ആര്യനാട്: കുടിനീരിനായി ജനം വലയുമ്പോള്‍ അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു. അരുവിക്കര മണ്ഡലത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ബിജെപി അരുവിക്കര വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരുവിക്കര ഡാമില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞു. കടുത്ത വേനലില്‍ ജനം കുടിനീരിന് മുറവിളികൂട്ടുമ്പോള്‍ ടാങ്കറില്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വെള്ളം വിറ്റ് വാട്ടര്‍ അതോറിറ്റി കാശുണ്ടാക്കുകയാണ്. എംഎല്‍എയുടെ നേതൃത്വത്തില്‍ അടുത്തിടെ ജലസംഭരണിയിലെ മാലിന്യനീക്കം നടത്തിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കാനുമായിരുന്നു. വെള്ളനാട്, ആര്യനാട്, കുറ്റിച്ചല്‍, ഉഴമലക്കല്‍ പഞ്ചായത്തുകളില്‍ ആഴ്ചകളായി കുടിവെള്ള വിതരണമില്ല. ഇത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കര പഞ്ചായത്തോഫീസിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ ഒഴിഞ്ഞപാത്രങ്ങളുമായി അണിനിരന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം വെള്ളനാട് കൃഷ്ണകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എം.വി. രഞ്ജിത്ത്, എസ്. ജ്യോതിഷ്‌കുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ശിവജിപുരം ഭുവനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ അസിസ്റ്റന്റുമായി നടന്ന ചര്‍ച്ചയില്‍ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പു ലഭിച്ചു. തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ബിജെപി മണ്ഡലം ഭാരവാഹികളായ പ്ലാവിള അനില്‍, മുളയറ ബൈജു, പുതുകുളങ്ങര അനില്‍, മാങ്കുഴി സുകുമാരന്‍, വിജി ബൈജു, ശ്രീകല, രഞ്ജിത്ത്, ദീപു, വാര്‍ഡ് മെമ്പര്‍ വേലായുധന്‍ നായര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
















