കുറവിലങ്ങാട്: കാളികാവ് ദേവീക്ഷേത്രത്തിലെ മീനപൂരമഹോത്സവത്തോട് അനുബന്ധിച്ചുള്ള പൊങ്കാല നാളെ നടക്കും. രാവിലെ 8.30ന് ക്ഷേത്രം മേല്‍ശാന്തി മംഗലത്തുമന അജയന്‍ നമ്പൂതിരി പണ്ഡാര അടുപ്പില്‍ ദീപം തെളിയിക്കുന്നതോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. ദ്രാവിഡ ജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ആചാരമായാണ് പണ്ടുകാലം മുതല്‍ക്കെ ക്ഷേത്രത്തില്‍ പൊങ്കാല ആചരിച്ചുവരുന്നത്. വൃതശുദ്ധിയോടെ പൊങ്കാലയിടുന്ന ഭക്തകളെ ദേവിയുടെ പ്രതിരൂപമായാണ് കണക്കാക്കുന്നത്. തൂശനിലയില്‍ അവല്‍ മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം, എന്നിവയും പൊങ്കാലയോടൊപ്പം കരുതുന്നു. പുതിയ മണ്‍കലത്തിലാണ് പൊങ്കാല അര്‍പ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്‍പിച്ച് അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നാണ് സങ്കല്‍പം.
















