പനാജി: മുന്‍ ബ്രസീലിയന്‍ സൂപ്പര്‍താരം ലൂസിയോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. എഫ്‌സി ഗോവയുടെ മാര്‍ക്വീ താരമായാണ് 36കാരനായ ലൂസിയോയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. 2002ലെ ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന ലൂസിയോ സെന്റര്‍ ബാക്കായാണ് കളിക്കുന്നത്.
ബയേണ്‍ മ്യൂണിക്കിന്റെയും ഇന്റര്‍മിലാന്റെയും താരമായിരുന്ന ലൂസിയോയെ എഫ്‌സി ഗോവയിലേക്ക് കൊണ്ടുവരുന്നതിന് പിന്നില്‍ബ്രസീലിയന്‍ ഇതിഹാസവും പരിശീലകനുമായ സീക്കോയാണ്.
സീക്കോയുടെ കീഴില്‍ കളിക്കുന്നതിന് താരം തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ സീസണില്‍ എഫ്‌സി ഗോവയുടെ മാര്‍ക്വീ താരമായിരുന്ന റോബര്‍ട്ടോ പിറസിന് ലൂസിയോയുടെ വരവോടെ ഈ സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടിവരും.
2000 മുതല്‍ 2011 വരെ നീണ്ട കരിയറില്‍ ബ്രസീലിനായി 105 മത്സരങ്ങൡലാണ് ലൂസിയോ ബൂട്ടണിഞ്ഞത്. നാല് ഗോളുകളും നേടി. 2005, 09 വര്‍ഷങ്ങളില്‍ കോണ്‍ഫെഡറേഷന്‍ കപ്പ് നേടിയ ബ്രസീല്‍ ടീമിലും ലൂസിയോ അംഗമായിരുന്നു. കഴിഞ്ഞ സീസണില്‍ ബ്രസീലിയന്‍ ക്ലബായ പല്‍മിറാസിലാണ് ലൂസിയോ കളിച്ചത്.
അര്‍ജന്റീനയുടെ മുന്‍ പ്ലേ മേക്കര്‍ ജുവാന്‍ റോമന്‍ റിക്വല്‍മിയെയും ഗോവന്‍ ടീം പരിഗണിക്കുന്നുണ്ട്.
















