പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ജനലിന്റെ ചില്ലുകളാണ് തകര്‍ക്കപ്പെട്ടത്.
രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് സംഭവം കണ്ടത്. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയെ വിവരമറിയിച്ചു. ജനല്‍ചില്ലുകള്‍ തകര്‍ക്കാനായി എറിഞ്ഞ കല്ലുകളും ഓഫീസിനുള്ളില്‍ ചിതറി കിടക്കുന്നുണ്ട്. രാത്രി 11 വരെ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന അലിമുക്ക് ജംഗ്ഷനില്‍ ആളുകള്‍ ഉണ്ടാക്കാറുണ്ട്. അതിന് ശേഷമാണ് സംഭവമെന്ന നിഗമനത്തിലാണ് അധികൃതര്‍. സമീപത്തെ വീടുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ പരിശോധിക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുനലൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
















