താനൂര്‍: സിപിഎം-ലീഗ് സംഘര്‍ഷവും തുടര്‍ന്നുണ്ടായ പോലീസ് അതിക്രമത്തിലും കൈവിട്ടുപോയ സമാധാനം തിരിച്ചുപിടിക്കുകയാണ് താനൂര്‍. അക്രമത്തിന്റെ രൂക്ഷഭാവം കണ്ട് ഭയപ്പെട്ട താനൂര്തീരം പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുന്നു. അക്രമികളെ ഭയന്ന് നാടുവിട്ടുപോയ ചാപ്പപ്പടിയിലെയും ഒട്ടുംപുറത്തെയും ബഹുഭൂരിപക്ഷം സ്ത്രീകളും കുട്ടികളും അവരവരുടെ വീടുകളില്‍ തിരച്ചെത്തി.
പരപ്പനങ്ങാടിയിലും സമീപപ്രദേശങ്ങളിലുമുള്ള ബന്ധുവീടുകളിലേക്കാണ് ഇവര്‍ കുടിയേറിപ്പാര്‍ത്തിരുന്നത്. മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ നടന്ന സമാധാനയോഗത്തിലെടുത്ത തീരുമാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് സ്ത്രീകളെല്ലാം മടങ്ങിയെത്തിയിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇവിടത്തെ ഇവിടത്തെ പുരുഷന്മാരില് പകുതിയോളം പേര് ഇനിയും നാട്ടില്‍ തിരിച്ചെത്തിയിട്ടില്ല. അക്രമത്തിന്റെ കുറ്റംചുമത്തി അറസ്റ്റ്ചെയ്യപ്പെടുമോ എന്ന ഭയമാണവര്‍ക്കെല്ലാം. ചാപ്പപ്പടി, പണ്ടാരക്കടപ്പുറം, മൊഹയുദ്ദീന്പള്ളി എന്നിവിടങ്ങളിലെ പുരുഷന്മാരാണ് മടങ്ങിയെത്താത്തത്.
അക്രമത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഏകദേശം എല്ലാ ബസുകളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോറിക്ഷകളും ഓട്ടം തുടങ്ങി. നഷ്ടപരിഹാരക്കണക്കെടുപ്പ് കഴിഞ്ഞതോടെ തല്ലിത്തകര്‍ക്കപ്പെട്ട വാഹനങ്ങള്‍ മിക്കതും ഉടമസ്ഥര്‍ കേടുപാടുകള്തീര്ക്കാനായി സ്ഥലത്തുനിന്ന് മാറ്റി. ആളുകള്‍ ഭൂരിഭാഗവും രണ്ടാഴ്ചയോളം അടഞ്ഞുകിടന്നിരുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പരീക്ഷകള്‍ക്കായി കുട്ടികള്‍ക്ക് പോകാനുള്ള സൗകര്യവും താനൂരില്‍ തിരിച്ചുവന്നു. 15 ദിവസമായി നിശ്ചലമായിരുന്ന മീന്‍പിടിത്ത മേഖലയും ഉണര്‍ന്നുകഴിഞ്ഞു.
ചാപ്പപ്പടി ഭാഗത്തുള്ളവരില്‍ കുറച്ചുപേര്‍ മാത്രമാണ് മീന്‍പിടിത്തത്തിനിറങ്ങുന്നത്. എന്നാല്‍ സ്ഥലത്തെ മീന്പിടിത്തകേന്ദ്രങ്ങളില് താനൂരിന്റെ മറ്റിടങ്ങളിലുള്ളവര്‍ മീന്‍പിടിത്തം നടത്തുന്നുണ്ട്. പ്രദേശത്തെ ക്രമസമാധാനം നിയന്ത്രണവിധേയമായെങ്കിലും പോലീസ് കാവലില്തന്നെയാണ് പ്രദേശമിപ്പോഴും. എന്നാല്‍ പോലീസുകാരുടെ എണ്ണം 150 പേരാക്കി കുറച്ചിട്ടുണ്ട്.
പിന്നീട് സ്ഥലത്ത് അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാര്‍ച്ച് 12നാണ് നാടിനെ ഭയപ്പെടുത്തിയ അക്രമം താനൂര്‍ തീരപ്രദേശത്ത് ആഞ്ഞടിച്ചത്.
സിപിഎം-ലീഗ് സംഘര്‍ഷത്തോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് സിപിഎമ്മിന്റെ ഒത്താശയോടെ പോലീസ് നിരപരാധികളായവരുടെ വീടുകളും അടിച്ചുതകര്‍ത്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനടക്കം നിരവധി പ്രമുഖര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: