സിഡ്‌നി: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം മാത്രമേ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും ധോനി പറഞ്ഞു. സെമിഫൈനലിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഇന്ത്യന്‍ ക്യാപറ്റന്‍ ഇക്കാര്യം പറഞ്ഞത്.
വിരമിക്കലിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. എനിക്കിപ്പോള്‍ 33 വയസ്സാണ്. ഇപ്പോഴും കളിക്കാനുള്ള ഊര്‍ജ്ജമുണ്ട്. ഫിറ്റുമാണ്. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ ഇതു സംബന്ധിച്ചൊരു തീരുമാനം കൈക്കൊള്ളാനാവുമെന്നാണ് വിചാരിക്കുന്നതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
വിരമിക്കലുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ എഴുതിവിടുന്ന മാധ്യമങ്ങളേയും ധോണി വിമര്‍ശിച്ചു. ഇപ്പോഴും കളി ആസ്വദിക്കുകയാണെന്നു പറഞ്ഞ ധോണി, കളി നിര്‍ത്താന്‍ തീരുമാനിക്കുന്ന നിമിഷം സന്തോഷത്തോടെ തന്നെ വിടപറയുമെന്നും വ്യക്തമാക്കി.
ഓസ്‌ട്രേലിയക്കെതിരെ സ്പിന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞെങ്കിലും പേസ് ബൗളര്‍മാര്‍ നിരാശപ്പെടുത്തിയെന്നും മിസ്റ്റര്‍ കൂള്‍ നായകന്‍ ധോണി പറന്നു. ലോകകപ്പിന്റെ തുടക്കത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ടീം നന്നായി കളിച്ചു. എന്നാല്‍ ഇന്നലെ എല്ലാം പിഴച്ചതാണ് തോല്‍വിക്ക് കാരണമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ ടീം ഇന്ത്യയുടെ ടോപ്‌സ്‌കോററും ധോണിയായിരുന്നു.
















