തൃശൂര്‍: തൃശൂര്‍പൂരം നടത്തിപ്പിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാതെ മന്ത്രിമാര്‍. പരമ്പരാഗതരീതിയില്‍ പൂരം വെടിക്കെട്ട് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം അനുമതി നല്‍കിയിട്ടും ഇക്കാര്യത്തില്‍ ഒരുറപ്പും നല്‍കാന്‍ മന്ത്രിമാരായ വി.എസ്.സുനില്‍കുമാറും എ.സി.മൊയ്തീനും ഇന്നലെ തയ്യാറായില്ല. പൂരം കമ്മറ്റിക്കാരെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും വളരെ പെട്ടെന്ന് ചര്‍ച്ച അവസാനിപ്പിച്ച് മന്ത്രിമാര്‍ സ്ഥലംവിട്ടു. 2008ലെ നിയമത്തില്‍ ഒട്ടേറെ ഇളവുകള്‍ അനുവദിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് കൂടുതലായി ഒരു നിബന്ധനയും ഇക്കുറിയില്ല. എന്നിട്ടും പൂരം വെടിക്കെട്ടിന് അനുമതി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ജില്ല കളക്ടറും ജില്ലാഭരണകൂടവും മടിച്ചുനില്‍ക്കുകയാണ്. പൂരം വെടിക്കെട്ടിനെ മറയാക്കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് എല്‍ഡിഎഫ് നേതൃത്വം നടത്തുന്നത്. 12ന് തിരുവനന്തപുരത്ത് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ടെന്നും ഇതില്‍ തീരുമാനിക്കാമെന്നുമാണ് മന്ത്രി സുനില്‍കുമാര്‍ ഇന്നലെ പറഞ്ഞത്. പൂരം വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ക്ക് എല്ലാ അധികാരവും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കളക്‌ട്രേറ്റില്‍ ഏകജാലക സംവിധാനം ഒരുക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ഇതിന് തയ്യാറാകാതെ സംസ്ഥാന സര്‍ക്കാരും കളക്ടറും പൂരക്കമ്മിറ്റിക്കാരോട് സാമ്പിളികളുമായി ചെന്നൈയിലേക്കും നാഗ്പൂരിലേക്കും പോകാന്‍ നിര്‍ദ്ദേശിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് ഘടകവിരുദ്ധമായ സമീപനമാണിത്. ഇന്നലെ ചര്‍ച്ച പെട്ടെന്ന് അവസാനിപ്പിച്ച് മന്ത്രിമാര്‍ മടങ്ങിയതില്‍ പൂരംസംഘാടകര്‍ നിരാശയിലാണ്.
















