അതെ, ഇങ്ങനേയും ഒരു പാര്‍ക്ക്. വൃക്ഷങ്ങള്‍ മാത്രമുള്ള, തണലും തണുപ്പുമുള്ള തികച്ചും പ്രകൃതി ദത്തമായ ഒരു ഉദ്യാനം. പറഞ്ഞു പറഞ്ഞ് അങ്ങനെ ഒരു പേരും കിട്ടി.,ട്രീ പാര്‍ക്ക്. വിവിധ ഗണത്തില്‍പെട്ട അറുപതോളം മരങ്ങള്‍. എല്ലാം തണുപ്പില്‍ വളരുന്നവ. പാര്‍ക്കിന്റെ ഒരു വശത്ത് കിതച്ചും കുതിച്ചും പാഞ്ഞുപോകുന്ന ഊട്ടി ട്രയിന്‍. ചിലപ്പോള്‍ ട്രീ പാര്‍ക്കിന്റെ നിശബ്ദതയുടെ മാറു പിളര്‍ന്ന് ട്രയില്‍ കടന്നുപോകും. മറ്റൊരു വശത്ത് ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന മാന്പാര്ക്കാണ്. വശ്യ സുന്ദരിയായ നീലഗിരിയോട് എന്തുകൊണ്ടും കൂടുതല്‍ നിശബ്ദ പ്രണയം തോന്നിക്കാന്‍ ഈ മരക്കൂട്ടങ്ങള്ക്കാവും.
മനുഷ്യ ചൂഷണത്തിന്റെ കോടാലി ഇന്നുവരെ ഏല്‍ക്കാത്ത ഇവിടം സംരക്ഷിക്കുന്നത് സ്ത്രീകള്‍ മാത്രമടങ്ങിയ സംഘമാണ്. റിയല്‍ എസ്റ്റേറ്റു മാഫിയ തലങ്ങും വിലങ്ങും കള്ളക്കണ്ണിട്ടു നോക്കി പായുമ്പോഴും ഈ മരക്കൂട്ടങ്ങളുടെ സ്വര്ഗത്തിന് ഒരു പോറലുപോലും ഏല്‍ക്കുന്നില്ല. ഏതെങ്കിലും വിധത്തില്‍ ഇതു സ്വന്തമാക്കണമെന്നു വിചാരിക്കുന്നവരുണ്ടാകാം. അവര്‍ക്കും എന്തുകൊണ്ടോ ഈ ട്രീ പാര്‍ക്കിനെ അതിന്റെ പാട്ടിനു വിട്ടുപോകാനാണ് തോന്നുന്നത്. ഇതെത്രകാലം മുന്നോട്ടു പോകുമെന്നറിയില്ല. പോകുന്നിടത്തോളം പോകട്ടേയെന്ന് എല്ലാവരും വിചാരിക്കുന്നു.
അധികമാരാലും അറിയപ്പെടാത്ത ഈ പാര്‍ക്ക് അറിഞ്ഞറിഞ്ഞു വരികയാണ്. അങ്ങനെ അറിഞ്ഞും കണ്ടും കേട്ടും വരുന്നവര്‍ ഈ മരക്കൂട്ടങ്ങള്‍ക്കിടയില്‍ സമയം ചെലവഴിക്കാതെ പോകില്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും അവരുടെ ഇണക്കവും പിണക്കവും പരാതിയും പരിഭവവുമൊക്കെ പങ്കുവെച്ചു പിരിയാം. പ്രണയികള്‍ ഇവിടത്തെ സുഖകരമായ അന്തരീക്ഷത്തില്‍ സ്വയം മറന്നിരിക്കുന്നതു കണ്ടിട്ടുണ്ട്. വളരെ കൃത്യതയോടെ പരിപാലിക്കുന്ന ഇവിടം പരിസര വാസികളുടെ വിവാഹ ഷൂട്ടിങ്ങിനും ലൊക്കേഷനാകാറുണ്ട്. പ്രവേശനം ഇപ്പോള്‍ ടിക്കറ്റില്ലാതെയാണ്. സെന്റ്തോമസ് ചര്‍ച്ച് റോഡിലൂടെ ഒരു കിലോമീറ്റര്‍ പോയാല്‍ ഇവിടെ എത്താം. ടൂറിസ്റ്റുകള്‍ അറിയാത്ത ഇത്തരം സ്ഥലങ്ങള്‍ നീലഗിരിയില്‍ ഒത്തിരി ഒളിച്ചിരിപ്പുണ്ട്.
വരുന്നവര്‍ വെറുതെ നഗരം ചുറ്റി ഇതാണ് ഊട്ടിയെന്നും പറഞ്ഞുപോകും. അല്ലാതെ പുതുപുതു ഇടങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു നേരം. കാഴ്ചയും അറിവും അകത്താണ്. തോടാ എന്ന കാട്ടുവാസി വര്‍ഗത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍. ബഡുക എന്ന ഊട്ടിക്ക് സ്വന്തക്കാരായ മനുഷ്യരുടെ അമ്മന്‍ പണ്ഡിക. അവരുടെ ഇതുവരെ ത്യജിക്കാത്ത ജീവിത മൂലങ്ങള്‍. പിന്നെ പച്ചക്കറിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും. അങ്ങനെ ഊട്ടി ശരിക്കും കാണാന്‍ ഗ്രാമങ്ങളിലേക്കു തന്നെ പോകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: