തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആവേശമായി ജഗതി ശ്രീകുമാറെത്തി. അപകടത്തെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്ന ജഗതിയെ കാണാന്‍ പ്രതിനിധികളും ചലച്ചിത്ര പ്രവര്‍ത്തകരും തിങ്ങിക്കൂടി. അപകടത്തിന് ശേഷം ഇതാദ്യമായാണ് സിനിമാലോകത്തിന്റെ പൊതുവേദിയില്‍ ജഗതി എത്തുന്നത്.
മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ജഗതിയുടെ മൗനം ഏവരെയും നൊമ്പരപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഏവരെയും ആവേശഭരിതരാക്കി. സിനിമാ ചരിത്രം രേഖപ്പെടുത്തിയ വീഡിയോ ഇന്സ്റ്റലേഷന് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം ടാഗോര്‍ തിയേറ്ററിലെത്തിയത്. പരിചയം പുതുക്കാനെത്തിയ സഹപ്രവര്‍ത്തര്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹം ചെറുപുഞ്ചിരി സമ്മാനിച്ചു.
വേദിയിലെത്തിയ നടി ഷീലയോട് നിറപുഞ്ചിരിയുടെ ഭാഷയില്‍ ഇടത്കൈ നല്കി സൗഹൃദം പുതുക്കി. ഷീല പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടു. എല്ലാത്തിനും നിറഞ്ഞപുഞ്ചിരിയില്‍ മറുപടി നല്കി. ഇരുവരും ചേര്‍ന്ന് റിബണ്‍ മുറിച്ചാണ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് വീഡിയോ പ്രദര്‍ശനം വീക്ഷിക്കവേ ഓര്‍മ്മകള്‍ ജഗതിയുടെ മുഖത്ത് മിന്നിമറഞ്ഞു.
ഗായത്രി അശോകന്, രാധാകൃഷ്ണന്, സാബു കൊളോണിയ, നീതി, കിത്തോ, ഭട്ടതിരി, രാജേന്ദ്രന്, ശ്രീജിത്ത് തുടങ്ങിയ ചലച്ചിത്ര കലാകാരന്മാരെ വേദിയില്‍ ആദരിച്ചു.
ലിജിന്‍ ജോസ്, റാസി എന്നിവരാണ് ‘ഡിസൈനേഴ്സ് ആറ്റിക്’ എന്ന ദൃശ്യാവിഷ്കാരത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. മനു, അല്‍ത്താഫ് എന്നിവരുടെ സ്വകാര്യശേഖരത്തില്‍ നിന്നുളള പഴയ പോസ്റ്ററുകളുമൊക്കെയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.
സംവിധായകരായ ഐ.വി.ശശി, ലാല്‍ ജോസ്, ശ്യാമപ്രസാദ്, ബി. ഉണ്ണികൃഷ്ണന്, പി.ടി കുഞ്ഞുമുഹമ്മദ്, സിബി മലയില്‍, ടി.വി ചന്ദ്രന്, നിര്‍മ്മാതാവ് പി.വി ഗംഗാധരന് തുടങ്ങിയവര്‍ ജഗതിക്കൊപ്പം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: