തിരുവനന്തപുരം: ലോ അക്കാദമി ഭൂമി വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 21ന് കോടതി ഉത്തരവ് പറയും. ലോ അക്കാദമിയുടെ പേരിലുള്ള ട്രസ്റ്റിന് സര്‍ക്കാര്‍ പതിച്ചു നല്‍കിയ 12 ഏക്കര്‍ ഭൂമിയില്‍ വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്ന 11 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസ് പ്രത്യേക വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ മാസം നല്‍കിയിരുന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയിലെ വിഷയങ്ങള്‍ സംബന്ധിച്ച് വിജിലന്‍സിനോട് കോടതി വിശദീകരണം ചോദിച്ചിരുന്നു. അതു പ്രകാരം ഇന്നലെ വിജിലന്‍സ് രേഖാമൂലം മറുപടി നല്‍കി. ഈ മറുപടിയില്‍ ഭൂമിദാനം സംബന്ധിച്ച് യാതൊരു വിധ അന്വേഷണവും സംസ്ഥാന വിജിലന്‍സ് നടത്തുന്നില്ലെന്നും കോടതി ഉചിതമായ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഹര്‍ജിക്കാരന്റെ വാദം കേട്ടു. സര്‍ക്കാരില്‍ നിന്നും ഒരു ട്രസ്റ്റിന്റെ പേരില്‍ വിദ്യാഭ്യാസ ആവശ്യത്തിനായി ആദ്യം പാട്ടത്തിനും പിന്നെ യുജിസി ഫണ്ടിന്റെ പേരില്‍ സൗജന്യമായി ഭൂമി പതിച്ചു വാങ്ങിയെന്നും, എന്നാല്‍ വിദ്യാഭ്യാസ ആവശ്യത്തിന് ഒരു ഏക്കറാണ് ഉപയോഗിക്കുന്നതെന്നും ബാക്കി വരുന്ന 11 ഏക്കര്‍ ഭൂമിയില്‍ ബാങ്ക്, ഹോട്ടല്‍, ഫഌറ്റുകള്‍ മറ്റിതര സ്ഥാപനങ്ങള്‍ എന്നിവയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതില്‍ നിന്നുമുള്ള ലക്ഷകണക്കിന് രൂപയുടെ വരുമാനം ട്രസ്റ്റ് ചെയര്‍മാനും കുടുംബവും കഴിഞ്ഞ 40 വര്‍ഷമായി അനുഭവിച്ചു വരികയാണെന്നും ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് കേസില്‍ 21ന് ഉത്തരവ് പറയുമെന്നു വിജിലന്‍സ് കോടതി പ്രത്യേക ജഡ്ജി എ. ബദറുദ്ദീന്‍ അറിയിച്ചത്.
















