കുന്നത്തൂര്‍: ചക്കുവള്ളി ക്ഷേത്രഭൂമിയില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന സംഘര്‍ഷാവസ്ഥ. കയ്യേറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന് സിപിഎം രാജ്യസഭാ എംപി കെ.സോമപ്രസാദ് നടത്തിയ.ഇടപെടലുകള്‍ കോടതിവിധി നടപ്പാക്കുന്നതിന് തടസ്സമായി. സിപിഎമ്മും എസ്ഡിപിഐയും ചേര്‍ന്ന് നടത്തിയ സംഘര്‍ഷനീക്കങ്ങള്‍ക്ക് പോലീസും റവന്യൂ അധികൃതരും കൂട്ടുനിന്നതോടെയാണ് നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ക്ഷേത്രവിശ്വാസികള്‍ നേടിയെടുന്ന കോടതിവിധി കാറ്റില്‍ പറന്നത്. അതേസമയം ഹൈക്കോടതി ഉത്തരവ് നടപ്പാകും വരെ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഹിന്ദുഐക്യവേദിയും പരബ്രഹ്മക്ഷേത്രസംരക്ഷണസമിതിയും ചക്കുവള്ളിയില്‍ സത്യാഗ്രഹമാരംഭിച്ചു.
കയ്യേറ്റമൊഴിയാന്‍ നല്‍കിയ നാല്‍പത്തെട്ട് മണിക്കൂര്‍ സമയപരിധിയെ അട്ടിമറിച്ച ഒത്തുതീര്‍പ്പുചര്‍ച്ചകളുടെ ആവര്‍ത്തനമാണ് ഇന്നലെയും നടന്നത്. ശനിയാഴ്ച കയ്യേറ്റമൊഴിപ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ കളക്‌ട്രേറ്റില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് ഇന്നലെ വരെ സമയം നീട്ടിനല്‍കിയത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ജില്ലാകളക്ടര്‍ ഇന്ന് അന്തിമറിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. അതനുസരിച്ച് ഇന്നലെ രാവിലെ റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി.
അഞ്ച് സിഐമാരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും ഫയര്‍ഫോഴ്‌സും ആംബുലന്‍സുമടക്കമുള്ള സംവിധാനവുമായിട്ടായിരുന്നു നടപടികളുടെ തുടക്കം. ലാന്‍ഡ് റവന്യൂ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറും സ്ഥലത്തെത്തിയിരുന്നു. കയ്യേറ്റമൊഴിപ്പിക്കല്‍ നടപ്പിലാകും എന്ന അവസ്ഥ വന്നപ്പോഴാണ് സിപിഎമ്മുകാരനായ എംപി സോമപ്രസാദിന്റെ രംഗപ്രവേശം. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ചര്‍ച്ച. ഡിവൈഎസ്പി ബി. കൃഷ്ണകുമാറും ഇതിനായി സ്ഥലത്തെത്തി. ചര്‍ച്ചയില്‍ സോമപ്രസാദും സിപിഎം നേതാവ് എം.ശിവശങ്കരപ്പിള്ളയും ഏകപക്ഷീയ നിലപാട് സ്വീകരിക്കുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കയ്യേറ്റമൊഴിപ്പിക്കല്‍ തടയാനായി ശ്രമം. തുടര്‍ന്ന കോടതി ഉത്തരവിനെത്തള്ളി കയ്യേറ്റമൊഴിപ്പിക്കല്‍ ഉണ്ടാവില്ലെന്ന് ജനങ്ങളെ വിളിച്ചുകൂട്ടി എംപിയുടെ പ്രഖ്യാപനം.
എന്നാല്‍ കോടതി അലക്ഷ്യനടപടി ഭയന്ന് ഉദ്യോഗസ്ഥര്‍ വീണ്ടും ചര്‍ച്ച നടത്തി. ഉത്തരവിനെത്തുടര്‍ന്ന് സ്വയം ഒഴിഞ്ഞുപോയവരുടെ കടകള്‍ വീണ്ടും പൊളിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം ഭക്തജനങ്ങളും ഹിന്ദുസംഘടനകളും ചേര്‍ന്ന് തടഞ്ഞു. കയ്യേറ്റക്കാര്‍ക്കുവേണ്ടി എസ്ഡിപിഐക്കാര്‍ കൂടി വന്നതോടെ സംഘര്‍ഷാവസ്ഥ കനത്തു. ഹിന്ദുസംഘടനകള്‍ നിലപാട് കടുപ്പിച്ചതോടെ പൊളിച്ചുമാറ്റാന്‍ ഒരുമാസത്തെ സമയം ചോദിച്ച് കോടതിയെ സമീപിച്ച ആളുടെ കടയൊഴിച്ച് മറ്റെല്ലാം നീക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ അപ്പോഴും എംപി സോമപ്രസാദ് അതിനെ തടസ്സപ്പെടുത്തി രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുഖാന്തരം സമ്മര്‍ദം ചെലുത്തി ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെപ്പിച്ചു. ഇതോടെ ഭക്തജനപ്രതിഷേധം എംപിക്കെതിരെ ഉയര്‍ന്നു. കയ്യേറ്റം ഒഴിപ്പിക്കല്‍ നടക്കില്ലെന്ന് ഉറപ്പായതോടെ ഭക്തജനങ്ങള്‍ കൊല്ലം- തേനി ദേശീയപാത ഉപരോധിച്ചുവെങ്കിലും പിന്നീട് നേതാക്കന്മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പിന്‍വലിച്ചു. കയ്യേറ്റമൊഴിപ്പിക്കലിനായി രാവിലെ മുതല്‍ തന്നെ പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചിരുന്നു. കടകള്‍ ഒഴിയുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കയ്യേറ്റക്കാരില്‍ 29 പേര്‍ ഇന്ന് കോടതിയെ സമീപിക്കും. ഒരു മാസത്തെ സമയമാണ് ഇവര്‍ ചോദിക്കുന്നത്. അതേസമയം കോടതിവിധി തടസ്സപ്പെടുത്തിയ എംപിക്കെതിരെ കോടതിയലക്ഷ്യനടപടി കൈക്കൊള്ളണമെന്ന് ഹിന്ദുസംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
















