ശ്രീമൂലനഗരം: എടനാട് അമ്പലകുളങ്ങര ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ അരി ഗോഡൗണില്‍ പഴകിയ അരി കെട്ടികിടന്നു ചെള്ള് പെരുകുന്നു. സമീപത്തെ വീടുകളിലേക്ക് ചെള്ള് കൂട്ടമായെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വീടിന്റെ ചുമരിലും വസ്ത്രങ്ങളിലും ആഹാര സാധനങ്ങളിലും ചെള്ള് കടന്നുകൂടുന്നുണ്ട്. കുട്ടികളുടെ ശരീരത്തില്‍ ചൊറിഞ്ഞു തടിക്കുന്നതിനു കാരണവും ഈ ചെള്ളുകളാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് അരി സൂക്ഷിച്ചിരിക്കുന്നത്. രാത്രി സമയത്താണ് ചെള്ളിന്റെ ആക്രമണം കൂടുതലായുള്ളത്. പലതവണ പരാതിപ്പെട്ടിട്ടും അധികാരികള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഗോഡൗണ്‍ അധികാരികള്‍ക്കെതിരെ ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്‌മ നടത്തി. ആലുവ മണ്ഡലം പ്രസിഡന്റെ കെ.ജി. ഹരിദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബിജെപി ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശ്യാംകുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രാജീവ് എടക്കണ്ടം, യുവമോര്‍ച്ചയുടെ ഭാരവാഹികളായ പി.ബി. ശരത്കുമാര്‍, ജിത്തു തിരുവൈരാണികുളം, നാട്ടുകാരായ സുനില മനോജ്, സുനജ ഉണ്ണികൃഷ്ണന്‍, ടോമി, ബിജു, ജോസ്, സാജു എന്നിവര്‍ സംസാരിച്ചു.
















