ആലുവ: കൗണ്‍സില്‍ തീരുമാനമില്ലാതെ സ്വകാര്യ കമ്പനിക്ക് ദേശീയപാതയില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ നടപടി വിവാദമായി. ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലം മുതല്‍ മംഗലപ്പുഴ പാലം വരെയുള്ള ഭാഗത്താണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നഗരസഭ അധികൃതര്‍ അനുമതി നല്‍കിയത്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സെമിനാരിപ്പടിയില്‍ ട്രാഫിക്ക് സിഗ്‌നല്‍ സ്ഥാപിക്കുന്നതിന് നല്‍കിയ നിര്‍ദ്ദേശത്തിന്റെ മറവിലാണ് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രാഫിക്ക് സിഗ്‌നല്‍ സ്ഥാപിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് മൂന്ന് മാസം മുമ്പ് എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ട്രാഫിക്ക് സിഗ്‌നല്‍ സ്ഥാപിച്ചു. ഇത് ഭാഗീകമായാണ് പ്രവര്‍ത്തിക്കുന്നത്.
ട്രാഫിക്ക് സംവിധാനം സ്ഥാപിക്കാന്‍ ഇടനിലക്കാര്‍ തന്നെയാണ് ദേശീയപാതയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനും ഇതേ ഏജന്‍സിയെ ചുമതലപ്പെടുത്തിയത്. പരസ്യവരുമാനത്തിലൂടെ ഇതിന് ചെലവാകുന്ന പണവും ലഭാവും കരാറുകാരന്‍ കണ്ടെത്തണമെന്നാണ് ധാരണ. കൗണ്‍സിലിന്റെ തീരുമാനമില്ലാതെയാണ് ധാരണ. നാല് വര്‍ഷം മുന്‍പുള്ള കരാര്‍ റദ്ദാക്കാതെയാണ് വീണ്ടും മറ്റൊരു ഏജന്‍സിക്ക് കരാര്‍ നല്‍കാന്‍ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി റോഡിന് നടുവിലെ മീഡിയനുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് തൂണുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ഇന്ന് കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
















