സിഡ്‌നി: ദൈവമേ ഒരു കാമുകിക്കും ഈ ഗതിവരരുതേ, ബോളിവുഡ് താര സുന്ദരി അനുഷ്‌ക ശര്‍മ്മയിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത് ഇങ്ങനെയായിരിക്കും.
പാവം തിരക്കിനിടയിലും, ടീം ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലെ സൂപ്പര്‍ സ്റ്റാറും കാമുകനുമായ വിരാട് കോഹ്‌ലിയുടെ കളികാണാന്‍ കൈയിലെ കാശു മുടക്കി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറി. അവിടെയിറങ്ങിയപ്പോള്‍ കിട്ടിയത് ഉഗ്രന്‍ പണി.
വെറും ഒരു റണ്‍സോടെ പ്രിയതമന്‍ കോഹ്‌ലി കൂടാരം കയറിയപ്പോല്‍ ഗാലറിയില്‍ അനുഷ്‌ക വാപൊളിച്ചിരുന്നു. പിന്നാലെ വന്ന ഓരോ ഏറുകളും അനുഷ്‌കയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. അനുഷ്‌കയുടെ സാന്നിധ്യം വിരാടിന്റെ ശ്രദ്ധ തെറ്റിച്ചെന്നും അതാണ് താരം പുറത്താകാന്‍ കാരണമെന്നും ചില വിരുതന്‍മാര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടെത്തിക്കളഞ്ഞു.
സോഷ്യല്‍ മീഡിയകളില്‍ അനുഷ്‌കയെ ലക്ഷ്യമിട്ട് ഉശിരന്‍ ബൗണ്‍സറുകള്‍ പിറവികൊണ്ടു, പ്രത്യേകിച്ച് ട്വിറ്ററില്‍. കോഹ്‌ലി ഒരു റണ്‍സെടുക്കുന്നത് കാണാന്‍ അനുഷ്‌ക കാതങ്ങള്‍ പിന്നിട്ട് സിഡ്‌നിയില്‍ ചെന്നത് യഥാര്‍ത്ഥ പ്രണയത്തിന്റെ ദൃഷ്ടാന്തമെന്ന് ട്വിറ്ററില്‍ പ്രചരിച്ച തമാശകളിലൊന്ന്.
അനുഷ്‌ക ഇപ്പോഴും ഗ്രൗണ്ടിലുണ്ടോ അതോ കൂട്ടുകാരിക്കൊപ്പം ഷോപ്പിങ്ങിനുപോയോ എന്ന് കളിയാക്കിയുള്ള മറ്റൊരു ചോദ്യം. അനുഷ്‌ക മുംബൈയില്‍ നിന്ന് സിഡ്‌നിയിലേക്ക് പറന്നത് അവളുടെ പയ്യന്‍ ഒരോവര്‍ എറിയുന്നതും ഒരു ക്യാച്ച് കൈവിടുന്നതും ഒരു റണ്‍സ് നേടുന്നതും കാണാനായിരുന്നെന്ന് ഒരു കമന്റ്.
അനുഷ്‌കാ നിങ്ങളെ വിരാടിന്റെ അമ്മ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നില്ലെന്നു കരുതുന്നു, നിങ്ങള്‍ വിഷ കന്യയാണെന്നു തെളിയിച്ചു ചൂടേറെയുള്ള ട്വീറ്റുകളിലെ മുന്തിയ ഇനം. വിരാട് അഞ്ചു മിനിറ്റിനുള്ളില്‍ നിങ്ങളെ എനിക്കിവിടെ വേണമെന്ന് അനുഷ്‌ക ആവശ്യപ്പെടുന്ന വാചകമുള്ള എംആര്‍എഫിന്റെ പരസ്യത്തെ അടിസ്ഥാനമാക്കിയും ഇരുവരെയും ട്വിറ്റര്‍ നിവാസികള്‍ കളിയാക്കുന്നുണ്ട്.
പരസ്യത്തില്‍ അനുഷ്‌ക ആവശ്യപ്പെട്ടത് ജീവിതത്തിലും കോഹ്‌ലി അക്ഷരം പ്രതി അനുസരിക്കുന്നെന്നാണ് പരിഹാസം.
















