പാരീസ്: അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീലിന് വിജയം. ഇന്നലെ പാരീസില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ കാനറികള്‍ മുക്കിയത്.
കഴിഞ്ഞ ലോകകപ്പിലെ ദയനീയ പ്രകടനത്തിനുശേഷം പരിശീലകനായി ചുമതലയേറ്റ ദുംഗയുടെ കീഴില്‍ അപരാജിത കുതിപ്പാണ് ബ്രസീല്‍ നടത്തുന്നത്. തുടര്‍ച്ചയായ ഏഴാം വിജയമാണ് അവര്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ ലോകകപ്പിലെ പരാജയത്തിനുശേഷം ഫ്രാന്‍സിന്റെ ആദ്യപരാജയമാണിത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കാനറികളുടെ ഗോള്‍വര്‍ഷം. ഫ്രാന്‍സിനായി റാഫേല്‍ വാര്‍നെയും ബ്രസീലിനായി ഓസ്‌കര്‍, നെയ്‌മര്‍, ലൂയിസ് ഗുസ്താവോ എന്നിവരും ലക്ഷ്യം കണ്ടു.
പന്തടക്കത്തില്‍ ഇരു ടീമുകളും തുല്യത പാലിച്ചെങ്കിലും ഷോട്ടുകള്‍ ഉതിര്‍ത്തതില്‍ ബ്രസീലായിരുന്നു മുന്നില്‍. കളിയിലുടനീളം അവര്‍ പായിച്ച 15 ഷോട്ടുകളില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയപ്പോള്‍ ഫ്രാന്‍സിന് നാല് ഷോട്ടുകള്‍ മാത്രമേ ലക്ഷ്യത്തിലേക്ക് പായിക്കാന്‍ കഴിഞ്ഞുള്ളൂ.
കളിയുടെ 7-ാം മിനിറ്റില്‍ ഫ്രാന്‍സിനാണ് ആദ്യ അവസരം ലഭിച്ചത്. റാഫേല്‍ വാര്‍നെയുടെ ക്രോസ് ഹെഡ്ഡറിലൂടെ കരിം ബെന്‍സേമ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ബ്രസീല്‍ ഗോളി പന്ത് രക്ഷപ്പെടുത്തി. 20-ാം മിനിറ്റില്‍ ഓസ്‌കറിന്റെ പാസ് സ്വീകരിച്ച് നെയ്‌മര്‍ പായിച്ച വലംകാലന്‍ ഷോട്ട് ഫ്രാന്‍സ് ഗോളിയും രക്ഷപ്പെടുത്തി.
തൊട്ടടുത്ത മിനിറ്റില്‍ ഫ്രാന്‍സ് ലീഡ് നേടുകയും ചെയ്തു. മത്തേയു വാല്‍ബ്യൂന എടുത്ത കോര്‍ണര്‍ കിക്ക് നല്ലൊരു ഹെഡ്ഡറിലൂടെ വാര്‍നെ ബ്രസീലിയന്‍ ഗോളിയെ കീഴടക്കി വലയിലെത്തിച്ചു. ലീഡ് വഴങ്ങിയതോടെ കാനറികള്‍ ആക്രമണം കനപ്പിച്ചു. എലിയാസ്, റോബര്‍ട്ടോ ഫര്‍മിനോ എന്നിവര്‍ക്ക് ലഭിച്ച അവസരങ്ങള്‍ പാഴാകുകയും ചെയ്തു. എന്നാല്‍ 40-ാം മിനിറ്റില്‍ ബ്രസീല്‍ സമനില പിടിച്ചു. റോബര്‍ട്ടോ ഫിര്‍മിനോ ഒരുക്കിക്കൊടുത്ത അവസരത്തില്‍ ഓസ്‌കറാണ് സമനില ഗോള്‍ നേടിയത്. ഇതോടെ ആദ്യപകുതി 1-1ന് കലാശിച്ചു.
രണ്ടാം പകുതിയില്‍ ബ്രസീലിന്റെ ആക്രമണമായിരുന്നു കൂടുതല്‍. തുടക്കത്തില്‍ തന്നെ രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനുശേഷം 56-ാം മിനിറ്റില്‍ നായകനും സൂപ്പര്‍താരവുമായ നെയ്‌മര്‍ ടീമിന് ലീഡ് നേടിക്കൊടുത്തു. പിന്നീട് 70-ാം മിനിറ്റില്‍ വില്ലിയന്‍ എടുത്ത കോര്‍ണര്‍ കിക്കിന് തലവെച്ച് ലൂയിസ് ഗുസ്താവോ കാനറികളുടെ വിജയഗോളും സ്വന്തമാക്കി. പിന്നീട് അവസാന മിനിറ്റുകളില്‍ ഗോള്‍ മടക്കാനായി ഫ്രാന്‍സും ലീഡ് ഉയര്‍ത്താനായി ബ്രസീലും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വല ചലിച്ചില്ല.
ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ഇറാന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചിലിയെയും കൊളംബിയ 6-0ന് ബഹറിനെയും തകര്‍ത്തുവിട്ടു. കൊളംബിയക്ക് വേണ്ടി റദമല്‍ ഫാല്‍ക്കാവോ ഇരട്ട ഗോളുകള്‍ നേടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയെ ഓസ്‌ട്രേലിയ 2-2ന് സമനിലയില്‍ തളച്ചിരുന്നു.
















