തിരുവനന്തപുരം: ഘോഷയാത്ര വാഹനങ്ങളില്‍ നിന്ന് കാവികൊടി അഴിച്ചുമാറ്റാതെ നിയമസഭയ്‌ക്കുമുന്നിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് പോലീസ്. പ്രതിഷേധവുമായി ശ്രീരാമഭക്തര്‍ എത്തിയതോടെ രംഗം സങ്കര്‍ഷഭരിതമായി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ചേങ്കോട്ട്‌കോണം ആശ്രമത്തിന്റെ നേതൃത്വത്തില്‍ നടന്ന ശ്രീരാമനവമി ഹിന്ദു മഹോത്സവത്തോടനുബന്ധിച്ചുള്ള പതാകാ സമര്‍പ്പണ ശോഭയാത്ര പാളയത്ത് പോലീസ് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഭക്തജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി കടന്നു വന്ന ഘോഷയാത്ര രാത്രി എട്ടോടെയാണ് പോലീസ് തടഞ്ഞത്. പതാക വഹിച്ചിരുന്ന രഥത്തില്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ കെട്ടിയിരിക്കുന്ന കാവികൊടികള്‍ അഴിച്ചുമാറ്റിയാല്‍ മാത്രമെ നിയമസഭയ്‌ക്കു മുന്നിലൂടെ കടത്തിവിടുകയുള്ളു എന്ന് പോലീസ് പറഞ്ഞു. എല്ലാ വര്‍ഷവും മുടങ്ങാതെ നടത്തുന്ന ചടങ്ങാണെന്നും തങ്ങളെ കടത്തിവിടണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. ഏത് കൊടികെട്ടിയാലും നിയമസഭയുടെ മുന്നിലുടെ കടത്തിവിടാമെന്നും കാവി കൊടി അനുവദിക്കില്ലെന്നും പോലീസ് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് കൂടുതല്‍ ശ്രീരാമഭക്തര്‍ എത്തിയതോടെ പോലീസ് നിര്‍ദ്ദേശം മറികടന്ന് ഘോഷയാത്ര മുന്നോട്ടുപോകുകയായിരുന്നു. പിഎംജിയിലുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ യാത്ര സമാപിച്ചു. ഹൈന്ദവതയെ പ്രതിനിധാനം ചെയ്യുന്ന കാവികൊടിയോടുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും വിദ്വേഷം പ്രതിഷേധാര്‍ഹമാണെന്ന് വിഎച്ച്പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















