കുമ്പളം: കുട്ടികളുമായി വരികയായിരുന്ന സ്‌കൂള്‍ ബസിനു നേരെ ലഹരിമരുന്നു സംഘത്തിന്റെ ആക്രമണം. ഇന്നലെ വൈകിട്ട് നാലേ കാലോടെ കുമ്പളം പട്ടാര്യ സമാജം ഹാളിനു സമീപത്തായിരുന്നു സംഭവം.
ബസ് നിറുത്തുമ്പോള്‍ വാഹനങ്ങള്‍ക്കു പോകാന്‍ പറ്റുന്നില്ലെന്നു പറഞ്ഞ് ചിലര്‍ ഡ്രൈവറിനോടു തട്ടിക്കയറല്‍ പതിവാണ്. ഇന്നലെ വാക്കേറ്റം മുറുകിയതോടെ നാട്ടുകാര്‍ ഇടപ്പെട്ടു. വണ്ടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിക്കാന്‍ വന്ന ഭിന്നശേഷിക്കാരനായ പിതാവ് തമ്പി കൊമരോത്തിനെ സംഘം തള്ളിയിട്ടു. ഇതോടെ നാട്ടുകാര്‍ അക്രമികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
എന്നാല്‍ സ്‌റ്റേഷനില്‍ എത്തിച്ച ഇവര്‍ക്കു വേണ്ടി ഭരണ കക്ഷി പ്രാദേശിക നേതാക്കള്‍ ഇടപെട്ടതിനെതിരെ തുടര്‍ന്ന് അക്രമികളെ പനങ്ങാട് പോലീസ് താക്കീതു നല്‍കി വിട്ടയച്ചു. ഇതേ സംഘത്തില്‍ പ്പെട്ടവര്‍ തന്നെയാണ് രണ്ടു മാസം മുന്‍പ് കുമ്പളം സൗത്ത് ജംഗ്്ഷനില്‍ പെണ്‍കുട്ടികളെ നടുറോഡില്‍ ഉപദ്രവിച്ചതെന്ന് കുമ്പളത്തെ പൊതുപ്രവര്‍ത്തകന്‍ കെ.പി. വിജയന്‍ പറഞ്ഞു. രക്ഷിക്കാന്‍ രാഷ്‌ട്രീയക്കാര്‍ ഇറങ്ങിയതോടെ ആ കേസിലെ പ്രതികളും രക്ഷപ്പെടുകയായിരുന്നെന്നും വിജയന്‍ പറഞ്ഞു.
















