തൊടുപുഴ: ഇടുക്കി ഡെപ്യൂട്ടി കമ്മീണര്‍ക്കെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ 8 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം.
എക്‌സൈസ് മുന്‍ സ്റ്റാഫ് അസോസിയേഷനില്‍പ്പെട്ട ഉദ്യോഗസ്ഥരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ എ നെല്‍സണെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തിലാണ് ഒരുവര്‍ഷത്തിന്‍ ശേഷം നടപടി വരുന്നത്. അസി. ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ സുരേഷ്, ഉദ്യോഗസ്ഥരായയ
ജയന്‍ പി ജോണ്‍, ജോഫിന്‍, കെ പി റോയിച്ചന്‍, സജി കെ ജോസഫ്, സി പി റെനി, വി ആര്‍ സുധീര്‍, പ്രിന്‍സ് എബ്രാഹം എന്നിവരെയാണ് പാലക്കാട്, വയനാട് ജില്ലകളിലേയ്‌ക്കായി സ്ഥലം മാറ്റിയിരിക്കുന്നത്. സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ നിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. യുഡിഎഫ് അനുകൂല സംഘടനയില്‍പ്പെട്ടവരാണ് ഇവരെല്ലാം.
9 പേര്‍ക്ക് എതിരെ നടപടി വന്നിരുന്നെങ്കിലും മുമ്പ് നടപടി എടുത്തതിനാല്‍ കുര്യന്‍ എന്ന ഉദ്യോഗസ്ഥനെ ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് എത്തിയ അഡീ.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എറണാകുളത്ത് നിന്നെത്തിയ ജോയിന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. മേലുദ്യോഗസ്ഥനെ അപമാനിക്കുന്ന തരത്തില്‍ ഓഫീസിന് പുറത്തെ മതിലിലാണ് സംഘടനയുടെ പേരില്‍ പോസ്റ്റര്‍ പതിച്ചത്. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.
















