അമ്പലപ്പുഴ: ക്ഷേത്രഭാരവാഹികളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി ധീവര കരയോഗ ക്ഷേത്ര കോ-ഓഡിനേഷന്‍ കമ്മറ്റി. ആലപ്പുഴ ആലിശ്ശേരി ക്ഷേത്രത്തില്‍ അന്യമതസ്ഥരായ സാമൂഹ്യവിരുദ്ധര്‍ ഉത്സവം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ യുവാവ് മരിച്ച സംഭവത്തിലാണ് ഭാരവാഹികളെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കമുള്ളത്.
എന്നാല്‍ നിരപരാധികളായ ഭാരവാഹികള്‍ക്കെതിരെ പോലീസ് സ്വീകരിക്കുന്ന നടപടിയില്‍ വാടയ്‌ക്കല്‍ പുന്നപ്ര, കാക്കാഴം, കോമന, പായല്‍കുളങ്ങര, പഴയങ്ങാടി, പുന്തല, ഒറ്റപ്പന, തോട്ടപ്പള്ളി ധീവര കരയോഗ ക്ഷേത്ര കോ- ഓഡിനേഷന്‍ കമ്മറ്റി രംഗത്തെത്തി. ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തിയിട്ടും പൂജ കഴിഞ്ഞുപോയ ശാന്തിക്കാരനെ അക്രമിച്ചിട്ടും സംയമനം പാലിച്ചത് നാട്ടില്‍ സൗഹാര്‍ദ്ദം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടാണെന്നും എന്നാല്‍ ഇത് മുതലെടുക്കാന്‍ ചില വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നതായും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഇതിനെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് ഇവര്‍ പറഞ്ഞു. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കിയാല്‍ താലൂക്കിലെ മുഴുവന്‍ ധീവര സമൂഹത്തെയും സംഘടിപ്പിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കളായ എ.ആര്‍. ബാബു, പി.സി. കാര്‍ത്തികേയന്‍, ദേവന്‍, എന്‍.എസ്. രാജേന്ദ്രന്‍ തുടങ്ങിയവര്‍ അറിയിച്ചു.
















