എരമല്ലൂര്‍: കൈക്കൂലി നല്‍കിയില്ല. ബൈക്ക് യാത്രികനായ ക്ഷേത്രം പൂജാരിയെ എസ്‌ഐ തടഞ്ഞുവച്ചെന്ന് പരാതി. എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ അയോദ്ധ്യയില്‍ ആദര്‍ശ് ആണ് പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയത്.
ഇന്നലെ രാവിലെ എരമല്ലൂരില്‍ ആയിരുന്നു സംഭവം. പനങ്ങാട് വ്യാസപുരം ക്ഷേത്രത്തിലെ കീഴ്ശാന്തിയായ ഇയാള്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനായി എരമല്ലൂരിലെ യു ടേണ്‍ തിരിയുന്നതിനിടയില്‍ അരൂര്‍ എസ് ഐ തടഞ്ഞു നിര്‍ത്തുകയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോയ ആദര്‍ശ് ക്ഷേത്രത്തില്‍ പൂജക്ക് പോകേണ്ടതിനാല്‍ വിട്ടയക്കണമെന്ന് അപേക്ഷിച്ചെങ്കിലും എസ്‌ഐ സമ്മതിച്ചില്ലത്രേ.
സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത ആദര്‍ശിന്റെ അച്ഛന്‍ അനില്‍കുമാറിനോട് എസ്‌ഐ 5,000 രൂപ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന്ജാമ്യത്തിനെത്തിയ കൂട്ടുകാരെ ഒപ്പിടുവിച്ച ശേഷം പറഞ്ഞയച്ചെങ്കിലും ആദര്‍ശിനെ സ്റ്റേഷനില്‍ തടഞ്ഞുവച്ചതായും എസ്‌ഐയുടെ നടപടി മൂലം ക്ഷേത്ര പൂജയ്‌ക്ക് എത്താന്‍ കഴിഞ്ഞില്ലയെന്നും കൈക്കൂലി നല്‍കാത്ത വൈരാഗ്യത്തില്‍ ജോലി തടസപ്പെടുത്തിയെന്നും കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
















