ഷെയ്ന്‍ വാട്‌സണ്‍ പോര് അസാമാന്യമായിരുന്നുവെന്നും ജോണ്‍സണ്‍ പറഞ്ഞു.
കഴിഞ്ഞ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ ഇന്ത്യക്കാരെ ചീത്തവിളിച്ചതിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നതോടെയാണ് വാര്‍ണര്‍ ക്ഷമാശീലം പാലിച്ച് തുടങ്ങിയത്. വാര്‍ണര്‍ക്ക് ചീത്തവിളിക്കാന്‍ മടിയാണെങ്കില്‍ ആ സ്ഥാനം താനേറ്റെടുക്കാന്‍ തയ്യാറാണെന്നും ചീത്തവീളിക്കുകയെന്നുള്ളത് കളിയുടെ ഭാഗമാണെന്നും ജോണ്‍സണ്‍ വ്യക്തമാക്കുന്നു.
തനിക്ക് ചീത്തവിളി ഒരു വിനോദമായാണ് തോന്നുന്നത്. ഈ കളിയില്‍ ഇത്തരം വിനോദങ്ങള്‍ നിങ്ങള്‍ക്ക് കാണാമെന്നും ജോണ്‍സണ്‍ പറയുന്നു. കഴിഞ്ഞ ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര പരസ്പരമുള്ള ചീത്തവിളിയില്‍ മുങ്ങി പോയിരുന്നു. വാര്‍ണര്‍ക്കു പുറമെ, ഇന്ത്യയുടെ ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, ഇശാന്ത് ശര്‍മ എന്നിവര്‍ക്കും സ്ലെഡ്ജിങ്ങിന്റെ പേരില്‍ പിഴയടക്കേണ്ടി വന്നിരുന്നു.
















