പത്തനംതിട്ട: ആറന്മുള മിച്ചഭൂമിക്കേസ് ലാന്റ്ബോര്‍ഡ് ഏപ്രില്‍19 ലേക്കു മാറ്റിവെച്ചു. പുതുതായി രൂപികരിച്ച ബോര്‍ഡ് എഡിഎം അനു എസ്.നായരുടെ നേതൃത്വത്തിലാണ് ആദ്യയോഗം ചേര്‍ന്നത്. എല്ലാ വിഭാഗത്തിന്റെയും വാദം കേട്ട് രണ്ട് യോഗങ്ങള്‍ക്കുള്ളില്‍ തീരുമാനം എടുക്കാനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആറന്മുള മിച്ചഭൂമി കേസ് താലൂക്ക് ലാന്റ് ബോര്‍ഡ് വീണ്ടും പരിഗണിക്കുന്നത്. 2013ലാണ് ഇത് സംബന്ധിച്ച് കോടതി നിര്‍ദ്ദേശം നല്‍കിയത്.ആറന്മുള വിമാനത്താവളത്തിന് വേണ്ടി വ്യവസായി ഏബ്രഹാം കലമണ്ണിലിന്റെ കൈവശം ഇരുന്ന 232 ഏക്കര്‍ ഭൂമി വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പ് വാങ്ങിയിരുന്നു. എന്നാല്‍ 2013 ല്‍ അന്നത്തെ കളക്ടര്‍ ഈ വില്‍പ്പന ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു. ഇതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം ആദ്യ ഉടമയായ ഏബ്രഹാമില്‍ തന്നെയെത്തി. ഇദ്ദേഹം പരിധിയില്‍ കവിഞ്ഞ് ഭൂമി കൈവശം വെച്ചതിന് കേസ് എടുത്തിരുന്നു.അന്ന് താലൂക്ക് ലാന്റ് ബോര്‍ഡ് 232 ഏക്കര്മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇത് ചട്ടപ്രകാരമല്ലെന്ന് കാണിച്ച് കെജിഎസ് ഗ്രൂപ്പും ഏബ്രഹാമും ഹൈക്കോടതിയെ സമീപിച്ചു. മിച്ചഭൂമി പ്രഖ്യാപനം റദ്ദാക്കിയ ഹൈക്കോടതി താലൂക്ക് ലാന്റ് ബോര്‍ഡ് വീണ്ടും വിഷയം പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വ്യാഴാഴ്ച ബോര്‍ഡ് മുമ്പാകെ കെജിഎസ് ഗ്രൂപ്പിന്റെയും ഏബ്രഹാം കലമണ്ണിലിന്റെയും അഭിഭാഷകര്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചു. വിഷയത്തിന്റെ വിശകലനങ്ങളിലേക്ക് കടന്നില്ലന്ന് ബോര്‍ഡംഗം ഓമല്ലൂര്‍ ശങ്കരന് അറിയിച്ചു. വരുംയോഗങ്ങള് എല്ലാവാദങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മുന്‍ബോര്‍ഡ് എല്ലാവരുടെയും വാദങ്ങള്‍ കേട്ടിരുന്നതാണെന്നും തീരുമാനം വൈകിക്കുന്നത് ശരിയല്ലന്നും വിമാനത്താവള വിരുദ്ധസമരസമിതി കണ്‍വീനര്‍ഷാജി ചാക്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: