ചാത്തന്നൂര്‍: പരവൂര്‍ പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഗ്രാമസേവ കേന്ദ്രത്തെ സാമൂഹ്യ വിരുദ്ധര്‍ മദ്യപാനത്തിനും, ലഹരി ഉപയോഗത്തിനുമുള്ള താവളമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു.
പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കാനെത്തിയവര്‍ക്ക് നേരെ ചിലര്‍ കയ്യേറ്റത്തിന് ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. കഴിഞ്ഞ ദിവസം രാവിലെ 11.30നാണ് സംഭവം. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ ഭജനമഠം ഭദ്രാ ദേവീക്ഷേത്രത്തിന് മുന്നിലെ ഗ്രാമസേവാകേന്ദ്രത്തിന്റെ ടെറസിലും പരിസരത്തനും മദ്യപാനവും ലഹരി ഉപയോഗവും തുടര്‍ന്നുളള അക്രമവും രൂക്ഷമായതിനെ തുടര്‍ന്നാണ് പ്രദേശ വാസികള്‍ സംഘടിച്ചത്. 11.30ന് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രദേശവാസികള്‍ പരാതി നല്‍കാനായി പൂതക്കുളം പഞ്ചായത്തിലെത്തിയെങ്കിലും സെക്രട്ടറി ഇല്ലാത്തതിനാല്‍ മറ്റുള്ളവര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതിനൊരു പരിഹാരം കാണാതെ പോകുന്നില്ലെന്നു തീരുമാനിച്ചു.
സെക്രട്ടറി വരുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറായ ഇവര്‍ക്കെതിരെ പുറത്തുനിന്നെത്തിയ ചിലര്‍ തട്ടിക്കയറുകയും കയ്യേറ്റത്തിന് മുതിര്‍ന്നതിനെ തുടര്‍ന്ന് സംഘര്‍ഷമാചെയ്തു.
പരവൂര്‍-പാരിപ്പളളി റോഡില്‍ വാഹനപരിശോധന നടത്തുകയായിരിന്ന പരവൂര്‍ എസ്‌ഐ ബി.ഷെഫീക്കും മധുവും ഉടന്‍തന്നെ സ്ഥലത്തെത്തി. എസ്‌ഐയുടെ സാന്നിധ്യത്തില്‍ അസി.സെക്രട്ടറി ഗായത്രിക്ക് പരാതി സമര്‍പ്പിച്ചു. രണ്ടാഴ്ചയ്‌ക്കകം പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പിന്മേല്‍ പരാതിക്കാര്‍ പിരിഞ്ഞുപോയി. വിശ്വശ്രീ കലാസാംസ്‌കാരിക നിലയത്തിന്റെ പേരില്‍ പതിനഞ്ചുവര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന പ്രദേശവാസികളുടെ ക്ലബ്ബ് നാലുവര്‍ഷം മുമ്പാണ് ഗ്രാമപഞ്ചായത്തിനായി വിട്ടുനല്‍കിയത്.
പൂതക്കുളം ഗ്രാമപഞ്ചായത്ത് സേവാകേന്ദ്രം നിര്‍മ്മിക്കുകയും മൂന്ന് മാസം മുന്‍പ് ഇതിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തു. രണ്ടുനില കെട്ടിടത്തിന്റെ ഒന്നാംനില പൂര്‍ത്തിയായ ശേഷം കോമ്പൗണ്ട് വാള്‍ ഇല്ലാത്തതിനാല്‍ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി. നിരവധി തവണ പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ രണ്ടാംവാര്‍ഡ് അംഗം വി.ജി.ജയയെ സംഭവം ബോധ്യപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ പരാതിയുമായി പഞ്ചായത്തിലെത്തിയത്. വകുപ്പ് മന്ത്രിക്കും ജില്ലാകളക്ടര്‍ക്കും സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കുമെന്നും സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങാനുളള നടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. വിശ്വശ്രീ കലാസാംസ്‌കാരിക നിലയത്തിന്റെ മുന്‍സെക്രട്ടറി സുഭാഷ്,’ഭജനമഠം ഭദ്രാദേവീക്ഷേത്രം വൈസ്പ്രസിഡന്റ് ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ സംഘടിച്ചത്.
















