കണ്ണൂര്‍: നിര്‍മാണ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. ക്വാറികളുടെ ലൈസന്‍സ് പ്രശ്‌നവും മണല്‍വാരല്‍ നിയന്ത്രണവും മൂലം നിര്‍മാണരംഗത്ത് അസംസ്‌കൃത വസ്തുക്കള്‍ കിട്ടാത്ത സ്ഥിതിയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു. ഇതുകാരണം തദ്ദേശ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടുന്നു. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികള്‍ മാര്‍ച്ച് 31 വരെയെങ്കിലും തുടരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടറെ കണ്ട് അഭ്യര്‍ത്ഥിച്ചതായി പ്രസിഡണ്ട് അറിയിച്ചു. മണല്‍വാരല്‍ സംബന്ധിച്ച ഗ്രീന്‍ ട്രീബ്യൂണല്‍ ഉത്തരവും കേരളത്തിന്റെ സാഹചര്യത്തിന് യോജിച്ചതല്ല. ഈ പ്രശ്‌നവും പരിഹരിക്കാന്‍ ശ്രമം നടത്തി വരികയാണെന്ന് അദ്ദേഹം അറിയിച്ചു. കെ.നാണുവാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ചെയര്‍മാന്‍മാരായ വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, വി.കെ.സുരേഷ് ബാബു, കെ.ശോഭ, കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി.ടി.റംല എന്നിവര്‍ അവതരിപ്പിച്ചു.
















