പത്തനംതിട്ട: ബാംഗ്ലൂരില്‍ നിന്നും പന്തളത്തേക്ക് സ്വകാര്യ വോള്‍വോ എസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിന് ബസ് നിര്‍ത്തി കൊടുക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നടപടിക്ക്. ഗതാഗത വകുപ്പ് കമ്മീഷണര്‍ സംഭവത്തെ കുറിച്ച് അനേ്വഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. ബാംഗ്ലൂര്‍ മടിവാള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ലൈന്‍സ് ബസ് ഉടമയും കമ്മീഷനില്‍ വിശദീകരണം നല്‍കണം.
പത്തനംതിട്ട മാങ്കാട് സ്വദേശിനി കമ്മീഷനില്‍ നല്കിയ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ മകള്‍ വിദേശത്ത് നേഴ്സാണ്. നാട്ടിലെത്തിയ മകളും മരുമകനും മരുമകന്റെ സഹോദരിയെ സന്ദര്‍ശിക്കാന്‍ ബാംഗ്ലൂരില്‍ പോയ ശേഷം പന്തളത്തേക്ക് വരുമ്പോള്‍ ജനുവരി 31 നായിരുന്നു സംഭവം. 31 ന് രാത്രി 9 ന് കേരള ലൈന്‍സ് വോള്‍വേ ബസില്‍ ബാംഗ്ലൂരില്‍ നിന്നും യാത്ര തിരിച്ചു. പുലര്‍ച്ചെ 4 ന് പരാതിക്കാരിയുടെ മകള്‍ക്ക് മൂത്രശങ്ക അനുഭവപ്പെട്ടു. മൂത്രശങ്ക തീര്ക്കാര് തൃശൂരില്‍ ബസ് നിര്‍ത്തി തരണമെന്ന് യുവതിയും ഭര്‍ത്താവും അഭ്യര്‍ത്ഥിച്ചെങ്കിലും ആവശ്യം നിരാകരിക്കപ്പെട്ടു. വഴിയില്‍ നിര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു മറുപടി. അതേസമയം ബസിലുണ്ടായിരുന്ന പൂക്കളും മറ്റും ഇറക്കാന്‍ പല തവണ ബസ് വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തി.
ഇതിനിടെ ബസിലിരുന്ന് മൂത്രം ഒഴിക്കേണ്ട ഗതികേടിലായി പെണ്‍കുട്ടി. വൈറ്റിലയെത്തിയപ്പോള് യുവതിയും ഭര്‍ത്താവും ഇറങ്ങി ഒരു സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് മൂത്രശങ്ക മാറ്റി. വൃത്തികേടായ വസ്ത്രങ്ങള്‍ മാറ്റി പന്തളത്തേക്ക് ടാക്സി കാറില്‍ തിരിച്ചു. ബസില്‍ നിന്നും ഇറങ്ങാന്‍ നേരം എറണാകുളത്ത് നിന്നും പന്തളത്തേക്കുള്ള ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഒരു പെണ്‍കുട്ടിയോട് മനുഷ്യത്വരഹിതമായി പെരുമാറിയ ബസ് സര്‍വീസിനെതിരെ നടപടി വേണമെന്നാണ് ആവശ്യം. എറണാകുളത്ത് നിന്നും പന്തളം വരെ ടാക്സിയില്‍ യാത്രചെയ്തതിന് നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. കേസ് ഏപ്രില്‍ 6 ന് പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: