ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിനിമയുടെ പ്രാധാന്യം ആദ്യമായി രേഖപ്പെടുത്തിയ എംജിആര്‍ എന്ന എംജി രാമചന്ദ്രന്റെ നൂറാം ജന്മദിനമായിരുന്നു ഇന്നലെ. മലയാളിയായ എംജിആര്‍ സിനിമയിലൂടെ തമിഴകം കീഴടക്കി പതിറ്റാണ്ടോളം മുഖ്യമന്ത്രിയായത് ചരിത്രത്തിലെ അവിസ്മരണീയ ഏടുകളാണ്. തികച്ചും യാദൃശ്ചികമായാണ് അദ്ദേഹം സിനിമയിലേയ്ക്ക് കടന്നു വരുന്നത്.
പാലക്കാട് ജില്ലയിലെ വടവനൂരിലെ മരുവൂര്‍ ഗോപാലമേനോന്റെ മകനായ അദ്ദേഹം ജനിച്ചത് ശ്രീലങ്കയിലാണെങ്കിലും പിന്നീട് തമിഴ്നാട്ടിലെയ്ക്ക് ചേക്കേറുകയായിരുന്നു. പിതാവിന്റെ ജോലിയുനമായി ബന്ധപ്പെട്ടാണ് തമിഴ്നാട്ടിലേയ്ക്കെത്തുന്നത്. കേവലം മൂന്നാം ക്ലാസ് വിദ്യാഭ്യാസമാണ് രാമചന്ദ്രന് നേടാന്‍ കഴിഞ്ഞത്. പിന്നീട് നാടകത്തില്‍ തല കാണിച്ചെങ്കിലും അതിലും കൂടുതല്‍ നില്ക്കാന് കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് അവിചാരിതമായി സിനിമയിലേയ്ക്കുള്ള രംഗപ്രവേശം. കലൈഞ്ചര്‍ കരുണാനിധി തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച രാജേശ്വരി എന്ന സിനിമയിലൂടെയാണ് എംജിആറിന്റെ രംഗപ്രവേശം. അവിടെ നിന്ന് കുറച്ച് കാലം എംജിആര്‍-കരണാനിധി കൂട്ടുക്കെട്ട് തമിഴ് സിനിമാ ലോകത്തെ അടക്കി ഭരിച്ചു.
ഇതിനിടെ ശിവാജി ഗണേഷന് എത്തിയതോടെ തമിഴ് സിനിമ ഇരുവരിലും കേന്ദ്രീകരിച്ചു. അഭിനയ പ്രതിഭയായ ശിവാജി ഗണേഷന് നടികര്‍ തിലകമായപ്പോള്‍ ജനമനസ്സില്‍ പ്രതിഷ്ഠ നേടിയ എംജിആര്‍ മക്കള്‍ തിലകമായി. ഇരുവരും ഒരു സിനിമയില്‍ മാത്രമേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. ഇവരുടെ പേരില്‍ അണികള്‍ തെരുവില്‍ ഏറ്റുമുട്ടിയപ്പോല്‍ ഇനി ഒന്നിച്ച് അഭിനയിക്കേണ്ടെന്ന് രണ്ട് പേരും ചേര്‍ന്ന് തീരുമാനിച്ചു. അത് അവസാന നിമിഷം വരെ പാലിക്കുകയും ചെയ്തു.
1967ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭരണം അവസാനിപ്പിച്ച് അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദ്രാവിഡ കഴകം തമിഴ്നാട്ടില്‍ അധികാരത്തിലെത്തുന്നതിന് സുപ്രധാന പങ്ക് വഹിച്ചത് എംജിആറാണ്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം അണ്ണാദുരൈ മരിച്ചതോടെ ദ്രാവിഡ കഴകം രണ്ട് ചേരിയായി മാറി. എംജിആറിന്റേയും കരുണാനിധിയുടേയും. 1972ലെ തെരഞ്ഞെടുപ്പില്‍ എംജിആര്‍ തമിഴ്നാട് മുഖ്യമന്ത്രിയായതോടെ ഒരു പുതിയ താരോദയ രാഷ്ട്രീയം രൂപംകൊള്ളുകയായിരുന്നു. കരുണാനിധിയുടെ രചനയും എംജിആറിന്റെ സംഭാഷണവും തമിഴ് മക്കളെ കോരിതരിപ്പിച്ചു. എംജിആര്‍ തനിക്കൊരു വെല്ലുവിളിയാകുമെന്ന് കരുണാനിധി ഒരിക്കലും കരുതിയിരുന്നില്ല. എന്തായാലും തമിഴ്നാട് പിന്നീട് എംജിആറിന്റെ കൂടെയായിരുന്നു. ഭരണത്തില്‍ വലിയ ജനപ്രിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും തമിഴ്നാട്ടുകാരുടെ ധീരപുരുഷനായി മാറി അദ്ദേഹം.
ചികിത്സാര്‍ത്ഥം അമേരിക്കയിലെ ആശുപത്രിയില്‍ കിടന്നപ്പോള്‍ രക്തം നല്‍കാനെത്തിയത് ആയിരങ്ങളാണ്. ആശുപത്രി വിട്ട ശേഷം പിന്നീട് നടത്തിയ പൊതുസമ്മേളനങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തത് എന്‍ രക്തത്തിന് രക്തമാന മക്കളെ എന്ന് പറഞ്ഞ് കൊണ്ടാണ്. മുഖ്യമന്ത്രി പദവിയിലിക്കെ 39 കൊല്ലം മുമ്പാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. തമിഴ്നാടിന് വേണ്ടി എന്ത് ത്യാഗവും ത്യജിക്കാന്‍ അദ്ദേഹം തയ്യാറായതിന്റെ തെളിവാണ് ഇന്നും മറീന ബീച്ചിലേയ്ക്ക് ഒഴുകുന്ന ജനക്കൂട്ടം.
സംഘടന കരുണാനിധിയോടൊപ്പമായിരുന്നെങ്കിലും ജനം എംജിആറിനൊപ്പമായിരുന്നു. ആശയമില്ലെങ്കിലും വ്യക്തിപ്രഭാവത്തിന് മുന്‍തൂക്കം നല്‍ികിയ തമിഴ്നാട് രാഷ്ട്രീയത്തിന്റെ തുടക്കവും ഇവിടെ നിന്നായിരുന്നു. അഞ്ച് പതിറ്റാണ്ട് മുമ്പ് കോണ്‍ഗ്രസിന്റെ ഭരണം അവസാനിപ്പിച്ചതും എംജിആറിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ കഴകം ആണെന്ന് പറഞ്ഞാല്‍ തെറ്റില്ല.
ലോകത്തിലാദ്യമായി ഒരു സിനിമാനടന് മുഖ്യമന്ത്രിയായത് തമിഴ്നാട്ടിലാണ്. പിന്നീട് എന്‍പി രാമറാവു ആന്ധ്രയിലും മുഖ്യമന്ത്രിയായി. എംജിആറിന്റെ നൂറാം ജന്മദിനം തമിഴ്നാട്ടിലെങ്ങും വിപുലമായാണ് ആഘോഷിച്ചത്. അതോടൊപ്പം പാലക്കാടും. എംജിആര്‍ മണ്ട്രങ്ങളാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്രം അദ്ദേഹത്തിന്റെ തപാല്‍ സ്റ്റാമ്പിറക്കിയതും ശ്ലാഘനീയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: