ലണ്ടന്‍: ഫുട്‌ബോളില്‍ ബ്രസീലിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഞായറാഴ്ച രാത്രി നടന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ കാനറികള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ കീഴടക്കി. കഴിഞ്ഞ ലോകകപ്പിലെ ദയനീയ പ്രകടനത്തിനുശേഷം പുതിയ പരിശീലകന്‍ ദുംഗയുടെ കീഴിലിറങ്ങിയ ബ്രസീല്‍ തുടര്‍ച്ചയായ എട്ടാം വിജയമാണ് സ്വന്തമാക്കിയത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കൡയുടെ 72-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് കാനറികളുടെ വിജയഗോള്‍ നേടിയത്. കഴിഞ്ഞ ദിവസം ബ്രസീല്‍ 3-1ന് ഫ്രാന്‍സിനെയും പരാജയപ്പെടുത്തിയിരുന്നു.
എന്നാല്‍ ബ്രസീലിനെതിരായ പരാജയം മറന്ന് കളത്തിലിറങ്ങിയ ഫ്രാന്‍സ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡെന്മാര്‍ക്കിനെ കീഴടക്കി. കളിയുടെ 14-ാം മിനിറ്റില്‍ ലകാസെറ്റെയും 38-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡുമാണ് ഫ്രഞ്ച് പോരാളികള്‍ക്കായി ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോ 14-ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസ് നേടിയ ഏകഗോളിന് ഇക്വഡോറിനെയും കീഴടക്കി.
















