മലയാളി നിത്യവും അനുഭവിക്കുന്ന ചില ഊര്‍ജ പ്രവാഹങ്ങളുണ്ട്.മരണംവരെ അതില്‍ പലതും ശക്തി സര്‍വ്വസ്വമായി കൂടെയുണ്ടാകും. യേശുദാസിന്റെ പാട്ട് അത്തരമൊരു ഊര്‍ജ പ്രവാഹിനിയാണ്. ദാസിന് പദ്മവിഭൂഷന് ലഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പാട്ട് ഹൃദയത്തില്‍ മൂളുന്നവര്ക്കും കൂടിയുള്ള അംഗീകാരമാണിത്.
ദൈവീകാനുഗ്രഹമായ സംഗീതത്തിലൂടെ പാടുന്നവരും കേള്‍ക്കുന്നവരും നിര്വൃതിദായകരായിത്തീരുന്നു. പതിറ്റാണ്ടുകളായി ആ പാട്ട് മലയാളി സൗഖ്യദായകമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു. രാവിലേയും വൈകിട്ടും ദേവനെ തുയിലുണര്ത്തുംപോലെ ദാസിന്റെ പാട്ട് അതുകേള്‍ക്കുന്നത് പലര്‍ക്കും വലിയൊരു പഥ്യമാണ്. ചിലരാകട്ടെ യാമങ്ങളുടെ ഇടവേളകളില്ലാതെ അതുകേട്ടുകൊണ്ടിരിക്കുന്നു. ആഹ്ളാദത്തിന്റെ തന്ത്രികള്‍ മീട്ടി രോഗശമനംപോലുമാകുന്നുണ്ട് ഗന്ധര്‍വ സംഗീതം.
മലയാളി ഒരുപക്ഷേ മറ്റെന്തിനെക്കാലും നിത്യമിടപെടുന്ന ഇഷ്ടലോകം ദാസിന്റെ സംഗീതമായിരിക്കും. അത് എവിടേയും എപ്പോഴും ഇടതടവില്ലാതെ അടുത്തും അകലെയുമായി നമ്മെ പിന്തുടര്ന്നുകൊണ്ടേയിരിക്കുന്നു. ഉണരാനും ഉറങ്ങാനും പലര്‍ക്കുമതു കേട്ടേ പറ്റൂ.
അര്ഹതയ്ക്കുമാത്രം കിട്ടുന്ന അംഗീകാരത്തിന്റെ പുരസ്ക്കാരങ്ങളുമായി എന്നും മുന്‍പേ പറക്കുന്ന സംഗീത പറവയാണ് യേശുദാസ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുരസ്ക്കാരങ്ങള്‍ തന്റെ പേരിനൊപ്പം ചാര്‍ത്തിയ പാട്ടുകാരന് ദാസാണ്. ഏഴുതവണ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും 25 തവണ സംസ്ഥാന അവാര്‍ഡും നേടിയിട്ടുള്ള ദാസ് 1975ല്‍ പത്മശ്രീയും 2002ല്‍ പത്മഭൂഷണും ഇപ്പോള്‍ പത്മവിഭൂഷണും. വിവിധ സംസ്ഥാനങ്ങളുടെതായി കിട്ടിയ അവാര്‍ഡുകള്‍ വേറെ. ചില അവാര്‍ഡുകള്‍ അവ നല്കപ്പെടുന്നവരെക്കൊണ്ട് വലുതാകുമ്പോള്‍ ദാസിനു നല്കപ്പെട്ട അവാര്‍ഡുകളെല്ലാം അതുകൊണ്ടു തന്നെ വലുതായവയാണ്. സംഗീത സാഗരത്തിനു മുന്നില്‍ താനിപ്പോഴും തിരയെണ്ണി തെറ്റിപ്പോകുന്ന കുട്ടിയാണെന്നു ദാസ് പറയുമ്പോഴും അദ്ദേഹം പാടിയ പാട്ടുകളുടെ എണ്ണവും തെറ്റിപ്പോകുന്നത്രയും കൂടുതലാണ്. വിവിധ ഭാരതീയ ഭാഷകളിലും വിദേശ ഭാഷകളിലുമായി റെക്കോഡു ചെയ്ത പാട്ടുകള്‍ പതിനായിരക്കണക്കിനു വരും.
1961എംബി ശ്രീനിവാസിവാസന്റെ സംഗീതത്തിലായിരുന്നു യേശുദാസിന്റെ ആദ്യപാട്ട്. അതോടുകൂടി മലയാളി സ്വന്തം പാട്ടിനേയും പാട്ടിനേയും കണ്ടെത്തുകയായിരുന്നു. അതൊരു സംഗീതത്തിന്റെ തീര്‍ഥാടനമായിരുന്നു. ദാസിനൊപ്പം മലയാളി പാട്ടുമൂളി ദാസായിഒരു പാട്ടെങ്കിലുംവേണം മലയാള സിനിമയില്‍ ദാസിന്റെതായി എന്നു വന്നു. മലയാളം ദാസിന്റെ പാട്ടിലൂടെ കൂടുതല്‍ കേരളീയമാകുകയായിരുന്നു.1971ല്‍ ജയ് ജവാന് ജയ് കിസാന്‍ എന്ന ചിത്രത്തിലൂടെ ദാസിന്റെ ചുണ്ടിലൂടെ ഹിന്ദിപ്പാട്ടിന്റെ പുതുസ്വരം ഭാരതം കേട്ടു. അതും മറ്റൊരു തുടര്‍ച്ചയായി. ഗായകനും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായിരുന്ന പിതാവ് അഗസ്റ്റിന് ജോസഫാണ് സംഗീതത്തില്‍ ദാസിന്റെ ആദ്യ ഗുരു.
പാട്ടിന്റെ പാലാഴി കടഞ്ഞെടുത്ത സ്വരഗംഗയായി യേശുദാസ് ഒഴുകിക്കൊണ്ടേയിരിക്കുന്നു. പാട്ടിന്റെ മഹാകാലമായി ദാസിനൊപ്പം മലയാളിയും പാടിക്കൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: